കേപ്ടൗൺ: കേപ്ടൗൺ ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ചുറിയുമായി ഒറ്റയാൾ പോരാട്ടം നയിച്ച ഓപ്പണർ ഏയ്ഡൻ മാർക്രമിന്റെ ബാറ്റിങ് മികവിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് മറികടന്ന് ദക്ഷിണാഫ്രിക്ക. ഇന്ത്യയുടെ 98 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് മറികടന്ന ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടാം ഇന്നിങ്‌സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെന്ന നിലയിലാണ്. 103 പന്തിൽ പതിനേഴ് ബൗണ്ടറികളുടെയും രണ്ട് സിക്‌സറുകളുടെയും അകമ്പടിയോടെ 106 റൺസ് എടുത്ത് മാർക്രം പുറത്തായി.

കേപ്ടൗണിൽ 62-3 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടരെ നാല് വിക്കറ്റുകൾ കൂടി നഷ്ടമായെങ്കിലും ഏയ്ഡൻ മാർക്രം പൊരുതിയതോടെയാണ് ഇന്ത്യയുടെ 98 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ദക്ഷിണാഫ്രിക്ക മറികടന്നത്. ഒരു വിക്കറ്റ് കൈയിലിരിക്കെ 66 റൺസിന്റെ ആകെ ലീഡാണ് ദക്ഷിണാഫ്രിക്കക്കുള്ളത്. രണ്ടാം ദിനം തുടക്കത്തിൽ വീണ നാലു വിക്കറ്റുകളും സ്വന്തമാക്കിയത് ജസ്പ്രീത് ബുമ്രയാണ്. ഇതോടെ ബുമ്ര അഞ്ച് വിക്കറ്റ് നേട്ടം തികച്ചു.

ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ ഏയ്ഡൻ മാർക്രത്തിന്റെ മിന്നും സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ് സമ്മാനിച്ചത്. രണ്ടാം ദിനം ആദ്യ ഓവറിലെ അവസാന പന്തിൽ ജസ്പ്രീത് ബുമ്ര ബെഡിങ്ഹാമിനെ വിക്കറ്റിന് പിന്നിൽ കെ എൽ രാഹുലിന്റെ കൈകളിലെത്തിച്ചു. 11 റൺസായിരുന്നു ബെഡിങ്ഹാമിന്റെ സമ്പാദ്യം. പിന്നീടെത്തിയ വെറിയെന്നെ മാർക്രത്തിന് പിന്തുണ നൽകിയെങ്കിലും ഭാഗ്യം കൊണ്ട് ക്രീസിൽ പിടിച്ചു നിന്നു.

ഒടുവിൽ ബുമ്രയുടെ ഷോട്ട് ബോൾ പുൾ ചെയ്യാനുള്ള ശ്രമത്തിൽ വെറിയെന്നെ മിഡോണിൽ മുഹമ്മദ് സിറാജിന്റെ കൈകളിലെത്തി. വെറിയെന്നെ മടങ്ങുമ്പോൾ ഇന്ത്യൻ സ്‌കോർ മറികടക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് 14 റൺസ് കൂടി വേണമായിരുന്നു. മാർക്കൊ യാൻസനൊപ്പം ആക്രമിച്ച് കളിച്ച മാർക്രം ദക്ഷിണാഫ്രിക്കയെ ലീഡിലേക്ക് നയിച്ചു.

പന്ത് അപ്രതീക്ഷിതമായി കുതിച്ചുയരുകയും താഴ്ന്നു പോകുകയും ചെയ്യുന്ന പിച്ചിൽ 100ന് മുകളിലുള്ള ഏത് വിജയലക്ഷ്യവും വെല്ലുവിളിയാകുമെന്നതിനാൽ ദക്ഷിണാഫ്രിക്കയെ എത്രയും വേഗം പുറത്താക്കാനാണ് ഇന്ത്യയുടെ ശ്രമം. നേരത്തെ ഒന്നാം ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്ക 55 റൺസിന് ഓൾ ഔട്ടായപ്പോൾ ഇന്ത്യ 153 റൺസിന് പുറത്തായിരുന്നു. ഇന്ത്യയുടെ അവസാന ആറ് വിക്കറ്റുകൾ ഒരു റൺസ് പോലും കൂട്ടിച്ചേർക്കാതെയാണ് നഷ്ടമായത്.