കേപ്ടൗൺ: സെഞ്ചൂറിയൻ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയോട് നേരിട്ട ഇന്നിങ്‌സ് തോൽവിക്ക് കേപ്ടൗണിൽ പ്രതികാരം തീർത്ത് ഇന്ത്യ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് മുഹമ്മദ് സിറാജ് ക്രീസിൽ പേസ് കൊടുങ്കാറ്റ് വിതച്ചതോടെ പ്രോട്ടീസ് നിര വീണത് ടെസ്റ്റ് ചരിത്രത്തിൽ അവരുടെ എക്കാലത്തെയും വലിയ നാണക്കേടിലേക്ക്. ഇന്ത്യക്കെതിരെ 23.2 ഓവറിൽ കേവലം 55 റൺസിന് ഓൾ ഔട്ടായ ദക്ഷിണാഫ്രിക്ക ടെസ്റ്റ് ചരിത്രത്തിൽ അവരുടെ ഏറ്റവും കുറഞ്ഞ ടോട്ടലാണ് കേപ്ടൗണിൽ കുറിച്ചത്.

കേപ്ടൗൺ ടെസ്റ്റിൽ ടോസ് നേടിയശേഷം ക്രീസിലിറങ്ങിയ ദക്ഷണാഫ്രിക്കൻ മുൻനിരയെയും മധ്യനിരയെയും എറിഞ്ഞിട്ടത് മുഹമ്മദ് സിറാജാണ്. ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയിലെ ആദ്യ ഏഴ് വിക്കറ്റിൽ ആറും സിറാജ് സ്വന്തമാക്കിയപ്പോൾ ജസ്പ്രീത് ബുമ്രയും മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

കേപ്ടൗൺ ക്രിക്കറ്റ് ടെസ്റ്റിലും ദക്ഷിണാഫ്രിക്ക തന്നെ ടോസ് നേടിയ ബാറ്റിംഗിനിറങ്ങിയപ്പോൾ ഇന്ത്യയുടെ കടുത്ത ആരാധകർ പോലും ഇത്തരമൊരു പ്രകടനം പ്രതീക്ഷിച്ചിരിക്കില്ല. നാലാം ഓവറിലെ രണ്ടാം പന്തിൽ ഏയ്ഡൻ മാർക്രത്തെ പുറത്താക്കി മുഹമ്മദ് സിറാജ് തുടങ്ങിയ വിക്കറ്റ് വേട്ട വിടവാങ്ങൽ ടെസ്റ്റ് കളിക്കുന്ന ഡീൻ എൽഗാറും ടോണി ഡി സോർസിയും കടന്നപ്പോഴെ ദക്ഷിണാഫ്രിക്ക ഞെട്ടിയിരുന്നു.

ട്രൈസ്റ്റൻ സ്റ്റബ്‌സിനെ ഇടക്ക് ജസ്പ്രീത് ബുമ്ര പുറത്താക്കി തകർച്ചക്ക് ആഴം കൂട്ടിയപ്പോൾ ഡേവിഡ് ബെഡിങ്ഹാം, കെയ്ൽ വെറിയാനെ മാർക്കോ ജാൻസൻ എന്നിവരെ കൂടി പുറത്താക്കി സിറാജ് ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തു.

കേപ്ടൗണിൽ ഒമ്പതോവറിൽ 15 റൺസ് മാത്രം വഴങ്ങിയാണ് സിറാജ് ദക്ഷിണാഫ്രിക്കയുടെ ആറ് മുൻനിര വിക്കറ്റുകൾ എറിഞ്ഞിട്ടത്. ദക്ഷിണാഫ്രിക്കയുടെ ആറ് വിക്കറ്റ് പിഴുത പ്രകടനം ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ എറിഞ്ഞിട്ടതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. കഴിഞ്ഞ വർഷം നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കക്കെതിരെ ഏഴോവറിൽ 21 റൺസ് വഴങ്ങിയായിരുന്നു സിറാജ് ആറ് വിക്കറ്റ് എറിഞ്ഞിട്ടത്. അന്ന് ഒരോവറിൽ നാലു വിക്കറ്റ് വീഴ്‌ത്തി ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബൗളറാവാനും സിറാജിനായി.

കേപ്ടൗണിൽ ടോസിലെ ഭാഗ്യം ദക്ഷിണാഫ്രിക്കക്കായിരുന്നെങ്കിലും മികച്ച പേസും സ്വിംഗും കണ്ടെത്തിയ സിറാജ് തുടക്കം മുതൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ വിറപ്പിച്ചു. കണ്ണടച്ചുതുറക്കും മുമ്പെ ആദ്യ സെഷനിൽ തന്നെ വെറും 23.2 ഓവറിൽ ദക്ഷിണാഫ്രിക്കൻ ഇന്നിങ്‌സ് അവസാനിച്ചു.സിറാജ് ആറ് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ജസ്പ്രീത് ബുമ്രയും മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി മികച്ച പിന്തുണ നൽകി.

വർണവിവേചനത്തെ തുടർന്നുള്ള വിലക്കിനുശേഷം 1990കളിൽ ക്രിക്കറ്റിൽ തിരിച്ചെത്തി ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ചെറിയ ടെസ്റ്റ് സ്‌കോറാണ് ഇന്ന് കേപ്ടൗണിൽ പുറത്തായ 55 റൺസ്. 2018ൽ ശ്രീലങ്കക്കെതിരായ ഗോൾ ക്രിക്കറ്റ് ടെസ്റ്റിൽ 73 റൺസിന് ഓൾ ഔട്ടായതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും ചെറിയ ടീം ടോട്ടൽ.

ഇന്ത്യക്കെതിരെ 2015ൽ നാഗ്പൂരിലെ സ്പിൻ പിച്ചിൽ 79 റൺസിന് ഓൾ ഔട്ടായിട്ടുണ്ട് ദക്ഷിണാഫ്രിക്ക. ഒരു ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക സ്വന്തം നാട്ടിൽ പുറത്താവുന്ന ഏറ്റവും ചെറിയ ടോട്ടലുമാണിത്.

2016ലെ ജൊഹാനസ്ബർഗ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 83 റൺസിന് ഓൾ ഔട്ടായതായിരുന്നു ഇതിന് മുമ്പ് ദക്ഷണാഫ്രിക്കയിൽ അവരുടെ ഏറ്റവും ചെറിയ സ്‌കോർ. 2006ൽ ഇന്ത്യക്കെതിരെ ജൊഹാനസ്ബർഗിൽ 84 റൺസിന് ദക്ഷിണാഫ്രിക്ക ഓൾ ഔട്ടായിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിൽ എതിരാളികളെ ഇത്രയും വേഗത്തിൽ ഇന്ത്യ ഓൾ ഔട്ടാക്കുന്നതും ഇതാദ്യമായാണ്. 2021ലെ മുംബൈ ടെസ്റ്റിൽ ന്യൂസിലൻഡ് ഇന്ത്യക്കെതിരെ 61 റൺസിന് ഓൾ ഔട്ടായതായിരുന്നു എതിരാളികളെ ഇന്ത്യ ഓൾ ഔട്ടാക്കിയ ഏറ്റവും കുറഞ്ഞ സ്‌കോർ. 2015ൽ ദക്ഷിണാഫ്രിക്ക നാഗ്പൂരിൽ പുറത്തായ 79 റൺസാണ് മൂന്നാം സ്ഥാനത്ത്.