കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര നേടാമെന്ന ഇന്ത്യൻ ടീമിന്റെ സ്വപ്‌നം പൊലിഞ്ഞതിന് പിന്നാലെ രോഹിത് ശർമ്മയുടെ നായകസ്ഥാനം ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം എസ് ബദരീനാഥ്. ഓപ്പണറെന്ന നിലയിൽ രണ്ട് ഇന്നിങ്‌സിലും നിരാശപ്പെടുത്തിയ ക്യാപ്റ്റൻ രോഹിത് ശർമ നായകനായും മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് ബദരീനാഥ് വിമർശിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ രോഹിത് ശർമയുടെ ക്യാപ്റ്റൻസി ചോദ്യം ചെയ്താണ് ബദ്രീനാഥ് രംഗത്തെത്തിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ടീം ഇന്ത്യ വലിയ മാർജിനിൽ തോറ്റതിനു പിന്നാലെയാണ് ബദ്രീനാഥിന്റെ വിമർശനം. വിരാട് കോലി വീണ്ടും ഇന്ത്യയെ നയിക്കണമെന്നാണു താരത്തിന്റെ വാദം. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ കോലിക്ക് അസാമാന്യ റെക്കോർഡാണുള്ളത്. ക്യാപ്റ്റനായി മാത്രം ടെസ്റ്റിൽ 52 റൺസ് ശരാശരിയിൽ കോലി 5000 ലേറെ റൺസടിച്ചിട്ടുണ്ട്. ക്യാപ്റ്റനായ 68 ടെസ്റ്റുകളിൽ 40 ജയവും 18 തോൽവിയുമാണ് കോലിയുടെ പേരിലുള്ളത്. എന്നിട്ടും എന്തുകൊണ്ടാണ് കോലിയെ ടെസ്റ്റിൽ നായകനാക്കാത്തതെന്ന് ബദരീനാഥ് യുട്യൂബ് വീഡിയോയിൽ ചോദിച്ചു.

''ഓസ്‌ട്രേലിയ സീരിസിൽ കോലി ഇന്ത്യയെ വിജയത്തിലേക്കു നയിച്ചു. ഗ്രേയം സ്മിത്ത്, റിക്കി പോണ്ടിങ്, സ്റ്റീവ് വോ എന്നിവർക്കു ശേഷം ടെസ്റ്റിൽ കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റനാണു കോലി. അദ്ദേഹം എന്താണ് ഇന്ത്യയെ നയിക്കാത്തത്?'' ബദ്രീനാഥ് യുട്യൂബ് ചാനലിലെ വിഡിയോയിൽ ചോദിച്ചു.

''പ്രധാനപ്പെട്ട ഈ ചോദ്യം ഉയർത്താൻ ഞാൻ ആഗ്രഹിക്കുന്നു. കോലി മികച്ചൊരു ടെസ്റ്റ് ബാറ്ററാണ്. കോലിയും രോഹിത് ശർമയും തമ്മിൽ ഒരു താരതമ്യം പോലും സാധ്യമല്ല. ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോലി വലിയ താരമാണ്. എല്ലായിടത്തും അദ്ദേഹം മികച്ച പ്രകടനം നടത്തി. കോലി നയിക്കാതെ ദുർബലനായ മറ്റൊരു താരം നയിക്കുന്നതെന്തിന്? അദ്ദേഹം ഒരു ഓപ്പണറെന്ന നിലയിൽ പോലും ഒന്നും തെളിയിച്ചിട്ടില്ലെന്നാണ് എന്റെ അഭിപ്രായം.''

'അദ്ദേഹത്തിന്റെ പ്രകടനം കൂടി പരിഗണിക്കേണ്ടതാണ്. ഇന്ത്യയ്ക്കു പുറത്ത് ഓപ്പണിങ് ബാറ്ററെന്ന നിലയിൽ മികച്ച പ്രകടനം നടത്താൻ രോഹിത് ശർമയ്ക്കു സാധിച്ചിട്ടില്ലെന്നാണ് എനിക്കു തോന്നുന്നത്. പിന്നെന്തിനാണ് രോഹിത് ശർമ അവിടെയുള്ളത്.?'' ബദ്രീനാഥ് ചോദിച്ചു. ക്യാപ്റ്റനെന്ന നിലയിൽ 58 ശതമാനം വിജയ ശതമാനം ഉള്ള താരമാണു വിരാട് കോലി. ഇന്ത്യ ആദ്യമായി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലെത്തിയത് കോലിക്കു കീഴിലാണ്.

ടെസ്റ്റിലെ ബാറ്റിംഗിന്റെ കാര്യമെടുത്താൽ കോലിയും രോഹിത്തും തമ്മിൽ താരതമ്യം പോലും ചെയ്യാനാവില്ല. ടെസ്റ്റിൽ കോലി വലിയ താരമാണ്. വിദേശ പിച്ചുകളിൽ മികവ് കാട്ടിയിട്ടുമുണ്ട്. ടെസ്റ്റിൽ ഓപ്പണറായി ഇനിയും തെളിയിക്കേണ്ടിയിരിക്കുന്ന സാങ്കേതികമായി കോലിയെക്കാൾ പിന്നിലായ ടെസ്റ്റ് ടീമിന് അകത്തും പുറത്തുമായി നിന്നിരുന്ന രോഹിത്തിനെ ക്യാപ്റ്റനാക്കിയതിന് പിന്നിലെ യുക്തി എനിക്ക് മനസിലാവുന്നതേയില്ല. വിദേശ പിച്ചുകളിൽ ഓപ്പണറെന്ന നിലയിൽ രോഹിത് ഇനിയും കഴിവ് തെളിയിച്ചിട്ടില്ലെന്നും ബദരീനാഥ് പറഞ്ഞു.

ടെസ്റ്റ് കരിയറിൽ 53 മത്സരങ്ങളിൽ 45.45 ശരാശരിയിൽ 3682 റൺസാണ് രോഹിത് നേടിയത്. പക്ഷെ ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ രോഹിത്തിന് അത്ര മികച്ച റെക്കോർഡല്ല ഉള്ളത്. ഈ നാലു രാജ്യങ്ങളിലുമായി കളിച്ച 21 ടെസ്റ്റുകളിലെ 42 ഇന്നിങ്‌സുകളിൽ നിന്നായി 30.30 ശരാശരിയിൽ 1182 റൺസാണ് രോഹിത് ഇതുവരെ നേടിയത്.