സെഞ്ചൂറിയൻ: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് 163 റൺസിന്റെ നിർണായക ഒന്നാം ഇന്നിങ്സ് ലീഡ്. ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 408 റൺസിന് പുറത്തായി. അഞ്ചിന് 256 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 152 റൺസ് കൂടി കൂട്ടിച്ചേർത്ത ശേഷമാണ് പുറത്തായത്.

287 പന്തിൽ നിന്ന് 28 ബൗണ്ടറികളോടെ 185 റൺസെടുത്ത ഓപ്പണർ ഡീൻ എൽഗറാണ് പ്രോട്ടീസിന് മികച്ച സ്‌കോർ സമ്മാനിച്ചത്. മൂന്നാം ദിനം എൽഗർ - മാർക്കോ യാൻസൻ കൂട്ടുകെട്ടാണ് ഇന്ത്യയെ വെള്ളം കുടിപ്പിച്ചത്. 111 റൺസാണ് ഈ സഖ്യം പ്രോട്ടീസ് സ്‌കോറിലേക്ക് ചേർത്തത്. 147 പന്തുകൾ നേരിട്ട് ഒരു സിക്സും 11 ഫോറുമടക്കം 84 റൺസോടെ പുറത്താകാതെ നിന്ന യാൻസന് പക്ഷേ നിർഭാഗ്യവശാൽ സെഞ്ചുറിയിലേക്കെത്താനായില്ല. അവസാന വിക്കറ്റായ നാന്ദ്രെ ബർഗറുടെ (0) കുറ്റി തെറിപ്പിച്ച് ബുംറ പ്രോട്ടീസ് ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു.

ഏയ്ഡൻ മാർക്രം (5), ടോണി ഡി സോർസി (28), കീഗൻ പീറ്റേഴ്സൻ (2), ഡേവിഡ് ബെഡിങ്ങാം (56), കൈൽ വെരെയ്ൻ (4), ജെറാൾഡ് കോട്ട്‌സി (19), കാഗിസോ റബാദ (1) എന്നിവരാണ് പുറത്തായ താരങ്ങൾ. ആദ്യദിനം ഫീൽഡിങിനിടെ പരിക്കേറ്റ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ ബാറ്റിങ്ങിനിറങ്ങിയില്ല. ജസ്പ്രീത് ബുംറ നാലും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി.

ഡീൻ എൽഗാറിന്റെ സെഞ്ചുറി കരുത്തിൽ 256-5 എന്ന നിലയിൽ മൂന്നാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക ലഞ്ചിന് പിരിയുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 392 റൺസെന്ന നിലയിലായിരുന്നു. മൂന്നാം ദിനം ആറാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുയർത്തിയ ഡീൻ എൽഗാർ - മാർക്കോ യാൻസൻ സഖ്യമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നാം ദിനം മേൽക്കൈ നൽകിയത്. 249 റൺസിൽ ഒത്തു ചേർന്ന ഇരുവരും 360 റൺസിലാണ് വേർപിരിഞ്ഞത്. 287 പന്തിൽ 185 റൺസെടുത്ത എൽഗാറിനെ ഷാർദ്ദുൽ താക്കൂർ ഷോർട്ട് ബോളിൽ വിക്കറ്റിന് പിന്നിൽ കെ എൽ രാഹുലിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

നേരത്തേ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 245 റൺസിന് പുറത്തായിരുന്നു. പ്രോട്ടീസ് പേസർമാർക്കെതിരേ പിടിച്ചുനിന്ന് സെഞ്ചുറി നേടിയ കെ.എൽ രാഹുലിന്റെ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. 137 പന്തിൽ നിന്ന് നാല് സിക്‌സും 14 ഫോറുമടക്കം 101 റൺസെടുത്ത രാഹുൽ പത്താമനായാണ് പുറത്തായത്. എട്ടിന് 208 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 37 റൺസ് കൂടി മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ പേസർ കാഗിസോ റബാദയാണ് ഇന്ത്യയെ തകർത്തത്. നാന്ദ്രെ ബർഗർ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.