കേപ് ടൗൺ: ഒരു അർധ സെഞ്ചുറി പോലുമില്ല, ആദ്യ ദിനം പേസർമാർ പിഴുതെറിഞ്ഞത് 23 വിക്കറ്റുകൾ. ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ കേപ്ടൗണിലെ പിച്ച് ബാറ്റർമാരുടെ ശവപ്പറമ്പായി മാറുന്നതാണ് ക്രിക്കറ്റ് പ്രേമികൾ കണ്ടത്. ആദ്യ ഇന്നിങ്‌സിൽ 55 റൺസിന് പുറത്താക്കി ഇന്ത്യ നൽകിയ പ്രഹരത്തിന് അതേനാണയത്തിൽ തിരിച്ചടിച്ച ദക്ഷിണാഫ്രിക്ക 153 റൺസിന് സന്ദർശകരെ വീഴ്‌ത്തി. ഇന്ത്യക്ക് നേടാനായത് 98 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് മാത്രം.

ടെസ്റ്റ് ക്രിക്കറ്റിന്റെ ഏറ്റവും രൗദ്രമായ ഭാവം കണ്ട മത്സരത്തിൽ 98 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ആതിഥേയർ ഒന്നാം ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റിന് 62 റൺസ് എന്ന നിലയിലാണ്. ഇന്ത്യയുടെ ലീഡിന് ഒപ്പമെത്താൻ ഇനിയും വേണ്ടത് 36 റൺസ്. 36 റൺസുമായി എയ്ഡൻ മാർക്രമും ഏഴ് റൺസുമായി ബെഡിങ്ഹാമുമാണ് ക്രീസിൽ. ക്യാപ്റ്റൻ ഡീൻ എൽഗാർ (28 പന്തിൽ 12), ടോണി ഡെ സോർസി (7 പന്തിൽ 1), ട്രിസ്റ്റൻ സ്റ്റബ്‌സ് (14 പന്തിൽ 1) എന്നിവരാണ് പുറത്തായത്. മുകേഷ് കുമാർ രണ്ടു വിക്കറ്റും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും വീഴ്‌ത്തി.

നേരത്തേ ദക്ഷിണാഫ്രിക്കയെ 55 റൺസിൽ ഒതുക്കി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 153 റൺസിൽ ദക്ഷിണാഫ്രിക്കൻ ബൗളർമാർ വരിഞ്ഞുകെട്ടി. പേസർമാരെ തുണയ്ക്കുന്ന പിച്ചിൽ മൂന്നു വീതം വിക്കറ്റ് വീഴ്‌ത്തിയ കഗീസോ റബാദ, ലുൻഗി എൻഗിഡി, നാന്ദ്ര ബർഗർ എന്നിവരാണ് ഇന്ത്യ ഇന്നിങ്‌സിന്റെ നടുവൊടിച്ചത്. 46 റൺസെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.

ഒന്നാം ഇന്നിങ്സിൽ വിരാട് കോലിയും ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും മാത്രമാണ് ഇന്ത്യൻ നിരയിൽ പൊരുതിനിന്നത്. കെ.എൽ. രാഹുൽ എട്ട് റൺസെടുത്തു. ബാക്കിയെല്ലാവരും പൂജ്യത്തിന് പുറത്തായി.

34-ാം ഓവർ എറിയാനെത്തുമ്പോൾ 153-ൽ നാല് എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് 34.5 ഓവർ പൂർത്തിയായപ്പോൾ അതേ സ്‌കോറിൽ ബാക്കിയുള്ളവരെല്ലാം മടങ്ങി. അവസാന അഞ്ചുപേർ മടങ്ങിയത് പൂജ്യത്തിന്. അവസാന ആറ് വിക്കറ്റുകൾ പോയത് റണ്ണൊന്നും ചേർക്കാൻ കഴിയാതെ. ഫലത്തിൽ 153-ൽത്തന്നെ ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചു.

അങ്ങേയറ്റം ദുഷ്‌കരമായ പിച്ചിൽ 98 റൺസ് ലീഡ് നേടിയെന്നതിൽ ഇന്ത്യക്ക് ആശ്വസിക്കാം. 46 റൺസ് നേടിയ വിരാട് കോലിയാണ് ഇന്ത്യൻ നിരയിൽ ടോപ് സ്‌കോറർ. 43 പന്തിൽ 39 റൺസെടുത്ത് രോഹിത് ശർമയും 55 പന്തിൽനിന്ന് 36 റൺസെടുത്ത് ശുഭ്മാൻ ഗില്ലും രണ്ടക്കം കടന്നു. നാന്ദ്രെ ബർഗറിന്റെ പന്തുകളിൽ മാർക്കോ ജാൻസന് ക്യാച്ച് നൽകിയാണ് ഇരുവരും മടങ്ങിയത്. റണ്ണൊന്നുമെടുക്കാൻ അനുവദിക്കാതെ ശ്രേയസ് അയ്യരെയും ബർഗർ തന്നെയാണ് പുറത്താക്കിയത്.

ബൗളർമാരുടെ ടെസ്റ്റായിരുന്നു ഇന്ന് കണ്ടത്. ദക്ഷിണാഫ്രിക്കയുടെ ആറുപേരെ മടക്കിയയച്ച് മുഹമ്മദ് സിറാജാണ് ആദ്യം താരമായത്. ഇന്ത്യൻ ബാറ്റർമാരുടെ വിക്കറ്റുകൾ ദക്ഷിണാഫ്രിക്കൻ ബൗളർമാർ പങ്കിട്ടെടുത്തു. കഗിസോ റബാദ (മൂന്ന്), ലുങ്കി എങ്കിടി (മൂന്ന്), നാന്ദ്രെ ബർഗർ (മൂന്ന്) എന്നിവർക്കാണ് വിക്കറ്റുകൾ. മുഹമ്മദ് സിറാജ് റണ്ണൗട്ടായി.

ലുങ്കിനിയുടെ 34-ാം ഓവറിൽ ഒന്നിടവിട്ട പന്തുകളിലാണ് മൂന്ന് വിക്കറ്റും വീണത്. ഓവറിലെ ആദ്യ പന്തിൽ കെ.എൽ. രാഹുലിനെ (എട്ട്) പുറത്താക്കി. മൂന്നാം പന്തിൽ രവീന്ദ്ര ജഡേജയെയും അഞ്ചാംപന്തിൽ ജസ്പ്രീത് ബുംറയെയും മടക്കിയയച്ചു. പിന്നീട് റബാദയാണ് എത്തിയത്. രണ്ടാം പന്തിൽ കോലിയെ മടക്കിയയച്ചു. നാലാം പന്തിൽ സിറാജ് റണ്ണൗട്ടായി മടങ്ങി. അഞ്ചാംപന്തിൽ പ്രസിദ്ധ് കൃഷ്ണയെ എയ്ഡൻ മാർക്രമിന്റെ കൈകളിലേക്ക് നൽകിയും മടക്കി. ഇതോടെ ഇന്ത്യൻ ഇന്നിങ്സ് പൂർണം. അവസാന 11 ബോളിൽ സംഭവിച്ചത് ആറ് വിക്കറ്റ്. ഓപണർ യശസ്വി ജയ്സ്വാളിനെയും റബാദയാണ് പുറത്താക്കിയത്.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയെ 55 റൺസിൽ ഇന്ത്യ ഓൾ ഔട്ടാക്കി. ആതിഥേയർ ആകെ കളിച്ചത് 23.2 ഓവർ. പേസർ മുഹമ്മദ് സിറാജിന്റെ തീപാറും ബൗളിങ്ങിനു മുന്നിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നും ചെയ്യാനായില്ല. പ്രോട്ടീസ് നിരയിലെ ആറുപേരെയും സിറാജാണ് മടക്കിയയച്ചത്. ജസ്പ്രീത് ബുംറയ്ക്കും മുകേഷ് കുമാറിനും രണ്ടുവീതം വിക്കറ്റുകൾ. ഒമ്പത് ഓവറിൽ 15 റൺസ് മാത്രം വഴങ്ങിയായിരുന്നു സിറാജിന്റെ ആറുവിക്കറ്റ് നേട്ടം.

ദക്ഷിണാഫ്രിക്കൻ നിരയിൽ ബെഡിങ്ഹാമും വെരെയ്നക്കും മാത്രമാണ് രണ്ടക്കം കടക്കാനായത്. വിടവാങ്ങൽ ടെസ്റ്റിൽ ക്യാപ്റ്റനായി ടോസ് നേടിയിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഡീൻ എൽഗറിന് പിഴച്ചു. ആദ്യ ഓവർ മുതൽ മികച്ച സ്വിങ്ങും ലെങ്ഗും കണ്ടെത്താനായ സിറാജിന് മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ പകച്ചു.

വിക്കറ്റ് കീപ്പർ കെയിൽ വെരാനെ (30 പന്തിൽ 15), ഡേവിഡ് ബെഡിങ്ഹാം (17 പന്തിൽ 12) ഒഴിച്ചാൽ ദക്ഷിണാഫ്രിക്കൻ നിരയിൽ ആരും രണ്ടക്കം കടന്നില്ല. എയ്ഡൻ മാർക്രം (2), ക്യാപ്റ്റൻ എൽഗർ (4), ടോണി ഡി സോർസി (2), ട്രിസ്റ്റൻ സ്റ്റബ്സ് (3), മാർക്രോ ജാൻസെൻ (0), കേശവ് മഹാരാജ് (3), കഗിസോ റബാദ (5), നാന്ദ്രേ ബർഗർ (4), ലുങ്കി എങ്കിടി (0) എന്നിവരെല്ലാം നിരാശപ്പെടുത്തി.

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരേ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്‌കോറാണിത്. 1932-നു ശേഷം ദക്ഷിണാഫ്രിക്ക ഇത്രയും ചെറിയ സ്‌കോറിന് പുറത്താകുന്നതും ഇതാദ്യം. ഒന്നാം ദിവസത്തിന്റെ ഒന്നാം സെഷനിൽ തന്നെ മുഴുവൻ പേരും പുറത്തായെന്ന നാണക്കേടും ദക്ഷിണാഫ്രിക്ക പേറേണ്ടിവരും.

ബുംറക്കുശേഷം സിംഗിൾ സെഷനിൽ ആറു വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ പേസറാണ് സിറാജ്. ലോകക്രിക്കറ്റിൽ ആറാമത്തെ താരവും. സിറാജിന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സാണിത്. ഒൻപത് ഓവറുകൾ മാത്രമെറിഞ്ഞാണ് സിറാജിന്റെ ആറു വിക്കറ്റ് സമ്പാദ്യം.

ദക്ഷിണാഫ്രിക്കൻ നിരയിൽ ട്രിസ്റ്റൻ സ്റ്റബ്സ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചു. ലുങ്കി എൻഗിഡിയും കേശവ് മഹാരാജും ടെസ്റ്റ് ടീമിൽ തിരിച്ചെത്തി. പരിക്കേറ്റ തെംമ്പ ബവുമയ്ക്കും ജെറാൾഡ് കുറ്റ്സെയ്ക്കും ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് നഷ്ടമായി. ബവുമയുടെ അസാന്നിധ്യത്തിൽ ഡീൻ എൽഗറാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത് അതേസമയം, ഇന്ത്യൻ നിരയിൽ രവിചന്ദ്ര അശ്വിന് പകരം രവീന്ദ്ര ജഡേജയേയും ശർദുൽ ഠാക്കൂറിന് പകരം മുകേഷ് കുമാറിനേയും ഉൾപ്പെടുത്തി.