കേപ്ടൗൺ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മുഹമ്മദ് സിറാജിന്റെ മാരക പേസാക്രമണത്തിന് മുന്നിൽ തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയരുടെ വിക്കറ്റുകളെല്ലാം 55 റൺസെടുക്കുമ്പോഴേക്കും നിലംപൊത്തി. ഒമ്പതോവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് സിറാജ് ആറുപേരെ മടക്കിപ്പോൾ ജസ്പ്രീത് ബുംറയും മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി മികച്ച പിന്തുണ നൽകി.

15 റൺസെടുത്ത കെയ്ൽ വെറെയ്നെയാണ് ആതിഥേയരുടെ ടോപ് സ്‌കോറർ. 12 റൺസെടുത്ത ഡേവിഡ് ബെഡിങ്ഹാമാണ് രണ്ടക്കം കണ്ട മറ്റൊരു താരം. സ്‌കോർ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്.

എട്ട് റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർമാരായ എയ്ഡൻ മാർക്രം (2), ഡീൻ എൽഗാർ (4) എന്നിവരുടെ വിക്കറ്റുകൾ ആതിഥേയർക്ക് നഷ്ടമായി. നാലാമനായി ക്രീസിലെത്തിയ അരങ്ങേറ്റക്കാരൻ ട്രിസ്റ്റൺ സ്റ്റബ്സ് (3) ബുമ്രയ്ക്ക് വിക്കറ്റ് നൽകി. ടോണി ഡി സോർസിയാവട്ടെ സിറാജിനും വിക്കറ്റ് നൽകി. രണ്ടക്കം കണ്ട ബെഡിങ്ഹാം, വെറെയ്നെ എന്നിവരും കീഴടങ്ങിയതോടെ കാര്യങ്ങൾ ദക്ഷിണാഫ്രിക്കയുടെ കൈവിട്ട് പോയി. കേശവ് മഹാരാജ് (3), കഗിസോ റബാദ (5), നാന്ദ്രേ ബർഗർ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ലുങ്കി എൻഗിഡി (0) പുറത്താവാതെ നിന്നു.

ഓപ്പണർ എയ്ഡൻ മർക്രാമിനെ യശസ്വി ജയ്‌സ്വാളിന്റെ കൈയിലെത്തിച്ചാണ് സിറാജ് വിക്കറ്റ് വേട്ട തുടങ്ങിയത്. വൈകാതെ വിരമിക്കൽ ടെസ്റ്റ് മത്സരം കളിക്കുന്ന താൽക്കാലിക ക്യാപ്റ്റൻ ഡീൻ എൽഗറിന്റെ സ്റ്റമ്പ് പിഴുതെടുത്തു. നാല് റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇതിനിടെ മൂന്ന് റൺസെടുത്ത ട്രിസ്റ്റൺ സ്റ്റബ്‌സിനെ ബുംറയുടെ പന്തിൽ രോഹിത് ശർമ പിടികൂടി.

17 പന്ത് നേരിട്ട് തട്ടിയും മുട്ടിയും രണ്ട് റൺസ് ചേർത്ത ടോണി ഡി സോർസിയെ മടക്കി സിറാജ് വിക്കറ്റ് നേട്ടം മൂന്നാക്കി. സോർസിയുടെ ബാറ്റിൽ തട്ടിയ പന്ത് വിക്കറ്റ് കീപ്പർ കെ.എൽ രാഹുലിന്റെ കൈയിൽ വിശ്രമിക്കുകയായിരുന്നു. 12 റൺസെടുത്ത ഡേവിഡ് ബെഡിങ്ഹാമിനെ യശസ്വി ജയ്‌സ്വാളിനെയും തുടർന്നെത്തിയ മാർകോ ജാൻസനെ റൺസെടുക്കും മുമ്പ് രാഹുലിനെയും 15 റൺസെടുത്ത കെയ്ൽ വെരെയ്‌നെ ശുഭ്മൻ ഗില്ലിനെയും ഏൽപിച്ചതോടെ സിറാജിന്റെ വിക്കറ്റ് നേട്ടം ആറായി.

മൂന്ന് റൺസെടുത്ത കേശവ് മഹാരാജിനെ മുകേഷ് കുമാറിന്റെ പന്തിൽ ബുംറ പിടികൂടി. നാല് റൺസെടുത്ത നാന്ദ്രെ ബർഗർ ജയ്‌സ്വാളിന് മൂന്നാം ക്യാച്ച് നൽകി മടങ്ങി. ബുംറക്കായിരുന്നു വിക്കറ്റ്. അഞ്ച് റൺസെടുത്ത കഗിസൊ റബാദയെ മുകേഷ് കുമാറിന്റെ പന്തിൽ ശ്രേയസ് അയ്യരും പിടികൂടിയതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിങ്‌സിനും വിരാമമായി. റൺസൊന്നുമെടുക്കാതെ ലുംഗി എംഗിഡി പുറത്താകാതെനിന്നു.

ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡീൻ എൽഗാർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എൽഗാറിന്റെ കരിയറിലെ അവസാന ടെസ്റ്റാണിത്. രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലാണ്. ജയിച്ചാൽ ഇന്ത്യക്ക് ഒപ്പമെത്താൻ സാധിക്കും. മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. ദക്ഷിണാഫ്രിക്കൻ നിരയിൽ ട്രിസ്റ്റൻ സ്റ്റബ്സ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചു. ലുങ്കി എൻഗിഡിയും കേശവ് മഹാരാജും ടെസ്റ്റ് ടീമിൽ തിരിച്ചെത്തി.

തെംബ ബവൂമയ്ക്ക് പകരമാണ് ട്രിസ്റ്റൺ സ്റ്റബ്സ് ടീമിലെത്തിയത്. പരിക്കേറ്റ ജെറാൾഡ് കോട്സ്വീക്ക് പകരമാണ് എൻഗിഡി. മഹാരാജാണ് ടീമിലെത്തിയ മറ്റൊരു താരം. കീഗൻ പീറ്റേഴ്സൺ പുറത്തായി. ഇന്ത്യ രണ്ട് മാറ്റം വരുത്തി. ആർ അശ്വിൻ, ഷാർദുൽ ഠാക്കൂർ എന്നിവർ പുറത്തായി. രവീന്ദ്ര ജഡേജ, മുകേഷ് കുമാർ എന്നിവരാണ് തിരിച്ചെത്തിയത്.

ഇന്ത്യ: രോഹിത് ശർമ, യഷസ്വി ജെയ്സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാർ.

ദക്ഷിണാഫ്രിക്ക: ഡീൻ എൽഗാർ, എയ്ഡൻ മാർക്രം, ടോണി ഡി സോർസി, ട്രിസ്റ്റൺ സ്റ്റബ്സ്, ടോണി ബെഡിങ്ഹാം, കെയ്ൽ വെറെയ്നെ, മാർകോ ജാൻസൻ, കേശവ് മാഹാരാജ്, കഗിസോ റബാദ, നന്ദ്രേ ബർഗർ, ലുംഗി എൻഗിഡി.