- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ ബാറ്റിങ് അത്ര അനായാസമല്ല; പന്ത് കൂടുതൽ സീം ചെയ്യും; എന്റെ അറിവിൽ ഇവിടെ നന്നായി കളിച്ചിട്ടുള്ളത് സച്ചിൻ മാത്രം'; തുറന്നു പറഞ്ഞ് അലൻ ഡൊണാൾഡ്; ദക്ഷിണാഫ്രിക്കയിൽ 1000 ലേറെ റൺസ് നേടിയ രണ്ടാമത്തെ വിദേശതാരവും സച്ചിൻ
കേപ്ടൗൺ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഒരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കൻ പേസ് ഇതിഹാസം അലൻ ഡൊണാൾഡ്. ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ ബാറ്റിങ് അത്ര അനായാസമല്ല. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും പന്ത് സീം ചെയ്യുന്നതിനെക്കാൾ ദക്ഷിണാഫ്രിക്കയിൽ പന്ത് സീം ചെയ്യും. നിങ്ങളുടെ ഫൂട്വർക്ക് 100 ശതമാനം ശരിയല്ലെങ്കിൽ ശരിക്കും പെടുമെന്നും ഡൊണാൾഡ് വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടതോടെ കടുത്ത സമ്മർദ്ദത്തിലാണ് ഇന്ത്യൻ ടീം അംഗങ്ങൾ. ബാറ്റിങ് നിര സമ്പൂർണ പരാജയമായപ്പോൾ ഇന്ത്യ ഇന്നിങ്‌സ് തോൽവി വഴങ്ങിയിരുന്നു. കേപ്ടൗണിലെ രണ്ടാം ടെസ്റ്റിലും തോറ്റാൽ പുതുവർഷത്തിൽ ഇന്ത്യയെ കാത്തിരിക്കുന്നത് പരമ്പര നഷ്ടമെന്ന നാണക്കേടാണ്. സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ ആദ്യ ഇന്നിങ്‌സിൽ കെ എൽ രാഹുലും രണ്ടാം ഇന്നിങ്‌സിൽ വിരാട് കോലിയും മാത്രമെ ഇന്ത്യക്കായി തിളങ്ങിയുള്ളു. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ബാറ്റർമാർക്ക് മുന്നറിയിപ്പുമായി അലൻ ഡൊണാൾഡ് രംഗത്ത് വന്നത്.
ഇന്ത്യൻ ബാറ്റർ എക്കാലത്തും ദക്ഷിണാഫ്രിക്കയിൽ പരാജയപ്പെട്ടിട്ടുണ്ടെന്നും ബാറ്റിങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ മാത്രമാണ് ഇവിടെ മികച്ച പ്രകടനം പുറത്തെടുത്ത ഒരേയൊരു ഇന്ത്യൻ ബാറ്ററെന്നും അലൻ ഡൊണാൾഡ് പറയുന്നു. എന്റെ അറിവിൽ ഇവിടെ നന്നായി കളിച്ചിട്ടുള്ളത് സച്ചിൻ മാത്രമാണ്. മിഡിൽ സ്റ്റംപിൽ നിന്ന് പന്തുകൾ ലീവ് ചെയ്യുന്നതിൽ സച്ചിൻ പുറത്തെടുത്ത മികവ് അസാമാന്യമായിരുന്നു.
ദക്ഷിണാഫ്രിക്കയിലെ പേസും ബൗൺസും നിറഞ്ഞ പിച്ചിൽ കൂക്കാബുറ പന്തുകളെ നേരിടുക എന്നത് ലോകത്ത് മറ്റ് ടീമുകൾക്കെല്ലാം കടുത്ത വെല്ലുവിളിയാണ്. 'ഞങ്ങൾക്കെതിരെ ഏറ്റവും സമർഥമായി ആധികാരികമായി ബാറ്റ് വീശിയ ഏക താരം എന്റെ അനുഭവത്തിൽ സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ്. മിഡിൽ സ്റ്റംപിനു നേർക്കെറിയുന്ന പന്തുകളെ സച്ചിൻ മുന്നോട്ടു കയറി പ്രതിരോധിക്കാറുണ്ടായിരുന്നു.'
'ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും കളിക്കുന്നതു പോലെ അല്ല. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ബാറ്ററുടെ അതിജീവനം അത്ര എളുപ്പമല്ല. കാലങ്ങളായി അത് നാം കാണുന്നു. മികച്ച ഫൂട് വർക്കില്ലെങ്കിൽ നിങ്ങൾ കുഴപ്പത്തിൽപ്പെടും'- ഡൊണാൾഡ് വ്യക്തമാക്കി.
രണ്ടാം ടെസ്റ്റിനു മുന്നോടിയായി ഇന്ത്യൻ ബാറ്റർമാർക്കു നിർണായക ഉപദേശമാണ് ഡൊണാൾഡ് നൽകിയിരിക്കുന്നത്. ഇവിടെ നിങ്ങൾ ബോൾ ലീവ് ചെയ്യുകയാണെങ്കിൽ റൺസ് സ്‌കോർ ചെയ്യാൻ കഴിയും. ബൗളർമാർ നിങ്ങളിലേക്കു വരികയും വിക്കറ്റിനു വേണ്ടി കൂടുതലായി ശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്. ബൗളർമാർ നിങ്ങളിലേക്കു വരികയാണെങ്കിൽ സ്‌കോർ ചെയ്യാനുള്ള അവസരങ്ങളും കൂടുതൽ മെച്ചപ്പെടുമെന്നും ഡൊണാൾഡ് ഉപദേശിക്കുന്നു.
ഇതു വളരെ താൽപ്പര്യമുണർത്തുന്ന പ്രതിഭാസമാണ്, ബാറ്റിങ് കൂടുതൽ കടുപ്പവുമാണ്. കേപ്ടൗണിലേതും വളരെ മികച്ച ടെസ്റ്റ് പിച്ചായിരിക്കും. വളരെ വേഗത്തിൽ അതു ഫ്ളാറ്റായി തീരുകയും ചെയ്യും. അതുകൊണ്ടു തന്നെ നിങ്ങൾക്കു വളരെ കഠിനമായി അധ്വാനിക്കേണ്ടതായി വരുമെന്നും ഡൊണാൾഡ് കൂട്ടിച്ചേർത്തു. സൗത്താഫ്രിക്കയിൽ ഇതുവരെ ടെസ്റ്റ് പരമ്പര ജയിക്കാൻ ഇന്ത്യക്കായിട്ടില്ല. ഈ ചീത്തപ്പേര് ഇത്തവണയും തിരുത്താനാവാതെയാണ് രോഹിത്തും സംഘവും മടങ്ങുക. അടുത്ത ടെസ്റ്റിൽ ജയിച്ചാൽ പരമ്പര 1-1നു സമനിലയിൽ അവസാനിപ്പിക്കാൻ ഇന്ത്യക്കു കഴിയും.
1992- 93 പുര്യടനത്തിലാണ് സച്ചിൻ ആദ്യമായി ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് സെഞ്ച്വറി നേടുന്നത്. 111 റൺസാണ് അന്ന് ജൊഹന്നാസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ നേടിയത്. 19 വയസും 217 ദിവസവും പിന്നിട്ടപ്പോൾ പിറന്ന ഈ സെഞ്ച്വറിയിലൂടെ സച്ചിൻ ടെസ്റ്റ് ക്രിക്കറ്റിൽ 1000 റൺസെന്ന നാഴികക്കല്ലും പിന്നിട്ടു.
ദക്ഷിണാഫ്രിക്കയിൽ അഞ്ച് സെഞ്ചുറി നേടിയിട്ടുള്ള സച്ചിന്റെ ഉയർന്ന സ്‌കോറായ 169 റൺസ് പിറന്നത് 1997ൽ കേപ്ടൗണിലായിരുന്നു. 1992-93 പര്യടനത്തിലായിരുന്നു സച്ചിൻ ദക്ഷിണാഫ്രിക്കയിൽ ആദ്യ സെഞ്ചുറി നേടിയത്. ഡൊണാൾഡ് അടക്കമുള്ള ബൗളിങ് നിരക്കെതിരെ ജൊഹാനസ്ബർഗഹിൽ സച്ചിൻ 111 റൺസടിച്ചു. 2001ൽ ബ്ലൂഫൊണ്ടെയ്‌നിൽ സച്ചിൻ 155 റൺസടിച്ചു.
2010ൽ സെഞ്ചൂറിയനിലും സച്ചിൻ സെഞ്ചുറി(111) നേടി. ഇത് സച്ചിന്റെ അമ്പതാം ടെസ്റ്റ് സെഞ്ചുറി കൂടിയാണ്. 2011ൽ കേപ്ടൗണിൽ സച്ചിൻ 146 റൺസും നേടി. സച്ചിന്റെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ ആദ്യമായി ദക്ഷിണാഫ്രിക്കയിൽ പരമ്പര സമനിലയാക്കിയത്. ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയിൽ 1000 റൺസിലേറെ റൺസ് നേടുന്ന രണ്ടാമത്തെ മാത്രം വിദേശ ബാറ്ററാണ് സച്ചിൻ. 1927-1939ൽ 1447 റൺസ് നേടിയിട്ടുള്ള ഇംഗ്ലണ്ടിന്റെ വാൾട്ടർ ഹാമണ്ടാണ് ആദ്യ ബാറ്റർ.
സച്ചിൻ ടെസ്റ്റിൽ 15,921 റൺസാണ് അടിച്ചത്. ഇതിൽ ദക്ഷിണാഫ്രിക്കയിൽ മാത്രം ടെസ്റ്റിൽ നേടിയത് 1161 റൺസ്. അഞ്ച് സെഞ്ച്വറികളും പ്രോട്ടീസ് മണ്ണിൽ ലിറ്റിൽ മാസ്റ്റർക്കുണ്ട്. ടെണ്ടുൽക്കർക്ക് മുൻപ് ആദ്യമായി ദക്ഷിണാഫ്രിക്കൻ മണ്ണിൽ 1000 റൺസ് തികച്ച ഏക ബാറ്റർ ഇംഗ്ലണ്ടിന്റെ വാൾട്ടർ ഹാമണ്ട് മാത്രമാണ്. അതിനു ശേഷം 1000 കടന്ന ഏക ബാറ്ററും സച്ചിനാണ്. ഇന്നും ഇരുവരും മാത്രമാണ് ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഈ നേട്ടത്തിലുള്ളത്. 15 കളികളിൽ നിന്നു ഹാമണ്ട് ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ അടിച്ചത് 1447 റൺസാണ്.
സ്പോർട്സ് ഡെസ്ക്