കേപ്ടൗൺ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് മുമ്പുള്ള പ്രാക്ടീസ് സെഷനിൽ നെറ്റ്‌സിൽ മണിക്കൂറുകളോളം ബാറ്റിങ് പരിശീലനത്തിൽ ഏർപ്പെട്ട് സൂപ്പർ ബാറ്റർ വിരാട് കോലി. പേസ് ബോളിങ്ങിൽ ദക്ഷിണാഫ്രിക്കയുടെ പുതിയ വജ്രായുധം നാൻഡ്രെ ബർഗറെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾക്കാണ് കോലി ഇന്നലെ നെറ്റ്‌സിൽ കൂടുതൽ സമയവും ചെലവിട്ടത്.

ആദ്യം സെന്റർ നെറ്റ്‌സിൽ ബോളർമാരെ നേരിട്ട കോലി പിന്നീട് ത്രോ ഡൗൺ സ്‌പെഷലിസ്റ്റുകളെ പരീക്ഷിച്ചു. ബുധനാഴ്ചയാണ് ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന് തുടക്കമാകുന്നത്. ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ബാറ്റിങ് നിരയെ കൂടുതൽ പരുക്കേൽപിച്ചത് അരങ്ങേറ്റ ടെസ്റ്റ് കളിച്ച ഇടംകയ്യൻ പേസർ നാൻഡ്രെ ബർഗറായിരുന്നു. രണ്ട് ഇന്നിങ്‌സുകളിലായി 7 വിക്കറ്റ് ബർഗർ വീഴ്‌ത്തി. കാഗിസോ റബാഡ നയിക്കുന്ന പ്രോട്ടീസ് പേസ് നിരയെ അതിജീവിക്കുന്നത് പോലെയിരിക്കും ദക്ഷിണാഫ്രിക്കയിൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ബാറ്റർമാരുടെ ഭാവി.

എന്നാൽ ബർഗറെ പ്രതിരോധിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ ഇന്ത്യൻ ടീമിൽ ഇടംകൈ പേസർമാരില്ലെന്നതു വെല്ലുവിളിയായി. ഇതു മറികടക്കാൻ ഇടംകൈ പേസറായ ഒരു പ്രാദേശിക നെറ്റ്ബോളറെ ഇന്നലെ ഇന്ത്യൻ ടീം പരിശീലന ക്യംപിലെത്തിച്ചിരുന്നു.

ന്യൂലൻഡ്സിലെ ഓപ്ഷനൽ പരിശീലനത്തിൽ ഒരു മണിക്കൂറോളം നേരമാണ് വിരാട് കോലി ബാറ്റിങ് പരിശീലനം നടത്തിയത്. 20-15 മിനുറ്റ് നേരം മികച്ച പേസിൽ ത്രോഡൗണുകൾ നേരിട്ടു. വിരാട് കോലിയുടെ പരിശീലനം. എന്നാൽ ബർഗറേക്കാൾ വേഗക്കുറവുണ്ടായിരുന്നു ഈ യുവ ബൗളർക്ക്. ഇതോടെ സ്റ്റെപ് ഔട്ട് ചെയ്ത് നിരവധി തവണ പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ പായിക്കാൻ കോലിക്കായി.

ഇതിന് പുറമെ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ആർ അശ്വിൻ, ആവേഷ് ഖാൻ എന്നിവരെയും നെറ്റ്‌സിൽ വിരാട് കോലി നേരിട്ടു. ഒരേ ലെങ്തിൽ തുടർച്ചയായി കോലിയെ പരീക്ഷിക്കുകയായിരുന്നു ബുമ്രയും സിറാജും ചെയ്തത്. സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിനെയും കോലി നെറ്റ്‌സിൽ നേരിട്ടു. ഇവരിൽ അശ്വിനെയും ദക്ഷിണാഫ്രിക്കൻ യുവ പേസറെയും കോലി ബൗണ്ടറിക്ക് മുകളിലൂടെ പറത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഒരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കൻ പേസ് ഇതിഹാസം അലൻ ഡൊണാൾഡ് രംഗത്ത് വന്നിരുന്നു. ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ ബാറ്റിങ് അത്ര അനായാസമല്ല. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും പന്ത് സീം ചെയ്യുന്നതിനെക്കാൾ ദക്ഷിണാഫ്രിക്കയിൽ പന്ത് സീം ചെയ്യും. നിങ്ങളുടെ ഫൂട്വർക്ക് 100 ശതമാനം ശരിയല്ലെങ്കിൽ ശരിക്കും പെടുമെന്നും ഡൊണാൾഡ് വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടതോടെ കടുത്ത സമ്മർദ്ദത്തിലാണ് ഇന്ത്യൻ ടീം അംഗങ്ങൾ. ബാറ്റിങ് നിര സമ്പൂർണ പരാജയമായപ്പോൾ ഇന്ത്യ ഇന്നിങ്സ് തോൽവി വഴങ്ങിയിരുന്നു. കേപ്ടൗണിലെ രണ്ടാം ടെസ്റ്റിലും തോറ്റാൽ പുതുവർഷത്തിൽ ഇന്ത്യയെ കാത്തിരിക്കുന്നത് പരമ്പര നഷ്ടമെന്ന നാണക്കേടാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ബാറ്റർമാർക്ക് മുന്നറിയിപ്പുമായി അലൻ ഡൊണാൾഡ് രംഗത്ത് വന്നത്.

ഇന്ത്യൻ ബാറ്റർ എക്കാലത്തും ദക്ഷിണാഫ്രിക്കയിൽ പരാജയപ്പെട്ടിട്ടുണ്ടെന്നും ബാറ്റിങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ മാത്രമാണ് ഇവിടെ മികച്ച പ്രകടനം പുറത്തെടുത്ത ഒരേയൊരു ഇന്ത്യൻ ബാറ്ററെന്നും അലൻ ഡൊണാൾഡ് പറയുന്നു. എന്റെ അറിവിൽ ഇവിടെ നന്നായി കളിച്ചിട്ടുള്ളത് സച്ചിൻ മാത്രമാണ്. മിഡിൽ സ്റ്റംപിൽ നിന്ന് പന്തുകൾ ലീവ് ചെയ്യുന്നതിൽ സച്ചിൻ പുറത്തെടുത്ത മികവ് അസാമാന്യമായിരുന്നു.

ദക്ഷിണാഫ്രിക്കയിലെ പേസും ബൗൺസും നിറഞ്ഞ പിച്ചിൽ കൂക്കാബുറ പന്തുകളെ നേരിടുക എന്നത് ലോകത്ത് മറ്റ് ടീമുകൾക്കെല്ലാം കടുത്ത വെല്ലുവിളിയാണ്. 'ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും കളിക്കുന്നതു പോലെ അല്ല. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ബാറ്ററുടെ അതിജീവനം അത്ര എളുപ്പമല്ല. കാലങ്ങളായി അത് നാം കാണുന്നു. മികച്ച ഫൂട് വർക്കില്ലെങ്കിൽ നിങ്ങൾ കുഴപ്പത്തിൽപ്പെടും'- ഡൊണാൾഡ് വ്യക്തമാക്കിയിരുന്നു. ഡൊണാൾഡിന്റെ പരാമർശം ചർച്ചയാകുന്നതിനിടെയാണ് വിരാട് കോലി അടക്കം ഇന്ത്യൻ ബാറ്റർമാർ രണ്ടാം ടെസ്റ്റിന് ഒരുങ്ങുന്നത്.

രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്നിങ്സ് തോൽവി നേരിട്ടതിനാൽ അവസാന കളിയിൽ തകർപ്പൻ ജയത്തോടെ 1-1ന് തുല്യത പിടിക്കുകയാണ് രോഹിത് ശർമ്മയും സംഘവും ലക്ഷ്യമിടുന്നത്. കേപ്ടൗണിലെ ന്യൂലൻഡ്സിൽ ബുധനാഴ്ച ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് തുടങ്ങും. സെഞ്ചൂറിയൻ വേദിയായ ആദ്യ ടെസ്റ്റിൽ ടീം ഇന്ത്യ ഇന്നിങ്സിനും 32 റൺസിനും തോറ്റപ്പോൾ കോലി ഒന്നാം ഇന്നിങ്സിൽ 64 പന്തിൽ 38 ഉം രണ്ടാം ഇന്നിങ്സിൽ 82 പന്തിൽ 76 ഉം നേടി. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 34.1 ഓവറിൽ വെറും 131 റൺസിൽ പുറത്തായപ്പോൾ കോലിയായിരുന്നു ടോപ് സ്‌കോറർ.

രണ്ടാം ടെസ്റ്റിൽ തോറ്റാലോ സമനിലയായാലോ പെട്ടു, ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പരകളിൽ കാലിടറുന്ന തുടർക്കഥയുമായി നാട്ടിലേക്ക് തലകുനിച്ച് മടങ്ങേണ്ടിവരും. കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് ടീം ഇന്ത്യ ഇറങ്ങുമ്പോൾ വലിയ ഭീഷണിയാണ് മുന്നിലുള്ളത്. 

സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 32 റൺസിനുമാണ് ടീം ഇന്ത്യ തോൽവി രുചിച്ചത്. ന്യൂലൻഡ്സിൽ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ജനുവരി മൂന്നിന് തുടങ്ങുമ്പോഴും ഇന്ത്യക്ക് ഭീഷണി എതിരാളികളുടെ ബൗളിംഗാണ്. ബാറ്റിംഗിന് ഏറെ വെല്ലുവിളി നിറഞ്ഞ ദക്ഷിണാഫ്രിക്കൻ പിച്ചുകൾ ഇന്ത്യൻ ബാറ്റർമാർക്ക് എക്കാലവും പേടിസ്വപ്നനമാണ്. ആദ്യ ടെസ്റ്റിൽ ഇന്നിങ്സ് തോൽവി നേരിട്ട ടീം ഇന്ത്യക്ക് അവിശ്വസനീയ തിരിച്ചുവരവ് കൊണ്ടേ പരമ്പരയിൽ ഒപ്പമെത്താൻ കഴിയൂ.