- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവർഷത്തിൽ ജീവന്മരണപ്പോരാട്ടത്തിന് ഇന്ത്യ; രണ്ടാം ടെസ്റ്റിന് ബുധനാഴ്ച തുടക്കം
കേപ്ടൗൺ: ഇന്ത്യ, ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ബുധനാഴ്ച കേപ് ടൗണിൽ തുടക്കമാവും. പരമ്പര നഷ്ടമാവാതിരിക്കാൻ രോഹിത് ശർമ്മയ്ക്കും സംഘത്തിനും ജയിച്ചേ തീരു. കേപ് ടൗണിൽ ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ചില്ലെങ്കിൽ 2024ലെ ആദ്യ മത്സരത്തിൽതന്നെ തോൽവിയെന്ന നിരാശയ്‌ക്കൊപ്പം ടെസ്റ്റ് പരമ്പരയും ഇന്ത്യക്ക് നഷ്ടമാവും.
രോഹിത്തിനും സംഘത്തിനും തിരിച്ചടിയായത് സെഞ്ചൂറിയനിലെ ഇന്നിങ്‌സ് തോൽവിയാണ്. ബാറ്റർമാരും ബൗളർമാരും ഒരുപോലെ മികവ് തിരിച്ചുപിടിച്ചാലെ ഇന്ത്യക്ക് രക്ഷയുള്ളൂ. ന്യൂ ഇയർ പോലും വലിയരീതിയിൽ ആഘോഷിക്കാതെ ടീം ഇന്ത്യ കഠിന പരിശീലനത്തിന് ഇറങ്ങിയിരുന്നു. വിരാട് കോലിയും ശ്രേയസ് അയ്യരുമെല്ലാം നെറ്റ്‌സിൽ മണിക്കൂറുകളാണ് ചെലവഴിച്ചത്.
രണ്ടാം ടെസ്റ്റിനിറങ്ങുമ്പോൾ ടീമിൽ മാറ്റം ഉറപ്പാണ്. രവീന്ദ്ര ജഡേജയും മുകേഷ് കുമാറും ടീമിലെത്തുമെന്നാണ് സൂചന. ഇങ്ങനെയെങ്കിൽ ആർ അശ്വിനും പ്രസിദ്ധ് കൃഷ്ണയ്ക്കുമാവും സ്ഥാനം നഷ്ടമാവുക. പരിശീലനത്തിനിടെ പരിക്കേറ്റ ഷാർദുൽ ഠാക്കുർ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ നായകൻ ടെംബ ബാവുമയ്ക്ക് പകരം ഡീൻ എൽഗാറായിരിക്കും ദക്ഷിണാഫ്രിക്കയെ നയിക്കുക. എൽഗാറിന്റെ വിടവാങ്ങൽ ടെസ്റ്റ് കൂടിയാണിത്. പേസർ ജെറാൾഡ് കോട്‌സിയും ദക്ഷിണാഫ്രിക്കൻ നിരയിലുണ്ടാവില്ല.
അതേ സമയം ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മൂന്നാം നമ്പറിൽ ആരാകും ബാറ്റിംഗിനെത്തുക എന്ന ചോദ്യത്തിന് ഗിൽ തന്നെയെന്ന സൂചനയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മറുപടി നൽകിയത്. ഓപ്പണറായി തിളങ്ങിയിട്ടുള്ള ശുഭ്മാൻ ഗില്ലിനെ മൂന്നാം നമ്പറിൽ ബാറ്റിംഗിന് അയക്കുന്നതുകൊണ്ട് തിളങ്ങാനാവാതെ പോകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മത്സരത്തലേന്ന് വാർത്താസമ്മേളനത്തിലാണ് രോഹിത് മറുപടി നൽകിയത്.
ഓരോരുത്തരും ഏത് പൊസിഷനിൽ ബാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നത് വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. ഗിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്നത് വ്യക്തിപരമായി ഞാൻ വെറുക്കുന്ന കാര്യമാണ്. ഓപ്പണറാകുന്നതിന് മുമ്പ് മൂന്ന് മുതൽ ഏഴ് വരെയുള്ള സ്ഥാനങ്ങളിൽ ഞാൻ ബാറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഏതെങ്കിലും ബാറ്റർക്ക് അനുയോജ്യമായ ബാറ്റിങ് പൊസിഷൻ എന്നൊന്നില്ല.
ഏതെങ്കിലും സാഹചര്യത്തിൽ ഓപ്പണർ തുടക്കത്തിലെ പുറത്താവുകയോ അല്ലെങ്കിൽ പരിക്കേറ്റ് മടങ്ങുകയോ ചെയ്താൽ മൂന്നാം നമ്പറിൽ ബാറ്റിംഗിനിറങ്ങുന്നയാൾ ഓപ്പണറെന്ന രീതിയിൽ തന്നെ കളിക്കേണ്ടിവരും. അതുകൊണ്ട് ഓപ്പണറായി ഇറങ്ങുന്നതും മൂന്നാം നമ്പറിൽ ഇറങ്ങുന്നതും തമ്മിൽ വലിയ വ്യത്യാസമൊന്നും ഇല്ലെന്നും രോഹിത് ശർമ പറഞ്ഞു.
യശസ്വി ജയ്‌സ്വാളിന്റെ ടെസ്റ്റ് അരങ്ങേറ്റത്തിന് മുമ്പ് രോഹിത്തിനൊപ്പം ഗിൽ ആയിരുന്നു ഇന്ത്യൻ ഇന്നിങ്‌സ് ഓപ്പൺ ചെയ്തിരുന്നത്. എന്നാൽ യശസ്വി വെസ്റ്റ് ഇൻഡീസിൽ ഓപ്പണറെന്ന നിലയിൽ തിളങ്ങിയതോടെ ഗിൽ ചേതേശ്വർ പൂജാരയുടെ ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറിലേക്ക് ഇറങ്ങി. മോശം ഫോമിനെത്തുടർന്ന് പൂജാര ടെസ്റ്റ് ടീമിൽ നിന്ന് പുറത്തായതോടെയാണ് ശുഭ്മാൻ ഗില്ലിന് മൂന്നാം നമ്പറിൽ അവസരം ലഭിച്ചത്. എന്നാൽ ഏകദിനത്തിലെയും ടി20യിലെയും മിന്നും പ്രകടനം ഗില്ലിന് ഇതുവരെ പുറത്തെടുക്കാനാവാത്തത് വിമർശനത്തിന് കാരണമായിരുന്നു.
തിരിച്ചടികൾ മറന്ന് പുതുവർഷത്തിൽ ശക്തമായി തിരിച്ചുവരുമെന്ന രോഹിത് ശർമ്മയുടെ വാക്കുകളിൽ വിശ്വസിച്ചാണ് ആരാധകർ കേപ് ടൗണിലേക്ക് ഉറ്റുനോക്കുക. ടോസ് കേപ്ടൗണിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പിച്ചിൽ പച്ചപ്പുണ്ടെങ്കിലും ബാറ്റിംഗിനെ തുണക്കുന്നതാണ് കേപ്ടൗണിന്റെ ചരിത്രം. സ്പിന്നർമാർക്ക് ചെറിയ ആനുകൂല്യം ലഭിക്കും.
സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്‌സ് തോൽവി വഴങ്ങിയിരുന്നു. ബാറ്റിങ് നിരയും ബൗളിങ് നിരയും സമ്പൂർണമായി പരാജയപ്പെട്ട ആദ്യ മത്സരത്തിൽ ഇന്നിങ്‌സിനും 32 റൺസിനുമാണ് ഇന്ത്യ തോറ്റത്. ആദ്യ ഇന്നിങ്‌സിൽ സെഞ്ചുറി നേടിയ കെ എൽ രാഹുലും രണ്ടാം ഇന്നിങ്‌സിൽ 76 റൺസടിച്ച വിരാട് കോലിയും മാത്രമാണ് ഇന്ത്യൻ നിരയിൽ പൊരുതിയത്.