സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കെ.എൽ. രാഹുലിന്റെ മിന്നും സെഞ്ചറിയുടെ മികവിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ. 101 റൺസെടുത്ത പുറത്തായ രാഹുലിന്റെ കരുത്തിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 245 റൺസ് നേടി. മുൻനിര താരങ്ങൾ പരാജയപ്പെട്ടപ്പോൾ രാഹുലാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. അഞ്ച് വിക്കറ്റ് നേടിയ കഗിസോ റബാദയാണ് ഇന്ത്യയെ തകർത്തത്. നന്ദ്രേ ബർഗർ മൂന്ന് വിക്കറ്റ് നേടി. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ മത്സരമാണ് സെഞ്ചൂറിയനിൽ നടക്കുന്നത്.

രണ്ടാം ദിനം 133 പന്തുകളിൽ നിന്നാണ് രാഹുൽ ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ചറി നേടിയത്. അറുപത്തിയഞ്ചാം ഓവറിലെ അവസാന പന്തു സിക്‌സർ പറത്തിയാണ് രാഹുൽ സെഞ്ചറി തികച്ചത്. 137 പന്തുകളിൽ 101 റൺസെടുത്തു താരം പുറത്തായി. 67.4 ഓവറിൽ 245 റൺസെടുത്താണ് ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ പുറത്തായത്.

എട്ടിന് 208 എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം ആരംഭിക്കുന്നത്. രാഹുൽ 70 റൺസുമായി ക്രീസിലുണ്ടായിരുന്നു. ഇന്ന് തുടക്കം മുതൽ ആക്രമിച്ച കളിച്ച വേഗത്തിൽ സെഞ്ചുറി പൂർത്തിയാക്കി. രാഹുൽ വ്യക്തിഗത സ്‌കോർ 95ൽ നിൽക്കെ മുഹമ്മദ് സിറാജ് (5) മടങ്ങിയിരുന്നു. എന്നാൽ പ്രസിദ്ധ് കൃഷണയെ (0) കൂട്ടുപിടിച്ച് രാഹുൽ സെഞ്ചുറി പൂർത്തിയാക്കി. 95ൽ നിൽക്കെ ജെറാൾഡ് കോട്സീക്കിതെിരെ സിക്സ് നേടിയാണ് രാഹുൽ സെഞ്ചുറി പൂർത്തിയാക്കുന്നത്. അടുത്ത ഓവറിൽ താരം പുറത്താവുകയും ചെയ്തു. കരിയറിൽ രാഹുലിന്റെ എട്ടാം സെഞ്ചുറിയാണിത്. സെഞ്ചൂറിയനിൽ രണ്ടാമത്തേതും. 137 പന്തുകൾ നേരിട്ട രാഹുൽ നാല് സിക്സും 14 ഫോറും നേടിയിരുന്നു.

എട്ടു വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഒന്നാം ദിവസം കളി അവസാനിപ്പിച്ചത്. മഴയെത്തുടർന്ന് കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. 59 ഓവറുകൾ മാത്രമായിരുന്നു ആദ്യ ദിവസം കളിക്കാൻ സാധിച്ചത്. പേസർമാരെ തുണയ്ക്കുന്ന പിച്ചിൽ തുടക്കം മുതൽ ഇന്ത്യയ്ക്കു മേൽ ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു മേൽക്കൈ. ഇന്ത്യൻ സ്‌കോർ 13ൽ നിൽക്കെ ഇന്ത്യയ്ക്കു ക്യാപ്റ്റൻ രോഹിത് ശർമയെ നഷ്ടമായി. 14 പന്തുകളിൽ അഞ്ച് റൺസാണു താരം നേടിയത്.

കഗിസോ റബാദയുടെ പന്തിൽ നാന്ദ്രെ ബർഗർ ക്യാച്ചെടുത്താണു രോഹിത് പുറത്തായത്. അധികം വൈകാതെ യശസ്വി ജയ്‌സ്വാളിനെ (37 പന്തിൽ 17) വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു പേസർ നാന്ദ്രെ ബർഗർ. 12 പന്തുകൾ നേരിട്ട ശുഭ്മൻ ഗിൽ നിരാശപ്പെടുത്തി. രണ്ടു റൺസാണു താരത്തിന്റെ സമ്പാദ്യം. മധ്യനിരയിൽ ശ്രേയസ് അയ്യർ പൊരുതി നിൽക്കാൻ ശ്രമിച്ചെങ്കിലും ഇതും അധികം നീണ്ടില്ല. 50 പന്തുകൾ നേരിട്ട അയ്യർ 31 റൺസെടുത്തു ബോൾഡായി. 61 പന്തിൽ 38 റൺസെടുത്ത വിരാട് കോലിയും റബാദയുടെ പന്തിലാണു പുറത്തായത്.

അശ്വിനെ മടക്കി റബാദ വിക്കറ്റ് നേട്ടം നാലാക്കി. ഏഴാം വിക്കറ്റിൽ കെ.എൽ. രാഹുൽ ഷാർദൂൽ ഠാക്കൂർ സഖ്യം 43 റൺസെടുത്തു. 33 പന്തിൽ 24 റൺസെടുത്ത ഠാക്കൂറിനെ പുറത്താക്കി റബാദ് അഞ്ച് വിക്കറ്റ് നേട്ടം പേരിലാക്കി. പിന്നാലെയെത്തിയ ജസ്പ്രീത് ബുമ്രയ്ക്കും (9 പന്തിൽ 1) ഒന്നും ചെയ്യാൻ സാധിച്ചില്ല. രണ്ടാം ദിവസം മുഹമ്മദ് സിറാജാണ് ഇന്ത്യൻ നിരയിൽ ആദ്യം പുറത്തായത്. 22 പന്തുകളിൽ അഞ്ച് റൺസാണു താരം നേടിയത്. സെഞ്ചറിക്കു പിന്നാലെ ബർഗറുടെ പന്തിൽ രാഹുലും മടങ്ങി. ദക്ഷിണാഫ്രിക്ക ബോളർമാരിൽ നാന്ദ്രെ ബർഗർ മൂന്നു വിക്കറ്റും മാർകോ ജാൻസൻ, ജെറാൾഡ് കോട്‌സീ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്‌ത്തി.

മത്സരത്തിൽ നാല് പേസർമാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഷാർദുൽ ഠാക്കൂർ, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പേസർമാർ. പ്രസിദ്ധിനിത് ടെസ്റ്റ് അരങ്ങേറ്റമാണ്. പുറം കഴുത്തിലെ വേദനയെ തുടർന്ന് രവീന്ദ്ര ജഡേജ കളിക്കുന്നില്ല. പകരം ഏക സ്പിന്നറായി ആർ അശ്വിൻ ടീമിലെത്തി. കെ എൽ രാഹുലാണ് വിക്കറ്റ് കീപ്പർ.