- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് ഇന്നിങ്സിലുമായി പത്ത് വിക്കറ്റ് വീഴ്ത്തി പാറ്റ് കമിൻസ്; നാല് വിക്കറ്റ് വീതം വീഴ്ത്തി മിച്ചൽ സ്റ്റാർക്കും ലിയോണും; മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ പാക്കിസ്ഥാനെ എറിഞ്ഞിട്ട് ഓസ്‌ട്രേലിയ; 79 റൺസ് ജയത്തോടെ പരമ്പര നേട്ടം
മെൽബൺ: നായകൻ പാറ്റ് കമിൻസിന്റെയും പേസർ മിച്ചൽ സ്റ്റാർക്കിന്റെയും ഉജ്ജ്വല ബോളിങ് മികവിൽ മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ പാക്കിസ്ഥാനെ 79 റൺസിന് കീഴടക്കി പരമ്പര നേട്ടവുമായി ഓസ്‌ട്രേലിയ. രണ്ട് ഇന്നിങ്‌സിലും അഞ്ച് വിക്കറ്റുകൾ വീതം നേടിയ കമിൻസ് പാക്ക് ബാറ്റിങ് നിരയുടെ നടുവൊടിച്ചു. ഓസീസ് ഉയർത്തിയ 317 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാക്കിസ്ഥാൻ 67.2 ഓവറിൽ 237ന് പുറത്തായി. സ്‌കോർ: ഓസ്‌ട്രേലിയ 318, 262; പാക്കിസ്ഥാൻ: 264, 237.
ആദ്യ ടെസ്റ്റിൽ 360 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയ ഓസ്‌ട്രേലിയ ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയും സ്വന്തമാക്കി. അവസാന ടെസ്റ്റ് ജനുവരി മൂന്നിന് സിഡ്‌നിയിൽ ആരംഭിക്കും. രണ്ട് ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് വീതം വീഴ്‌ത്തിയ കമ്മിൻസാണ് മത്സരത്തിലെ താരം. ജയത്തോടെ ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്ത്യ ആറാം സ്ഥാനത്താണ്. ആദ്യ ടെസ്റ്റ് മത്സരം ജയിച്ച ദക്ഷിണാഫ്രിക്കയാണ് ഒന്നാം സ്ഥാനത്ത്.
ആദ്യ ഇന്നിങ്‌സിൽ 318 റൺസ് നേടിയ ഓസ്‌ട്രേലിയക്കെതിരെ പാക്കിസ്ഥാൻ 264 റൺസിന് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ആതിഥേയരുടെ നാല് മുൻനിര ബാറ്റർമാരെ 16 റൺസെടുക്കുന്നതിനിടെ പാക് ബൗളർമാർ മടക്കിയെങ്കിലും തുടർന്ന് ഒരുമിച്ച മിച്ചൽ മാർഷും (96) സ്റ്റീവൻ സ്മിത്തും (53) ചേർന്ന് ടീമിനെ കരകയറ്റുകയായിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റർ പീറ്റർ കാരിയും അർധസെഞ്ച്വറിയുമായി പിടിച്ചുനിന്നതോടെ ഓസ്‌ട്രേലിയ 262 റൺസ് അടിച്ചെടുത്താണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. പാക്കിസ്ഥാന് വേണ്ടി ഷഹീൻ ഷാ അഫ്രീദിയും മിർ ഹംസയും നാല് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ആമിർ ജമാൽ രണ്ടുപേരെ മടക്കി.
നാലാംദിനം 6ന് 187 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ 262ന് എല്ലാവരും പുറത്താവുകയായിരുന്നു. മിച്ചൽ സ്റ്റാർക്ക് (9), പാറ്റ് കമിൻസ് (16), നഥാൻ ലയോൺ (11), അലക്‌സ് ക്യാരി (53) എന്നീ ഓസീസ് ബാറ്റർമാരാണ് നാലാംദിനം പുറത്തായത്. ഒരുഘട്ടത്തിൽ 4ന് 16 എന്ന നിലയിൽ പതറിയ ഓസ്‌ട്രേലിയയെ സ്റ്റീവ് സ്മിത്തും (50), മിച്ചൽ മാർഷും (96) ചേർന്ന് കരകയറ്റുകയായിരുന്നു.
317 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് ഓപണർമാരായ അബ്ദുല്ല ഷഫീഖിന്റെയും (4) ഇമാമുൽ ഹഖിന്റെയും (12) വിക്കറ്റുകൾ വേഗത്തിൽ നഷ്ടപ്പെട്ടു. എന്നാൽ, തുടർന്നെത്തിയ ക്യാപ്റ്റൻ ഷാൻ മസൂദും (60) ബാബർ അസമും (41) ചേർന്ന് പിടിച്ചുനിന്നതോടെ പാക്കിസ്ഥാൻ വിജയപ്രതീക്ഷയിലായി. ഷാൻ മസൂദിന് ശേഷമെത്തിയ സൗദ് ഷകീൽ 24 റൺസെടുത്ത് പുറത്തായി.
ആറാം വിക്കറ്റിൽ ഒരുമിച്ച മുഹമ്മദ് റിസ്‌വാനും (35), ആഗ സൽമാനും (50) ചേർന്ന് പാക്കിസ്ഥാനെ വീണ്ടും പ്രതീക്ഷയിലേക്ക് കൊണ്ടുവന്നെങ്കിലും ഇവർ പുറത്തായ ശേഷമെത്തിയ ആമിർ ജമാൽ, ഷഹീൻ അഫ്രീദി, മിർ ഹംസ എന്നിവർ പൂജ്യരായി മടങ്ങിയതോടെ പാക്കിസ്ഥാൻ ഇന്നിങ്‌സിനും വിരാമമായി. അഞ്ച് വിക്കറ്റ് നേടിയ പാറ്റ് കമ്മിൻസിന് പുറമെ മിച്ചൽ സ്റ്റാർക് നാലുപേരെ മടക്കിയപ്പോൾ ശേഷിച്ച വിക്കറ്റ് ജോഷ് ഹേസൽവുഡ് നേടി.
സ്പോർട്സ് ഡെസ്ക്