മെൽബൺ: ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയൻ ടെസ്റ്റിലെ ഇന്നിങ്‌സ് തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിനെയും നായകൻ രോഹിത് ശർമയെയും രൂക്ഷമായി വിമർശിച്ച് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. പ്രതിഭകളും അവസരങ്ങളും ഏറെയുണ്ടെങ്കിലും പ്രതീക്ഷക്കൊത്ത് ഉയരാത്തവരുടെ സംഘമാണ് എല്ലായ്‌പ്പോഴും ഇന്ത്യൻ ടീമെന്ന് മൈക്കൽ വോൺ പരിഹസിച്ചു. പാക്കിസ്ഥാൻ-ഓസ്‌ട്രേലിയ മെൽബൺ ടെസ്റ്റ് മത്സരത്തിന്റെ കമന്ററി പറയുന്നതിനിടെയായിരുന്നു വോൺ ഇന്ത്യൻ ടീമിന്റെ മോശം പ്രകടനത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ചത്.

'ക്രിക്കറ്റിൽ ഇന്ത്യ നിലവാരത്തിനൊത്ത നേട്ടങ്ങൾ സ്വന്തമാക്കാനാവാത്ത ടീമാണ്. എല്ലാ പ്രതിഭയും അവസരവും അവർക്കൊപ്പമുണ്ട്. എന്നിട്ടും അവർക്ക് ഒന്നും ജയിക്കാനാവുന്നില്ല. ഇന്ത്യ വലിയൊരു നേട്ടം സ്വന്തമാക്കിയത് എന്നാണ്?. എല്ലാ സൗകര്യങ്ങളും അവർക്ക് ലഭിക്കുന്നുണ്ട്. ഓസ്ട്രേലിയയിൽ രണ്ട് തവണ ജയിച്ചു. വലിയ നേട്ടമാണിത്. എന്നാൽ ലോകകപ്പുകളുടെ അവസ്ഥ നോക്കൂ. ദക്ഷിണാഫ്രിക്കയിലെ വെല്ലുവിളികളെക്കുറിച്ച് അറിയാവുന്നതാണ്. എന്നാൽ അതിനൊത്ത് പദ്ധതികൾ മെനയുന്നില്ല. പ്രധാനപ്പെട്ട മത്സരങ്ങളൊന്നും ജയിക്കാൻ ഇന്ത്യക്കാവുന്നില്ല. നായകനെന്ന നിലയിൽ രോഹിത് ശർമക്ക് മികച്ച പദ്ധതികളില്ലായിരുന്നു'- മൈക്കൽ വോൺ പറഞ്ഞു.

ഇന്ത്യയിൽ ലഭ്യമായ പ്രതിഭകളും സൗകര്യങ്ങളും കണക്കിലെടുത്താൽ അവർ ഇതുവരെ കാര്യമായി ഒന്നും നേടിയിട്ടില്ല. 2013ലാണ് ഇന്ത്യ അവസാനമായി ഐസിസി കിരീടം നേടിയത്. ധോണിയുടെ നേതൃത്വത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ചാമ്പ്യൻസ് ട്രോഫിയിലാണ് ഇന്ത്യ അവസാനമായി ജേതാക്കളായത്. ലോകകപ്പിൽ തുടർച്ചയായി പത്ത് കളി ജയിച്ചെങ്കിലും ഫൈനലിൽ തോറ്റു. അതിനുശേഷം ദക്ഷണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പരിചയ സമ്പന്നരായ താരങ്ങളുണ്ടായിട്ടും ഇന്ത്യ തോറ്റു. ഇന്ത്യയിലെ പ്രതിഭാധനരായ കളിക്കാരുടെ കാര്യമെടുത്താൽ അവർ ഇതുവരെയൊന്നും നേടിയിട്ടില്ലെന്നും വോൺ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയത്. ദക്ഷിണാഫ്രിക്കയിൽ കന്നി ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയെ ഇന്നിങ്സിനും 32 റൺസിനുമാണ് ആതിഥേയർ തകർത്തുവിട്ടത്. രോഹിത് ശർമ, വിരാട് കോലി, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, ജസ്പ്രീത് ബുംറ എന്നിവരെല്ലാം ഉണ്ടായിട്ടും ഇന്ത്യക്ക് പൊരുതാൻ പോലുമായില്ല. ആദ്യ ഇന്നിങ്സിൽ 245 റൺസാണ് ഇന്ത്യ നേടിയത്.

രണ്ടാം ഇന്നിങ്സിൽ 131 റൺസിനും ഇന്ത്യ കൂടാരം കയറി. നായകനെന്ന നിലയിൽ രോഹിത് ശർമക്ക് ഒന്നും ചെയ്യാനായില്ല. തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് രോഹിത് ബാറ്റിങ്ങിൽ കാഴ്ചവെച്ചത്. നായകനെന്ന നിലയിലും അദ്ദേഹത്തിന് പ്രതീക്ഷിച്ച നിലവാരം കാട്ടാനായില്ല.

നായകനെന്ന നിലയിൽ മുന്നിൽ നിന്ന് നയിക്കാൻ രോഹിത് ശർമക്ക് സാധിക്കുന്നില്ല. ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിയുടെ ക്ഷീണം രോഹിത്തിനെ വേട്ടയാടുന്നു. ഒന്നാം ടെസ്റ്റിൽ മോശം ഷോട്ട് കളിച്ചാണ് രോഹിത് പുറത്തായത്. നായകനെന്ന നിലയിൽ ക്ഷമയോടെ പിടിച്ചുനിന്ന് റൺസുയർത്താനുള്ള ശ്രമം രോഹിത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. നിർണ്ണായകമായ രണ്ടാം ഇന്നിങ്സിൽ അക്കൗണ്ട് തുറക്കും മുമ്പ് രോഹിത് കൂടാരം കയറി. ഇന്ത്യക്ക് പോസിറ്റീവായി എടുത്തു പറയാൻ സാധിക്കുന്നത് വളരെ ചുരുക്കം കാര്യങ്ങളാണ്. കെ എൽ രാഹുലിന്റെ സെഞ്ച്വറി പ്രകടനം രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.

വിരാട് കോലി ആദ്യ ഇന്നിങ്സിൽ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. രണ്ടാം ഇന്നിങ്സിൽ അർധ സെഞ്ച്വറിയും നേടി. ബൗളിങ് നിരയിൽ ജസ്പ്രീത് ബുംറയാണ് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്. എന്നാൽ ശാർദ്ദുൽ ടാക്കൂറിനും പ്രസിദ്ധ് കൃഷ്ണക്കും നിലവാരത്തിനൊത്ത് ഉയരാൻ സാധിക്കുന്നില്ല. ദക്ഷിണാഫ്രിക്കയിലെ പേസ് പിച്ചിൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമല്ലെന്ന് ആദ്യ മത്സരത്തിലൂടെത്തന്നെ വ്യക്തം. രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടീമിലേക്ക് രവീന്ദ്ര ജഡേജ തിരിച്ചെത്തുമെന്നാണ് വിവരം. അങ്ങനെ വരുമ്പോൾ അശ്വിൻ പുറത്താവും.

രവീന്ദ്ര ജഡേജയുടെ വരവ് ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യക്ക് കരുത്താവുമെന്നുറപ്പാണ്. എന്നാൽ മുഹമ്മദ് ഷമിയുടെ വിടവ് ആര് നികത്തുമെന്നതാണ് പ്രധാന ചോദ്യം. പ്രസിദ്ധ് കൃഷ്ണയും ശാർദ്ദുൽ ടാക്കൂറും റൺസ് വിട്ടുകൊടുക്കാൻ മടികാട്ടുന്നില്ല. മുഹമ്മദ് സിറാജും വലിയ മികവ് കാട്ടുന്നില്ല. ദക്ഷിണാഫ്രിക്ക തട്ടകത്തിന്റെ ആധിപത്യം മുതലാക്കി കളിക്കുമ്പോൾ ഇന്ത്യക്ക് ഒന്നും ചെയ്യാനാവുന്നില്ലെന്നതാണ് വസ്തുത.

ഇന്ത്യക്ക് ജയിക്കാൻ ബാറ്റിങ് നിര മികവ് കാട്ടണം. നന്നായി തുടങ്ങാൻ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. രോഹിത് ശർമ, ശുബ്മാൻ ഗിൽ, വിരാട് കോലി, യശ്വസി ജയ്സ്വാൾ എന്നിവരെല്ലാം ചേർന്ന് ഇന്ത്യക്ക് അടിത്തറ പാവുകയും 400ന് മുകളിൽ സ്‌കോറിലേക്കെത്തുകയും ചെയ്താൽ ബൗളർമാർക്കും അത് ആത്മവിശ്വാസം നൽകും. അല്ലാത്ത പക്ഷം ഇന്ത്യക്ക് വിജയ വഴിയിലേക്കെത്തുക കടുപ്പമായിരിക്കുമെന്നുറപ്പ്.