സിഡ്നി: തനിക്കേറെ പ്രിയപ്പെട്ട ബാഗി ഗ്രീൻ (ടെസ്റ്റ് ക്യാപ്) മോഷണം പോയതോടെ ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിന് ഇറങ്ങിയത് തന്റെ കൈവശമുണ്ടായിരുന്ന സ്‌പെയർ തൊപ്പിയുമായി. പാക്കിസ്ഥാന് എതിരായ സിഡ്‌നി ടെസ്റ്റ് മത്സരത്തിന് മുമ്പായി തന്റെ ബാഗി ഗ്രീൻ മോഷണം പോയ വിവരം ഡേവിഡ് വാർണർ അറിയിച്ചിരുന്നു.

വിരമിക്കാനൊരുങ്ങുന്നെ തനിക്ക് തൊപ്പി തിരിച്ചുകിട്ടണമെന്ന് ആഗ്രഹിക്കുന്നുവെന്നും തൊപ്പി തിരിച്ചെത്തിച്ചാൽ കൈവശമുള്ള സ്‌പെയർ തൊപ്പി നൽകാമെന്നും വാർണർ പറഞ്ഞിരുന്നു. എന്നാൽ ബാഗി ഗ്രീൻ തിരിച്ചുകിട്ടിയില്ല. എന്നാൽ, മത്സരം തുടങ്ങുന്നത് വരെ തൊപ്പി തിരിച്ചുകിട്ടാത്തതിനാൽ മറ്റൊന്നുമായാണ് വാർണർ എത്തിയത്. താൻ പരസ്യമായി അഭ്യർത്ഥിച്ചിട്ടും തിരിച്ചുകിട്ടാനുള്ള ഭാഗ്യം ഉണ്ടായില്ലെന്ന് വാർണർ പ്രതികരിച്ചു.

താൻ ഏറെ വിലമതിക്കുന്ന ബാഗി ഗ്രീൻ (ടെസ്റ്റ് ക്യാപ്) മോഷണം പോയതായി നേരത്തെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം അറിയിച്ചത്. മൂന്നാം ടെസ്റ്റിനായി മെൽബൺ എയർപോർട്ടിൽനിന്ന് സിഡ്നിയിലേക്കുള്ള യാത്രക്കിടെയാണ് ക്യാപ് നഷ്ടപ്പെട്ടതെന്നും തന്റെ ബാഗിനുള്ളിലാണ് വെച്ചിരുന്നതെന്നും വാർണർ പറയുന്നു.

'ഈ ബാക്ക്പാക്കിനുള്ളിൽ എന്റെ തൊപ്പിയുണ്ടായിരുന്നു. എനിക്കേറെ വിലപ്പെട്ടതാണത്. വിരമിക്കാനൊരുങ്ങുന്നെ എനിക്ക് തൊപ്പി തിരിച്ചുകിട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ബാഗാണ് നിങ്ങൾ എടുക്കാൻ ആഗ്രഹിച്ചതെങ്കിൽ അത് ഞാൻ തരാം. തൊപ്പി തിരിച്ചെത്തിച്ചാലും നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല. എന്നെയോ, ക്രിക്കറ്റ് ആസ്ട്രേലിയയിലോ ബന്ധപ്പെടുക. തൊപ്പി തിരികെ ലഭിക്കുന്നത് എനിക്ക് ഏറെ സന്തോഷം നൽകും. തിരികെ നൽകിയാൽ തന്റെ കൈയിലുള്ള സ്‌പെയർ തൊപ്പി നൽകാം' -വാർണർ ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ പറഞ്ഞിരുന്നു.

വിഷയത്തിൽ ഇടപെട്ട ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും വാർണറുടെ തൊപ്പി തിരികെ നൽകണമെന്ന് പരസ്യമായി അഭ്യർത്ഥിച്ചു. 'കാണാതായ തൊപ്പിയെ കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും അറിയുമോ, ഡേവിഡ് വാർണർ 100ലധികം തവണ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ചാണ് അത് സമ്പാദിച്ചത്, അവ തിരികെ നൽകണം' -അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ മകന്റെ ബാഗി ഗ്രീൻ ആരോ മനഃപൂർവം എടുത്തിട്ടുണ്ടാകുമെന്ന് താൻ ഭയപ്പെടുന്നുവെന്നും അത് അവന് തിരികെ നൽകണമെന്നും പിതാവ് ഹൊവാർഡും അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ മത്സരത്തിന് മുമ്പ് വാർണർക്ക് ബാഗി ഗ്രീൻ തിരിച്ചുകിട്ടിയില്ല. ആദ്യമായല്ല വാർണറുടെ ബാഗി ഗ്രീൻ കാണാതാവുന്നത്. 2017ൽ ബംഗ്ലാദേശ് പര്യടനത്തിന് മുമ്പും ഇത് കാണാതായത് വാർത്തയായിരുന്നു. എന്നാൽ, വീട്ടിൽനിന്ന് ഭാര്യ ഇത് കണ്ടെടുക്കുകയായിരുന്നു.

ഓസ്‌ട്രേലിയക്കാർക്ക് ബാഗി ഗ്രീൻ വെറുമൊരു തൊപ്പി മാത്രമല്ല. ദേശീയമായ അഭിമാനത്തെയും ഐക്യദാർഢ്യത്തെയും പ്രതിനിധീകരിക്കുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ പ്രിയപ്പെട്ട അടയാളങ്ങളിലൊന്നാണ്. ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന കളിക്കാർക്കുള്ള ബഹുമതി കൂടിയാണിത്. ജീവകാരുണ്യ പ്രവർത്തനത്തെ സഹായിക്കാൻ ഇതിഹാസ താരം ഷെയ്ൻ വോൺ തനിക്ക് ലഭിച്ച ബാഗി ഗ്രീൻ വൻ തുകക്കാണ് ലേലം ചെയ്തത്.

സിഡ്നിയിൽ പാക്കിസ്ഥാനെതിരായ മൂന്നാം ടെസ്റ്റാണ് ഡേവിഡ് വാർണറുടെ അവസാന മത്സരം. അവസാന ടെസ്റ്റ് പരമ്പരക്കിടെ ഏകദിനത്തിൽനിന്ന് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. വരുന്ന ട്വന്റി 20 ലോകകപ്പിലാണ് ഇനി വാർണറുടെ ശ്രദ്ധ. ഇതിനിടെ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലും വാർണർ കളിക്കും.

അതേ സമയം ഓസ്ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ പാക്കിസ്ഥാൻ 313 റൺസിന് പുറത്തായി. മുഹമ്മദ് റിസ്വാൻ (88), അഗ സൽമാൻ (53) എന്നിവരാണ് പാക്കിസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. വാലറ്റത്ത് അമേർ ജമാൽ (82) പുറത്തെടുത്ത പ്രകടനം നിർണായകമായി. ഓസീസിന് വേണ്ടി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് അഞ്ച് വിക്കറ്റെടുത്തു. മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ ഒന്നാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ ആറ് റൺസെടുത്തിട്ടുണ്ട്. കരിയറിലെ അവസാന ടെസ്റ്റ് കളിക്കുന്ന ഡേവിഡ് വാർണർ (6), ഉസ്മാൻ ഖവാജ (0) എന്നിവരാണ് ക്രീസിൽ. പരമ്പര നേരത്തെ ഓസീസ് സ്വന്തമാക്കിയിരുന്നു.