- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏകദിന ശൈലിയിൽ വെടിക്കെട്ട് സെഞ്ചുറിയുമായി ഏയ്ഡൻ മാർക്രം; ആറ് വിക്കറ്റുമായി ജസ്പ്രീത് ബുമ്ര; ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സിൽ 176 റൺസിന് പുറത്ത്; കേപ്ടൗൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 79 റൺസ് വിജയലക്ഷ്യം
കേപ്ടൗൺ: ഏകദിന ശൈലിയിൽ തകർത്തടിച്ച് മിന്നും സെഞ്ചുറിയുമായി ഒറ്റയാൾ പോരാട്ടം നയിച്ച ഓപ്പണർ എയ്ഡൻ മാർക്രമിന്റെ ബാറ്റിങ് മികവിൽ കേപ്ടൗൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് മുന്നിൽ 79 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി ദക്ഷിണാഫ്രിക്ക. 62-3 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം ലഞ്ചിന് മുമ്പെ 176 റൺസിന് ഓൾ ഔട്ടായി.
ബാറ്റർമാർ പതറിവീണ ന്യൂലാൻഡ് പിച്ചിൽ പരിമിത ഓവർ ക്രിക്കറ്റ് കളിക്കുംപോലെയായിരുന്നു മാർക്രം സെഞ്ചുറി തികച്ചത്. 13.5 ഓവറിൽ 61 റൺസ് വഴങ്ങി ആറ് വിക്കറ്റുകൾ നേടിയ ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിന്റെ കഥകഴിച്ചത്. മുകേഷ് കുമാർ രണ്ടും സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റും നേടി.
ഏയ്ഡൻ മാർക്രം 103 പന്തിൽ106 റൺസുമായി വെടിക്കെട്ട് സെഞ്ചുറി കുറിച്ചപ്പോൾ ജസ്പ്രീത് ബുമ്ര ആറ് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയുടെ പോരാട്ടത്തിന് കരുത്ത് പകർന്നത്. 103 പന്തിൽനിന്ന് രണ്ട് സിക്സിന്റെയും 17 ഫോറിന്റെയും അകമ്പടിയോടെ മാർക്രം നേടിയ 106 റൺസ് ബലത്തിൽ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സിൽ ഭേദപ്പെട്ട സ്കോർ ഉയർത്താനായി.
ഓപണറായിറങ്ങിയ മാർക്രം എട്ടാമതായാണ് പുറത്തായത്. മുഹമ്മദ് സിറാജിന്റെ പന്തിൽ രോഹിത് ശർമയ്ക്ക് ക്യാച്ച് നൽകിയായിരുന്നു മടക്കം. പ്രോട്ടീസ് നിരയിൽ മാർക്രമല്ലാത്ത ഒരാൾക്കുപോലും കാര്യമായി ബാറ്റുചെയ്യാനായില്ല. ക്യാപ്റ്റൻ ഡീൻ എൽഗറാണ് രണ്ടാമത് ഏറ്റവും കൂടുതൽ റൺസെടുത്തത്-12 റൺസ്. ഡേവിഡ് ബെഡിങ്ഹാം (11), മാർക്കോ ജാൻസൻ (11), ലുങ്കി എൻഗിഡി (8), കിലെ വെരാനെ (9), നാന്ദ്രേ ബർഗർ (6*), കേശവ് മഹാരാജ് (3), കഗിസോ റബാദ (2), ടോണി ഡി സോർസി (1), ട്രിസ്റ്റൻ സ്റ്റബ്സ് (1) എന്നിങ്ങനെയായിരുന്നു ബാക്കിയുള്ള സ്കോറുകൾ.
രണ്ടാം ദിനം ആദ്യ ഓവറിലെ അവസാന പന്തിൽ ജസ്പ്രീത് ബുമ്ര ബെഡിങ്ഹാമിനെ വിക്കറ്റിന് പിന്നിൽ കെ എൽ രാഹുലിന്റെ കൈകളിലെത്തിച്ചു. 11 റൺസായിരുന്നു ബെഡിങ്ഹാമിന്റെ സമ്പാദ്യം. പിന്നീടെത്തിയ വെറിയെന്നെ മാർക്രത്തിന് പിന്തുണ നൽകിയെങ്കിലും ഭാഗ്യം കൊണ്ട് ക്രീസിൽ പിടിച്ചു നിന്നു. ഒടുവിൽ ബുമ്രയുടെ ഷോട്ട് ബോൾ പുൾ ചെയ്യാനുള്ള ശ്രമത്തിൽ വെറിയെന്നെ മിഡോണിൽ മുഹമ്മദ് സിറാജിന്റെ കൈകളിലെത്തി. വെറിയെന്നെ മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ മറികടക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് 14 റൺസ് കൂടി വേണമായിരുന്നു.
മാർക്കൊ യാൻസനൊപ്പം ആക്രമിച്ച് കളിച്ച മാർക്രം ദക്ഷിണാഫ്രിക്കയെ ലീഡിലേക്ക് നയിച്ചു. യാൻസനെയും കേശവ് മഹാരാജിനെയും പുറത്താക്കി അഞ്ച് വിക്കറ്റ് തികച്ച ബുമ്ര ദക്ഷിണാഫ്രിക്കയെ 111-7ലേക്ക് തള്ളിവിട്ടശേഷമായിരുന്നു മാർക്രം കടന്നാക്രമിച്ചത്. മറുവശത്ത് കാഗിസോ റബാഡയെ സംരക്ഷിച്ചു നിർത്തി മാർക്രം തകർത്തടിച്ചു. ബുമ്രയുടെ പന്തിൽ മാർക്രം നൽകിയ അനായാസ ക്യാച്ച് ഇതിനിടെ രാഹുൽ നിലത്തിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി.
73 റൺസെടുത്ത് നിൽക്കെ ജീവൻ കിട്ടിയ മാർക്രം പ്രസിദ്ധ് കൃഷ്ണയുടെ ആദ്യ ഓവറിൽ രണ്ട് സിക്സ് അടക്കം 20 റൺസടിച്ച് അതിവേഗം സെഞ്ചുറിക്ക് അരികിലെത്തി. ജസ്പ്രീത് ബുമ്രയെ ബൗണ്ടറി കടത്തി 99 പന്തിൽ സെഞ്ചുറി തികച്ച മാർക്രം ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട ലീഡിലേക്ക് നയിച്ചു. ഒടുവിൽ മാർക്രത്തെ വീഴ്ത്തി മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ആശ്വസിക്കാൻ വക നൽകിയത്. സിറാജിന്റെ പന്തിൽ മാർക്രത്തെ രോഹിത് ക്യാച്ചെടുക്കുകയായിരുന്നു.
മാർക്രം മടങ്ങിയതിന് പിന്നാലെ കാഗിസോ റബാഡയെ പ്രസിദ്ധ് കൃഷ്ണ രോഹിത്തിന്റെ കൈകളിലെത്തിച്ചു. പിന്നാലെ എങ്കിഡിയെ സ്ലിപ്പിൽ യശസ്വിയുടെ കൈകളിലെത്തിച്ച് ബുമ്ര തന്നെ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് അവസാനിപ്പിച്ചു. നേരത്തെ ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 55 റൺസിന് ഓൾ ഔട്ടായപ്പോൾ ഇന്ത്യ 153 റൺസിന് പുറത്തായിരുന്നു. ഇന്ത്യയുടെ അവസാന ആറ് വിക്കറ്റുകൾ ഒരു റൺസ് പോലും കൂട്ടിച്ചേർക്കാതെയാണ് നഷ്ടമായത്.