- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേപ്ടൗൺ ടെസ്റ്റിന് തൊട്ടുമുമ്പ് ഇന്ത്യക്ക് തിരിച്ചടി! പരിശീലനത്തിനിടെ തോളിൽ പന്തിടിച്ച് ശാർദുൽ താക്കൂറിന് പരിക്ക്; രവീന്ദ്ര ജഡേജ ടീമിൽ തിരിച്ചെത്തിയേക്കും; ദക്ഷിണാഫ്രിക്കയെ വലച്ച് ജെറാൾഡ് കോയെറ്റ്സിയുടെ പരിക്ക്
സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടന്ന പരിശീലന സെഷനിടെ ഇന്ത്യൻ താരം ശാർദുൽ താക്കൂറിന് പരിക്കേറ്റു. ബാറ്റിങ് പരിശീലനത്തിനിടെ ബാറ്റിങ് കോച്ച് വിക്രം റാത്തോർ ത്രോഡൗൺ ചെയ്ത പന്ത് ശാർദുലിന്റെ തോളിലിടിക്കുകയായിരുന്നു. പരിക്കേറ്റ ഷാർദുൽ ഠാക്കൂർ രണ്ടാം ടെസ്റ്റിൽ കളിച്ചേക്കില്ല
വിക്രം റാത്തോർ എറിഞ്ഞ പന്ത് അപ്രതീക്ഷിതമായി ബൗൺസ് ചെയ്യുകയായിരുന്നു. ഇതോടെ ശാർദുലിന് ഒഴിഞ്ഞുമാറാൻ സാധിച്ചില്ല. വേദനകൊണ്ട് പുളഞ്ഞ താരം നെറ്റ്സിൽ പിന്നീട് ബാറ്റിങ് തുടർന്നിരുന്നു. പരിശീലന സെഷൻ പൂർത്തിയാക്കിയ ശേഷം ഫിസിയോ ശാർദുലിന്റെ തോളിൽ ഐസ് പാക്ക് വെയ്ക്കുന്നതും കാണാമായിരുന്നു.
പരിക്ക് ഗുരുതരമാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. താരത്തെ സ്‌കാനിങിനു വിധേയനാക്കി വിശദമായ പരിശോധനകൾ നടത്തും. ജനുവരി മൂന്നിനാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. അതിനു മുൻപ് താരം ആരോഗ്യം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം പരിക്കിൽ നിന്നും മോചിതനായ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ രണ്ടാം ടെസ്റ്റിൽ കളിച്ചേക്കും. ആദ്യ ടെസ്റ്റ് പരാജയപ്പെട്ട ഇന്ത്യയ്ക്ക് പരമ്പര കൈവിടാതിരിക്കാൻ രണ്ടാം ടെസ്റ്റിൽ ജയം അനിവാര്യമാണ്.
ദക്ഷിണാഫ്രിക്കൻ നിരയെയും പരിക്ക് വലയ്ക്കുന്നുണ്ട്. നായകൻ തെംബ ബാവുമയ്ക്കൊപ്പം പേസർ ജെറാൾഡ് കോയെറ്റ്സിയും രണ്ടാം ടെസ്റ്റിൽ കളിക്കില്ലെന്ന് ഉറപ്പായി. അടിവയറിലെ വേദനയെ തുടർന്നു കോയെറ്റ്സിക്ക് വിശ്രമം നൽകുകയാണെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ജനുവരി മൂന്നിനാണ് രണ്ടാം ടെസ്റ്റ് തുടങ്ങുക.
തുടയ്ക്കേറ്റ പരിക്കിനെ തുടർന്നാണ് നായകൻ ബാവുമ പിന്മാറിയത്. ഇതോടെ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ ഡീൻ എൽഗാർ നയിക്കും. എൽഗാറിന്റെ വിടവാങ്ങൽടെസ്റ്റ് കൂടിയാണിത്. ആദ്യ ടെസ്റ്റിൽ ഇന്നിങ്സ് വിജയം നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് കേപ് ടൗണിൽ സമനില നേടിയാലും പരമ്പര സ്വന്തമാക്കാം.
ആദ്യ ടെസ്റ്റിൽ ബാവുമ പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്നെങ്കിലും പരിക്കുമൂലം ഗ്രൗണ്ടിലിറങ്ങാനായിരുന്നില്ല. ദക്ഷിണാഫ്രിക്കക്കായി ബാറ്റിംഗിനും ബാവുമ ഇറങ്ങിയില്ല. ഇതോടെ ആദ്യ ടെസ്റ്റിലും ക്യാപ്റ്റൻ സ്ഥാനത്ത് ബാവുമയുടെ പേരായിരുന്നെങ്കിലും ദക്ഷിണാഫ്രിക്കയെ നയിച്ചത് എൽഗാർ തന്നെയായിരുന്നു.
പരിക്ക് ഭേദമാകാത്തതിനാൽ ബാവുമയെ രണ്ടാം ടെസ്റ്റിനുള്ള ടീമിൽ നിന്നും ഒഴിവാക്കിയതോടെയാണ് എൽഗാറിനെ അവസാന ടെസ്റ്റിനുള്ള ദക്ഷിണാഫ്രിക്കയുടെ നായകനായി തെരഞ്ഞെടുത്തത്. ആദ്യ ടെസ്റ്റിൽ 185 റൺസുമായി ദക്ഷിണാഫ്രിക്കയ്ക്ക് നിർണായക ലീഡ് സമ്മാനിച്ചത് എൽഗാറിന്റെ ബാറ്റിംഗായിരുന്നു. ആദ്യ ടെസ്റ്റിൽ മാൻ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടതും എൽഗാർ തന്നെയായിരുന്നു.
ബാവുമക്ക് പകരം സുബൈർ ഹംസയാണ് രണ്ടാം ടെസ്റ്റിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ ഇടം നേടിയത്. ദക്ഷിണാഫ്രിക്കൻ നായകനായിരുന്ന എൽഗാറിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ വർഷത്തെ ടെസ്റ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 2-1ന് തോൽപ്പിച്ച് പരമ്പര നേടിയത്.
സ്പോർട്സ് ഡെസ്ക്