മുംബൈ: കരുത്തരായ ഇംഗ്ലണ്ടിനെ വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ വന്മാർജിനിൽ കീഴടക്കിയതിന് പിന്നാലെ വാംഖഡെയിൽ ഓസ്ട്രേലിയയ്ക്ക് എതിരെ ചരിത്രജയം കുറിച്ച് ഇന്ത്യൻ വനിതകൾ. ഓസ്‌ട്രേലിയയോട് ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ ജയിച്ചില്ലെന്ന നാണക്കേടിന്റെ ചരിത്രമാണ് വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഹർമൻ പ്രീത് കൗറും സംഘവും തിരുത്തിയത്. ടെസ്റ്റിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഹർമനും സംഘവും സമ്മാനിച്ചത്.

നാല് ദിവസങ്ങളിലുടനീളം ഇന്ത്യക്കായിരുന്നു കളിയിൽ മേൽക്കൈ. ഒരു ഘട്ടത്തിൽ പോലും പ്രതിസന്ധിയുയർത്താൻ ഓസ്‌ട്രേലിയൻ വനിതകൾക്കായില്ല. രണ്ടാം ഇന്നിങ്‌സിൽ 75 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. എട്ടു വിക്കറ്റുകൾ കൈയിലിരിക്കേ ഇന്ത്യ 18.4 ഓവറിൽ ലക്ഷ്യം കണ്ടു. 38 റൺസെടുത്ത സ്മൃതി മന്ദാനയാണ് രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയുടെ ടോപ് സ്‌കോറർ.

മൂന്നാംദിവസം 233-ന് അഞ്ച് എന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയ, നാലാംദിവസം 28 റൺസ് ചേർക്കുന്നതിനിടെ ശേഷിച്ച അഞ്ച് വിക്കറ്റുകൾ കൂടി ആതിഥേയർ വീഴ്‌ത്തി. 261 റൺസിന് ഓസ്‌ട്രേലിയ ആൾഔട്ടായതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 75 റൺസായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. നാലു പന്തിൽനിന്ന് നാല് റൺസെടുത്ത് ഷഫാലി വർമ പുറത്തായി. 33 പന്തിൽനിന്ന് 13 റൺസെടുത്ത് റിച്ച ഘോഷ് റണ്ണൗട്ടുമായി. 60 പന്തിൽനിന്ന് 38 റൺസോടെ സ്മൃതി മന്ദാനയും 15 പന്തിൽനിന്ന് 12 റൺസോടെ ജെമീമ റോഡ്രിഗസുമാണ് വിജയം തൊടുമ്പോൾ ക്രീസിലുണ്ടായിരുന്നത്.

തഹ്ലിയ മക്ഗ്രാത്തിന്റെ അർധ സെഞ്ചുറി ബലത്തിൽ 219 റൺസായിരുന്നു ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് സ്‌കോർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സ്മൃതി മന്ഥാനയുടെയും ജെമീമ റോഡ്രിഗസിന്റെയും റിച്ച ഘോഷിന്റെയും അർധസെഞ്ചുറി കരുത്തിൽ 406 റൺസ് നേടി. 187 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഇന്ത്യനേടിയത്. ബൗളിങ്ങിലെന്ന പോലെ ബാറ്റിങ്ങിലും മികച്ച പ്രകടനം നടത്തിയ ദീപ്തി ശർമയായിരുന്നു ടോപ് സ്‌കോറർ.

സ്മൃതി മന്ദാന(70), റിച്ചാഘോഷ്(52), ജമീമ റോഡ്രിഗസ്(73), ദീപ്തി ശർമ ഉൾപ്പെടെ നാല് അർധ സെഞ്ച്വറിയാണ് ഒന്നാം ഇന്നിങ്‌സിൽ പിറന്നത്. 40റൺസെടുത്ത ഓപണർ ഷഫാലി വർമയും 47 റൺസെടുത്ത പൂജ വസ്ത്രാക്കറും ഇന്ത്യൻ ഇന്നിങ്‌സിന് കരുത്തേകി.

തുടർന്ന് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയ വളരെ കരുതലോടെയാണ് കളിച്ചത്. 105.4 ഓവറിൽ 261 റൺസെടുത്തു. തഹ്ലിയ മഗ്രാത്ത് തന്നെയായിരുന്നു രണ്ടാം ഇന്നിങ്‌സിലും ഓസ്‌ട്രേലിയയുടെ നെടുംതൂണായത്. (177 പന്തിൽനിന്ന് 73 റൺസ്). ബെത്ത് മോണി (33), ഫോബ് ലിച്ച്ഫീൽഡ്(18), എല്ലിസ് പെറി(45), ക്യാപ്റ്റൻ അലിസ ഹീലി (32), അന്നബെൽ സതർലാൻഡ് (27) എന്നിവരാണ് രണ്ടക്കം കടന്ന ബാറ്റർമാർ.

ഇന്ത്യയ്ക്കുവേണ്ടി സ്‌നേഹ് റാണ രണ്ടിന്നിങ്‌സുകളിലായി ഏഴ് വിക്കറ്റ് നേടി. പൂജ വസ്ത്രകാർ അഞ്ച് വിക്കറ്റുകളും സ്വന്തമാക്കി. ഓസ്‌ട്രേലിയയ്ക്കായി ആഷ്‌ലി ഗാർഡ്‌നർ നാലുവിക്കറ്റും നേടി. 46 വർഷത്തിനിടെ ഓസ്ട്രേലിയക്കെതിരേ 10 ടെസ്റ്റ് കളിച്ചെങ്കിലും ഇതുവരെ ഇന്ത്യൻ വനിതകൾക്ക് ജയിക്കാനായിരുന്നില്ല. കരുത്തരായ ഇംഗ്ലണ്ടിനെ കഴിഞ്ഞ ദിവസം ഇതേ ഗ്രൗണ്ടിൽ റെക്കോഡ് മാർജിനിൽ (347 റൺസ്) ഇന്ത്യ തോൽപ്പിച്ചിരുന്നു.