- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊരുതിയത് വിരാട് കോലിയും രോഹിത് ശർമയും ശുഭ്മാൻ ഗില്ലും മാത്രം; യശസ്വി ജയ്സ്വാളും ശ്രേയസ് അയ്യരുമടക്കം ആറ് ബാറ്റർമാർ പൂജ്യത്തിന് പുറത്ത്; ദക്ഷിണാഫ്രിക്കയെ 55 റൺസിന് ഒതുക്കിയ ഇന്ത്യ 153 റൺസിന് ഓൾഔട്ട്; 98 റൺസ് ലീഡ്
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് 98 റൺസിന്റെ ലീഡ് മാത്രം. ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയെ 55 റൺസിന് പുറത്താക്കിയ ആത്മവിശ്വാസത്തിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 153 റൺസിന് ഓൾഔട്ടായി. ദക്ഷിണാഫ്രിക്കൻ പേസ് ബൗളിങ്ങിന് മുന്നിൽ ഇന്ത്യയുടെ മുൻനിര ബാറ്റർമാർ പതറുന്ന കാഴ്ചയാണ് കണ്ടത്. അവസാന നാലുബാറ്റർമാർക്ക് ഒരു റൺസ് പോലും നേടാൻ സാധിച്ചില്ല.
ക്യാപ്റ്റൻ രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി എന്നിവർ മാത്രമാണ് രണ്ടടക്കം കടക്കാൻ സാധിച്ചത്. രോഹിത് ശർമ 39 റൺസെടുത്ത് മികച്ച തുടക്കം നൽകിയെങ്കിലും അത് മുതലാക്കാൻ മധ്യനിര ബാറ്റർമാർക്ക് സാധിച്ചില്ല. ശുഭ്മാൻ ഗിൽ 36 റൺസിന് പുറത്തായപ്പോൾ അരശതകത്തിന് നാലുറൺസ് അകലെ വച്ച് വിരാട് കോഹ്‌ലിയും വീണു. കെ.എൽ. രാഹുൽ എട്ട് റൺസെടുത്തു. തുടർന്ന് വിക്കറ്റുകൾ തുടർച്ചയായി വീഴുന്നതാണ് കണ്ടത്.
തുടക്കത്തിൽ തന്നെ യശ്വസി ജെയ്സ്വാളിനെ പുറത്താക്കി ദക്ഷിണാഫ്രിക്ക ഇന്ത്യയെ ഞെട്ടിച്ചു. എന്നാൽ രോഹിത് ശർമയും ഗില്ലും ചേർന്ന് ടീമിനെ കരകയറ്റുന്നതാണ് പിന്നീട് കണ്ടത്. എന്നാൽ ഇതിന് അധിക ആയുസ് ഉണ്ടായില്ല. ടീം സ്‌കോർ 72ൽ വച്ചാണ് രോഹിത് മടങ്ങിയത്. എട്ടാമത്തെ വിക്കറ്റ് ആയാണ് കോഹ്‌ലി പുറത്തായത്. റണ്ണൊന്നുമെടുക്കാൻ അനുവദിക്കാതെ ശ്രേയസ് അയ്യരെയും ബർഗർ തന്നെയാണ് പുറത്താക്കിയത്. ഇന്ത്യൻ നിരയിൽനിന്ന് ആദ്യം പുറത്തായ യശസ്വി ജയ്സ്വാളിനെ കഗിസോ റബാദയും മടക്കി.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയെ 55 റൺസിൽ ഇന്ത്യ ഓൾ ഔട്ടാക്കി. ആതിഥേയർ ആകെ കളിച്ചത് 23.2 ഓവർ. പേസർ മുഹമ്മദ് സിറാജിന്റെ തീപാറും ബൗളിങ്ങിനു മുന്നിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നും ചെയ്യാനായില്ല. പ്രോട്ടീസ് നിരയിലെ ആറുപേരെയും സിറാജാണ് മടക്കിയയച്ചത്. ജസ്പ്രീത് ബുംറയ്ക്കും മുകേഷ് കുമാറിനും രണ്ടുവീതം വിക്കറ്റുകൾ. ഒമ്പത് ഓവറിൽ 15 റൺസ് മാത്രം വഴങ്ങിയായിരുന്നു സിറാജിന്റെ ആറുവിക്കറ്റ് നേട്ടം.
ദക്ഷിണാഫ്രിക്കൻ നിരയിൽ ബെഡിങ്ഹാമും വെരെയ്നക്കും മാത്രമാണ് രണ്ടക്കം കടക്കാനായത്. വിടവാങ്ങൽ ടെസ്റ്റിൽ ക്യാപ്റ്റനായി ടോസ് നേടിയിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഡീൻ എൽഗറിന് പിഴച്ചു. ആദ്യ ഓവർ മുതൽ മികച്ച സ്വിങ്ങും ലെങ്ഗും കണ്ടെത്താനായ സിറാജിന് മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ പകച്ചു.
വിക്കറ്റ് കീപ്പർ കെയിൽ വെരാനെ (30 പന്തിൽ 15), ഡേവിഡ് ബെഡിങ്ഹാം (17 പന്തിൽ 12) ഒഴിച്ചാൽ ദക്ഷിണാഫ്രിക്കൻ നിരയിൽ ആരും രണ്ടക്കം കടന്നില്ല. എയ്ഡൻ മാർക്രം (2), ക്യാപ്റ്റൻ എൽഗർ (4), ടോണി ഡി സോർസി (2), ട്രിസ്റ്റൻ സ്റ്റബ്സ് (3), മാർക്രോ ജാൻസെൻ (0), കേശവ് മഹാരാജ് (3), കഗിസോ റബാദ (5), നാന്ദ്രേ ബർഗർ (4), ലുങ്കി എങ്കിടി (0) എന്നിവരെല്ലാം നിരാശപ്പെടുത്തി.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരേ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്‌കോറാണിത്. 1932-നു ശേഷം ദക്ഷിണാഫ്രിക്ക ഇത്രയും ചെറിയ സ്‌കോറിന് പുറത്താകുന്നതും ഇതാദ്യം. ഒന്നാം ദിവസത്തിന്റെ ഒന്നാം സെഷനിൽ തന്നെ മുഴുവൻ പേരും പുറത്തായെന്ന നാണക്കേടും ദക്ഷിണാഫ്രിക്ക പേറേണ്ടിവരും.
ബുംറക്കുശേഷം സിംഗിൾ സെഷനിൽ ആറു വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ പേസറാണ് സിറാജ്. ലോകക്രിക്കറ്റിൽ ആറാമത്തെ താരവും. സിറാജിന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സാണിത്. ഒൻപത് ഓവറുകൾ മാത്രമെറിഞ്ഞാണ് സിറാജിന്റെ ആറു വിക്കറ്റ് സമ്പാദ്യം.
ദക്ഷിണാഫ്രിക്കൻ നിരയിൽ ട്രിസ്റ്റൻ സ്റ്റബ്സ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചു. ലുങ്കി എൻഗിഡിയും കേശവ് മഹാരാജും ടെസ്റ്റ് ടീമിൽ തിരിച്ചെത്തി. പരിക്കേറ്റ തെംമ്പ ബവുമയ്ക്കും ജെറാൾഡ് കുറ്റ്സെയ്ക്കും ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് നഷ്ടമായി. ബവുമയുടെ അസാന്നിധ്യത്തിൽ ഡീൻ എൽഗറാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത് അതേസമയം, ഇന്ത്യൻ നിരയിൽ രവിചന്ദ്ര അശ്വിന് പകരം രവീന്ദ്ര ജഡേജയേയും ശർദുൽ ഠാക്കൂറിന് പകരം മുകേഷ് കുമാറിനേയും ഉൾപ്പെടുത്തി.
സ്പോർട്സ് ഡെസ്ക്