- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തേഡ് അമ്പയറെ കാണാതായി; മത്സരം അൽപസമയം നിർത്തി; മെൽബണിൽ ഓസീസ്-പാക് ടെസ്റ്റിനിടെ നാടകീയ സംഭവങ്ങൾ; കാരണമറിഞ്ഞതോടെ ചിരിയടക്കാനാവാതെ വാർണറും അംപയർമാരും ആരാധകരും
മെൽബൺ: കളി തുടങ്ങാൻ സർവ സന്നാഹങ്ങളും തയ്യാറായിരുന്നിട്ടും മെൽബണിൽ ഓസ്‌ട്രേലിയ - പാക്കിസ്ഥാൻ ടെസ്റ്റ് മത്സരം വൈകിയതിന്റെ കാരണം അറിഞ്ഞപ്പോൾ ചിരിയടക്കാനാവാതെ ക്രീസിലുണ്ടായിരുന്ന ഡേവിഡ് വാർണറും ആരാധകരും. മത്സരത്തിന്റെ മൂന്നാം ദിവസത്തിനിടെയാണ് നായകീയ സംഭവം അരങ്ങേറിയത്.
രണ്ടാം സെഷന് ആദ്യ പന്തെറിയാൻ പാക് ബൗളർ തയ്യാറെടുക്കുന്നതിനിടെയാണ് അക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ അതുപെട്ടത് -'തേഡ് അമ്പയറുടെ കസേരയിൽ ആളില്ല'. അതോടെ ആകെ പുകിലായി. അമ്പയർ എങ്ങോട്ട് 'മുങ്ങി'യെന്നതറിയാതെ അധികൃതരും കുഴങ്ങി. മത്സരം നിശ്ചിത സമയത്ത് തുടങ്ങാനാവാതെയായി.
തേഡ് അമ്പയർ റിച്ചാർഡ് ഇല്ലിങ്‌വർത്താണ് രണ്ടാം സെഷൻ തുടങ്ങാനിരിക്കേ, കൃത്യസമയത്ത് കസേരയിലെത്താതെ പോയത്. കളിക്കാരും ഫീൽഡ് അമ്പയർമാരും മൈതാനത്തെത്തിയിട്ടും തേഡ് അമ്പയർ എത്താതിരുന്നതോടെ കളി വൈകുകയായിരുന്നു.
അമ്പയറെ അന്വേഷിച്ചതിനൊടുവിൽ ആളെ കണ്ടെത്തി. ആളെ കാണാതായതിനു പിന്നിലെ കാരണമായിരുന്നു രസകരം. ഒരു കാമറമാനാണ് അമ്പയർ എവിടെയാണെന്ന് അന്വേഷിച്ച് കണ്ടെത്തിയത്. ഉച്ചഭക്ഷണം കഴിഞ്ഞ് സീറ്റിലേക്ക് തിരികെ വരുന്നതിനിടയിൽ ലിഫ്റ്റിൽ കുടുങ്ങിപ്പോയതാണ്!
അതോടെ ആശങ്കകളെല്ലാം തമാശക്ക് വഴിമാറി. ഡേവിഡ് വാർണർ ഉൾപ്പെടെയുള്ള ഓസ്‌ട്രേലിയൻ താരങ്ങൾക്കുവരെ ചിരിയടക്കാനായില്ല. കളിക്കമ്പക്കാർ ട്രോളുകളുമായി രംഗത്തെത്തി. മാച്ച് ഒഫീഷ്യലിനെ കാണാതായതിന്റെ പുകിലിനുപിന്നാലെ കാരണമറിഞ്ഞതോടെ പൊട്ടിച്ചിരിക്കുന്ന വാർണറുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഒടുവിൽ അമ്പയറെ കണ്ടെത്തി സീറ്റിലെത്തിച്ചശേഷമാണ് രണ്ടാം സെഷന് പന്തെറിഞ്ഞ് തുടങ്ങിയത്. അദ്ദേഹം ചിരിച്ചുകൊണ്ട് ഗ്രൗണ്ടിലേക്ക് കൈ വീശി കാണിക്കുന്നുണ്ടായിരുന്നു.
പാക്കിസ്ഥാനെതിരെ ഒന്നാം ഇന്നിങ്സിൽ 54 റൺസിന്റെ ലീഡ് നേടിയ ശേഷം ബാറ്റിങ് ആരംഭിച്ച ഓസീസ് മൂന്നാം ദിനം കളി നിർത്തുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് എന്ന നിലയിലാണ്. തുടക്കത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് എന്ന നിലയിൽ തകർന്ന ഓസിസിനെ അർധ സെഞ്ചുറി നേടിയ മിച്ചൽ മാർഷും സ്റ്റീവ് സ്മിത്തും ചേർന്നാണ് രക്ഷിച്ചത്. 153 റൺസ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്.
മൂന്നാം ദിനമായ ഇന്ന് ഉസ്മാൻ ഖവാജയുടെ (0) വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. അഫ്രീദിയുടെ പന്തിൽ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാന് ക്യാച്ച്. ലബുഷെയ്നും (4) അഫ്രീദിയുടെ പന്തിൽ ഇതേ രീതിയിൽ പുറത്തായി. എട്ട് പന്ത് മാത്രമായിരുന്നു ആയുസ്. ഇടങ്കയ്യന്മാാരായ ഡേവിഡ് വാർണർ (6), ട്രാവിസ് ഹെഡ് (0) എന്നിവരെ അടുത്തടുത്ത പന്തുകളിൽ മിർ ഹംസ ബൗൾഡാക്കി.
മിച്ചൽ മാർഷ് സെഞ്ചുറിക്ക് നാല് റൺസ് അകലെ മിർ ഹംസയുടെ പന്തിൽ ആഗ സൽമാന് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ സ്മിത്തും അഫ്രീദിയുടെ പന്തിൽ പുറത്തായി. നേരത്തെ ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 318നെതിരെ പാക്കിസ്ഥാൻ 264ന് എല്ലാവരും പുറത്തായിരുന്നു.
സ്പോർട്സ് ഡെസ്ക്