കേപ്ടൗൺ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ രണ്ട് യുവതാരങ്ങളെ ഉൾപ്പെടുത്തി. ഇന്ത്യൻ എ ടീം നായകൻ അഭിമന്യു ഈശ്വരനെയും പേസർ ആവേശ് ഖാനെയുമാണ് രണ്ടാം ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തിയത്. പരിക്കുമൂലം ടീമിൽ നിന്നൊഴിവാക്കിയ പേസർ മുഹമ്മദ് ഷമിക്ക് പകരക്കാരനായാണ് ആവേശ് ഖാൻ ടീമിലെത്തുന്നത്. നേരത്തെ മുഹമ്മദ് ഷമിയെ ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പരിക്ക് കാരണം പിന്നീട് ഒഴിവാക്കിയിരുന്നു. പകരം ആരെയും ടീമിലെടുത്തതുമില്ല. ഈ ഒഴിവിലാണ് ആവേശ് ഖാൻ ടീമിലെത്തുന്നത്.

എ ടീമിന്റെ ക്യാപ്റ്റനായ അഭിമന്യു ഈശ്വരനും രണ്ടാം ടെസ്റ്റിനുള്ള ടീമിലുണ്ട്. അതേസമയം എ ടീമിനായി അദ്യ ടെസ്റ്റിൽ അർധസെഞ്ചുറി നേടിയ സർഫ്രാസ് ഖാനെ ഇത്തവണയും ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാതെ തഴഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ തിളങ്ങിയ ആവേശ് ഖാൻ നിലവിൽ ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ഇന്ത്യ എ ടീമിനായി നാലു ദിന ടെസ്റ്റിൽ കളിക്കുകയാണ്. രണ്ടാം ടെസ്റ്റിൽ ഇന്ത്യ എക്കായി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ആവേശ് തിളങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ടെസ്റ്റ് ടീമിലേക്ക് വിളിയെത്തുന്നത്. സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യക്കായി പന്തെറിഞ്ഞ പ്രസിദ്ധ് കൃഷ്ണയും ഷാർദ്ദുൽ താക്കൂറും നിരാശപ്പെടുത്തിയിരുന്നു.

ഈ സാഹചര്യത്തിൽ കേപ്ടൗൺ ടെസ്റ്റിൽ ആവേശിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെഞ്ചൂറിയൻ ടെസ്റ്റിൽ ഇന്നിങ്‌സ് തോൽവി വഴങ്ങിയ ഇന്ത്യക്ക് കേപ്ടൗണിലും തോറ്റാൽ സമ്പൂർണ തോൽവി വഴങ്ങേണ്ടിവരും.

അതേ സമയം ആദ്യ ടെസ്റ്റിൽ വൻ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് തിരിച്ചടിയായി ഐസിസിയുടെ നടപടിയും നേരിട്ടു. കുറഞ്ഞ ഓവർ നിരക്കിന് മാച്ച് ഫീസിന്റെ 10 ശതമാനം ടീം ഇന്ത്യ പിഴയൊടുക്കണം. ഒപ്പം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ രണ്ട് പോയിന്റും ഇന്ത്യയ്ക്ക് നഷ്ടമായി. മത്സരത്തിൽ ഇന്നിങ്‌സിനും 32 റൺസിനുമാണ് ഇന്ത്യ തോറ്റത്.

ദക്ഷിണാഫ്രിക്കൻ ഇന്നിങ്‌സിൽ നിശ്ചിത സമയത്ത് എറിയേണ്ടതിനേക്കാൾ രണ്ട് ഓവർ പിന്നിലായിരുന്നു ഇന്ത്യയെന്ന് ഐസിസി വ്യക്തമാക്കി. വൈകുന്ന ഓരോ ഓവറിനും മാച്ച് ഫീസിന്റെ 5 ശതമാനം വീതമാണ് പിഴയീടാക്കുക. ഓരോ ഓവറിനും ഒരു പോയിന്റു വീതം ടെസ്റ്റ് ചാംപ്യൻഷിപ്പ് പട്ടികയിൽ കുറവു വരുത്തുകയും ചെയ്യും. ഇതോടെ പട്ടികയിൽ അഞ്ചാമതായിരുന്ന ഇന്ത്യ ആറാം സ്ഥാനത്തേക്ക് ആവുകയും ചെയ്തു.

ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ദക്ഷിണാഫ്രിക്കയാണ് നിലവിൽ ഒന്നാമതുള്ളത്. ന്യൂസീലൻഡ്, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റ് ടീമുകൾ. ഇന്ത്യയ്ക്കു പുറമെ ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ഓസ്‌ട്രേലിയ ടീമുകൾക്കും മുൻപ് പെനാൽറ്റി പോയിന്റ് ലഭിച്ചിട്ടുണ്ട്. 2025ലാണ് അടുത്ത ചാംപ്യൻഷിപ്പ് ഫൈനൽ.

പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേതുമായ മത്സരം ജനുവരി 3ന് ആരംഭിക്കും. ആദ്യ ടെസ്റ്റിൽ മൂന്നാം ദിനംതന്നെ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകാതിരിക്കാൻ ജയം അനിവാര്യമാണ്. പരുക്കേറ്റ ടെംബ ബാവുമയ്ക്ക് പകരം ഡീൻ എൽഗറാവും ദക്ഷിണാഫ്രിക്കയെ നയിക്കുക. കെ.എൽ.രാഹുലും വിരാട് കോലിയും ഒഴികെയുള്ളവർക്ക് സ്‌കോർ കണ്ടെത്താനാവാതെ വന്നതോടെ ഇന്ത്യ ഇന്നിങ്‌സ് തോൽവി വഴങ്ങുകയായിരുന്നു.

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, മുഹമ്മദ്. സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുമ്ര. പ്രസിദ്ധ് കൃഷ്ണ, കെഎസ് ഭരത്, അഭിമന്യു ഈശ്വരൻ, അവേശ് ഖാൻ