കറാച്ചി: ഏകദിന ലോകകപ്പിൽ പാക്കിസ്ഥാൻ സെമി കാണാതെ പുറത്തായതിന് പിന്നാലെ ബാബർ അസം ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞതോടെ ട്വന്റി 20 ടീമിന്റെ നായകനായി ഷഹീൻ അഫ്രീദിയെയാണ് തെരഞ്ഞെടുത്തത്. എന്നാൽ ഷഹീനെ നായകനാക്കിയതിൽ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ പാക് നായകനും ഷഹീൻ അഫ്രീദിയുടെ ഭാര്യ പിതാവുമായ ഷഹീദ് അഫ്രീദി.

ഷഹീൻ അഫ്രീദിക്ക് പകരം പാക്കിസ്ഥാൻ നായകനാവേണ്ടിയിരുന്നത് മുഹമ്മദ് റിസ്വാനായിരുന്നുവെന്നും അബദ്ധത്തിലാണ് ഷഹീൻ അഫ്രീദി നായകനായതെന്നുമാണ് അഫ്രീദി പറഞ്ഞത്. ഷഹീദ് അഫ്രീദി ഫൗണ്ടേഷൻ അടുത്തിടെ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ ഷഹീൻ അഫ്രീദി, മുഹമ്മദ് റിസ്വാൻ, സർഫ്രാസ് അഹമ്മദ്, ഹാരിസ് റൗഫ് എന്നിവരെ വേദിയിലിരുത്തിയാണ് ഷാദിഹ് അഫ്രീദി ഇക്കാര്യം പറഞ്ഞത്. ഷാഹിദ് അഫ്രീദിയുടെ പരാമർശത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.

റിസ്വാന്റെ കഠിനാധ്വാനത്തെയും സമർപ്പണത്തെയും ഞാനേറെ ബഹുമാനിക്കുന്നു. എല്ലായ്‌പ്പോഴും ക്രിക്കറ്റിൽ മാത്രമാണ് അവന്റെ ശ്രദ്ധ.അതാണെനിക്ക് ഏറ്റവും ഇഷ്ടമായതും. അവൻ യഥാർത്ഥ പോരാളിയാണ്. ബാബർ അസമിന്റെ പിൻഗാമിയായി പാക്കിസ്ഥാൻ ടി20 ടീമിന്റെ നായകനാവേണ്ടിയിരുന്നത് ശരിക്കും റിസ്വാനാണ്. അബദ്ധത്തിൽ ഷഹീൻ അഫ്രീദി പാക്കിസ്ഥാൻ നായകനാവുകയായിരുന്നുവെന്നും അഫ്രീദി പറഞ്ഞു.

ഷഹീദ് അഫ്രീദിയുടെ മകൾ അൻഷ അഫ്രീദിയെ ആണ് ഷഹീൻ അഫ്രീദി വിവാഹം ചെയ്തിരിക്കുന്നത്. ടി20 ക്യാപ്റ്റനെന്ന നിലയിൽ ജനുവരി 12 മുതൽ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലാണ് ഷഹീൻ അഫ്രീദി അരങ്ങേറുക. അഞ്ച് മത്സരങ്ങളാണ് ടി0 പരമ്പരയിലുള്ളത്. ഏകദിന ലോകകപ്പ് തോൽവിക്ക് പിന്നാലെ ബാബർ അസമിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റി ഷാൻ മസൂദിനെ ടെസ്റ്റ് ക്യാപ്റ്റനായും ഷഹീൻ അഫ്രീദിയെ ടി20 ക്യാപ്റ്റനായും തെരഞ്ഞെടുത്തിരുന്നു.

ഈ വർഷം ജൂണിൽ വെസ്റ്റ് ഇൻഡീസലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിലും ഷഹീൻ അഫ്രീദിയായിരിക്കും പാക്കിസ്ഥാനെ നയിക്കുക. അടുത്ത നവംബറിൽ മാത്രമാണ് ഇനി ഏകദിനങ്ങൾ കളിക്കുന്നുള്ളു എന്നതിനാൽ ഏകദിന ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല.