മുംബൈ: ഇന്ത്യ, പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമുകൾ തമ്മിൽ ഇപ്പോൾ വലിയ വ്യത്യാസം പാക്കിസ്ഥാൻ ഇന്ത്യയെ തോൽപിക്കുകയാണെങ്കിൽ അത് അട്ടിമറിയും, തിരിച്ചാണെങ്കിൽ അതൊരു സാധാരണ വിജയവുമാണെന്നും മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഒരു സ്പോർട്സ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

"പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യൻ ടീമിനു മേൽ ആധിപത്യം പുലർത്തിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ഇരു ടീമുകളുടേയും പ്രകടനത്തിന്റെ നിലവാരത്തിൽ ഇപ്പോൾ വലിയ അന്തരമുണ്ട്." ഗൗതം ഗംഭീർ വ്യക്തമാക്കി.

"ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും പാക്കിസ്ഥാനേക്കാൾ എത്രയോ മുന്നിലാണ് ഇപ്പോൾ ഇന്ത്യയുള്ളത്. ഇരു ടീമുകളും തമ്മിലുള്ള മത്സരങ്ങളുടെ സ്വഭാവത്തിലും ആ മാറ്റം കാണാം. ഇപ്പോൾ പാക്കിസ്ഥാൻ ഇന്ത്യയെ തോൽപിക്കുകയാണെങ്കിൽ അതിനെ അട്ടിമറി എന്നു വിളിക്കേണ്ടിവരും. തിരിച്ചാണു സംഭവിക്കുന്നതെങ്കിൽ അതു വളരെ സാധാരണമായ ഒരു വിജയവുമാണ്." ഗൗതം ഗംഭീർ പറഞ്ഞു.

അടുത്തകാലത്തൊന്നും ഇന്ത്യക്കെതിരെ അവർക്ക് വിജയിക്കാനായില്ല. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും ഇന്ത്യ എത്രയോ മുന്നേറികഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. 2023 ഏഷ്യാകപ്പിലും ലോകകപ്പിലും ഇന്ത്യ പാക്കിസ്ഥാനെ തോൽപിച്ചു. 2022ലെ ട്വന്റി 20 ലോകകപ്പിലും റിസൽട്ട് ഇന്ത്യക്കൊപ്പമായിരുന്നു. 2021 ട്വന്റി 20യിൽ മാത്രമാണ് പാക്കിസ്ഥാൻ അവസാനമായി വിജയം രുചിച്ചത്.നിലവിൽ ഇന്ത്യയും ഓസ്ത്രേലിയയുമാണ് ബദ്ധവൈരികൾ. തോൽവിയറിയാതെ ഏകദിന ലോകകപ്പിൽ മുന്നേറിയ ഇന്ത്യയെ ഫൈനലിൽ ഓസീസ് കീഴടക്കിയിരുന്നു. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും തോൽപിച്ചു. ഇന്ത്യയുടെ പ്രതിയോഗികൾ ആരാണെന്ന് ക്രിക്കറ്റ് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ചോദിച്ചാൽ ആസ്ത്രേലിയയെന്നായിരിക്കും എല്ലാവരുടേയും മറുപടി.

2022 ട്വന്റി20 ലോകകപ്പിലും 2023 ലെ ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് എന്നിവയിലും ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വന്നപ്പോൾ വിജയം ഇന്ത്യയ്ക്കായിരുന്നു. 2021 ലെ ട്വന്റി20 ലോകകപ്പിലാണ് പാക്കിസ്ഥാൻ ഒടുവിൽ ഇന്ത്യയെ തോൽപിച്ചത്. ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരുന്നത്. ഈ വർഷം യുഎസിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിലാണ് ഇനി ഇന്ത്യ പാക്ക് പോരാട്ടം നടക്കാൻ സാധ്യതയുള്ളത്.

അടുത്തിടെ എക്സിൽ നടന്ന ചർച്ചയിൽ സ്ഥിരമായി വിവാദ പ്രസ്താവന നടത്തുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഓരോ വിഷയത്തിലുമുള്ള തന്റെ അഭിപ്രായം പറയുകയമാത്രമാണ് ചെയ്യുന്നതെന്നാണ് ഗംഭീർ മറുപടി പറഞ്ഞത്. വിവാദമാക്കുന്നതിലൂടെ ആർക്കാണ് നേട്ടമെന്ന് സ്വയം ചിന്തിക്കണമെന്നും മുൻ ഇന്ത്യൻതാരം പറഞ്ഞു.