- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവർഷത്തിൽ ജയത്തോടെ തുടക്കമിട്ട് ഇന്ത്യ; കേപ്ടൗണിൽ ടെസ്റ്റ് മത്സരം ജയിക്കുന്ന ഏഷ്യയിൽനിന്നുള്ള ആദ്യ നായകനായി രോഹിത് ശർമ; ധോണിക്കു ശേഷം പരമ്പരയിൽ സമനില നേടുന്നതും ആദ്യം; ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ ഓവറുകളിൽ പൂർത്തിയായ മത്സരമെന്ന നാണക്കേട് പ്രോട്ടീസിന്
കേപ്ടൗൺ: പുതുവർഷത്തിൽ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ചരിത്ര ജയത്തോടെ തുടക്കമിട്ട് രോഹിത് ശർമ്മയും സംഘവും. രണ്ടാം ദിവസത്തിലെ രണ്ടാം സെഷനിൽത്തന്നെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ജയിച്ച ഇന്ത്യ അപൂർവ നേട്ടങ്ങളാണ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 79 റൺസ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 23 പന്തിൽ 28 റൺസെടുത്ത് യശസ്വി പുറത്തായപ്പോൾ 11 പന്തിൽ 10 റൺസെടുത്ത് ഗില്ലും വിജയത്തിന് അരികെ 11 പന്തിൽ 12 റൺസെടുത്ത് കോലിയും വീണെങ്കിലും 17 റൺസുമായി ക്യാപ്റ്റൻ രോഹിത് ശർമയും നാല് റൺസുമായി ശ്രേയസ് അയ്യരും ചേർന്ന് ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചു.
ജയത്തോടെ രണ്ട് മത്സര പരമ്പര ഇന്ത്യ 1-1ന് സമനിലയിൽ പിടിച്ചു. സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഇന്നിങ്‌സ് ജയം സ്വന്തമാക്കിയിരുന്നു. പുതുവർഷത്തിൽ ജയത്തോടെ തുടങ്ങിയ ഇന്ത്യ കേപ്ടൗണിൽ ആദ്യ വിജയമാണ് സ്വന്തമാക്കിയത്. ചെറിയ വിജലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി യശസ്വി ജയ്‌സ്വാൾ തകർത്തടിച്ചു തുടങ്ങിയതോടെ കാര്യങ്ങൾ എളുപ്പമായി. രോഹിത്തിന് രണ്ട് തവണ ജീവൻ കിട്ടിയതും ഇന്ത്യക്ക് അനുഗ്രഹമായി.വിജയത്തിന് നാലു റൺസകലെയാണ് കോലി പുറത്തായത്. സ്‌കോർ ദക്ഷിണാഫ്രിക്ക 55, 176, ഇന്ത്യ 153, 80-3.
ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ ഓവറുകളിൽ പൂർത്തിയായ മത്സരമെന്ന നാണക്കേടും കേപ്ടൗൺ ടെസ്റ്റിനായി. രണ്ട് ദിവസങ്ങളിലായി അഞ്ച് സെഷനുകൾക്കുള്ളിൽ 107 ഓവറുകളിലാണ് മത്സരം പൂർത്തിയായത്. കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാണിത്. ധോണിക്കു ശേഷം ദക്ഷിണാഫ്രിക്കയിൽ ഒരു ടെസ്റ്റ് പരമ്പര സമനിലയിലാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ക്യാപ്റ്റനെന്ന നേട്ടത്തിലേക്ക് രോഹിത് ശർമയുമെത്തി. കേപ്ടൗണിൽ ടെസ്റ്റ് മത്സരം ജയിക്കുന്ന ഏഷ്യയിൽനിന്നുള്ള ആദ്യത്തെ ക്യാപ്റ്റൻ കൂടിയാണു രോഹിത്.
വിജയത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ അതിവേഗത്തിൽ തന്നെ തുടങ്ങി. 23 പന്തിൽ 28 റൺസെടുത്ത യശസ്വി ജയ്സ്വാളിനെയാണ് ആദ്യം നഷ്ടമായത്. ആറ് ഫോർ ഉൾപ്പെടെയായിരുന്നു ജയ്സ്വാളിന്റെ ഇന്നിങസ്. ബർഗറിന്റെ പന്തിൽ സ്റ്റബ്സിന് ക്യാച്ച് നൽകിയാണ് ജയ്സ്വാൾ മടങ്ങിയത്. 11 പന്തിൽ 10 റൺസെടുത്ത ശുഭ്മാൻ ഗിൽ രണ്ടാമതായും വീണു. റബാദയ്ക്കായിരുന്നു വിക്കറ്റ്. 11 പന്തിൽ 12 റൺസുമായി വിരാട് കോലിയെ ജാൻസനും മടക്കി.
നേരത്തേ 103 പന്തിൽനിന്ന് രണ്ട് സിക്സിന്റെയും 17 ഫോറിന്റെയും അകമ്പടിയോടെ മാർക്രം നേടിയ 106 റൺസ് ബലത്തിൽ ദക്ഷിണാഫ്രിക്ക 176 റൺസ് നേടിയിരുന്നു. 36.5 ഓവറിലായിരുന്നു ഇത്. ഇതോടെ ഇന്ത്യക്ക് ജയിക്കാൻ 79 റൺസായി. ആറു വിക്കറ്റുകൾ നേടിയ ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിന്റെ കഥകഴിച്ചത്. ഓപണറായിറങ്ങിയ മാർക്രം എട്ടാമതായാണ് പുറത്തായത്. മുഹമ്മദ് സിറാജിന്റെ പന്തിൽ രോഹിത് ശർമയ്ക്ക് ക്യാച്ച് നൽകിയായിരുന്നു മടക്കം. പ്രോട്ടീസ് നിരയിൽ മാർക്രമല്ലാത്ത ഒരാൾക്കുപോലും കാര്യമായി ബാറ്റുചെയ്യാനായില്ല. ക്യാപ്റ്റൻ ഡീൻ എൽഗറാണ് രണ്ടാമത് ഏറ്റവും കൂടുതൽ റൺസെടുത്തത്-12 റൺസ്.
ഡേവിഡ് ബെഡിങ്ഹാം (11), മാർക്കോ ജാൻസൻ (11), ലുങ്കി എൻഗിഡി (8), കിലെ വെരാനെ (9), നാന്ദ്രേ ബർഗർ (6*), കേശവ് മഹാരാജ് (3), കഗിസോ റബാദ (2), ടോണി ഡി സോർസി (1), ട്രിസ്റ്റൻ സ്റ്റബ്സ് (1) എന്നിങ്ങനെയായിരുന്നു ബാക്കിയുള്ള സ്‌കോറുകൾ. ഇന്നലെ മൂന്നിന് 62 എന്ന നിലയിൽനിന്നാണ് രണ്ടാംദിനം ദക്ഷിണാഫ്രിക്ക ബാറ്റിങ് പുനരാരംഭിച്ചത്. മുകേഷ് കുമാർ രണ്ടും സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റും നേടി.
ആദ്യ ഇന്നിങ്‌സിൽ മുഹമ്മദ് സിറാജിനു മുന്നിൽ കുടുങ്ങിയ ആതിഥേയരെ രണ്ടാം ഇന്നിങ്‌സിൽ തകർത്തെറിഞ്ഞത് ജസ്പ്രീത് ബുമ്ര. 13.5 ഓവറുകൾ പന്തെറിഞ്ഞ ബുമ്ര 61 റൺസ് വിട്ടുകൊടുത്ത് ആറു വിക്കറ്റു വീഴ്‌ത്തി. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇതു മൂന്നാം തവണയാണ് ബുമ്ര അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കായി ഓപ്പണർ എയ്ഡൻ മാർക്‌റാം സെഞ്ചറി തികച്ചു. 103 പന്തുകൾ നേരിട്ട താരം 106 റൺസെടുത്താണു പുറത്തായത്. ഒരു ഭാഗത്ത് എയ്ഡൻ മാർക്റാം നിലയുറപ്പിച്ചപ്പോഴും കാര്യമായ പിന്തുണ നൽകാൻ ആരുമുണ്ടായില്ല. ക്യാപ്റ്റൻ ഡീൻ എൽഗാർ (28 പന്തിൽ 12), ടോണി ഡെ സോർസി (7 പന്തിൽ 1), ട്രിസ്റ്റൻ സ്റ്റബ്‌സ് (14 പന്തിൽ 1) എന്നിവർ ബുധനാഴ്ച തന്നെ പുറത്തായിരുന്നു.
വ്യാഴാഴ്ച കളി തുടങ്ങിയതിനു തൊട്ടുപിന്നാലെ ബുമ്ര വിക്കറ്റു വേട്ട തുടങ്ങിയതോടെ ദക്ഷിണാഫ്രിക്ക നിന്നുവിറച്ചു. 18ാം ഓവറിലെ അവസാന പന്തിൽ ഡേവിഡ് ബേഡിങ്ങാമിനെ ബുമ്ര വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്റെ കൈകളിലെത്തിച്ചു.
കെയ്ൻ വെരെയ്ൻ (ഏഴു പന്തിൽ ഒൻപത്), മാർകോ ജാൻസൻ (ഒൻപതു പന്തിൽ 11), കേശവ് മഹാരാജ് (നാല് പന്തിൽ മൂന്ന്) എന്നിവരും ബുമ്രയ്ക്കു മുന്നിൽ കീഴടങ്ങി. 99 പന്തുകളിൽനിന്നാണ് മാർക്‌റാം സെഞ്ചറി തികച്ചത്. തൊട്ടുപിന്നാലെ മുഹമ്മദ് സിറാജിന്റെ പന്തിൽ ക്യാപ്റ്റൻ രോഹിത് ശർമ ക്യാച്ചെടുത്ത് താരം പുറത്തായി. 12 പന്തിൽ രണ്ട് റൺസ് മാത്രമെടുത്ത റബാദയെ പ്രസിദ്ധ് കൃഷ്ണ മടക്കി. എൻഗിഡിയെ പുറത്താക്കി ബുമ്ര വിക്കറ്റു നേട്ടം ആറാക്കി.
രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 153 റൺസിനു പുറത്തായി. ഒന്നാം ഇന്നിങ്‌സിൽ 98 റൺസ് ലീഡ് ലഭിച്ചു എന്നതാണ് ഇന്ത്യയ്ക്കുള്ള മേൽക്കൈ. 46 റൺസെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ യശ്വസി ജയ്‌സ്വാളിനെ (പൂജ്യം) നഷ്ടമായി. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ രോഹിത് ശർമയും (50 പന്തിൽ 39), ശുഭ്മാൻ ഗിൽ (55 പന്തിൽ 36) ചേർന്നുള്ള ബാറ്റിങ് ഇന്ത്യയെ കൂറ്റൻ ലീഡിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ 15ാം ഓവറിൽ രോഹിത്തിനെ പുറത്താക്കി ബർഗർ ആ പ്രതീക്ഷ തകർത്തു. പിന്നീട് മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാകാതെ പോയതാണ് ഇന്ത്യൻ ഇന്നിങ്‌സിനു തിരിച്ചടിയായത്.
ഇന്ത്യൻ ഇന്നിങ്‌സിൽ ആറു പേർ പൂജ്യത്തിനു പുറത്തായി. 153 എന്ന സ്‌കോറിൽ നിൽക്കെയാണ് അവസാന ആറു വിക്കറ്റുകളും ഇന്ത്യയ്ക്കു നഷ്ടമായത്. ജയ്സ്വാളിനെ കൂടാതെ ശ്രേയസ്സ് അയ്യർ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസീദ്ധ് കൃഷ്ണ എന്നിവരാണ് മറ്റു സംപൂജ്യക്കാർ. കെ.എൽ.രാഹുൽ എട്ടു റൺസെടുത്തു. മുകേഷ് കുമാർ (പൂജ്യം*) പുറത്താകാതെ നിന്നു.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക വെറും 23.2 ഓവറിൽ 55 റൺസെടുത്തു പുറത്തായി. ആറു വിക്കറ്റു വീഴ്‌ത്തി കേപ്ടൗണിൽ തീക്കാറ്റായ മുഹമ്മദ് സിറാജാണ് ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞത്. 15 റൺസെടുത്ത കെയ്ൽ വെറെയ്‌നെയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. വെറെയ്‌നു പുറമേ ഡേവിഡ് ബെഡിങ്ഹാം മാത്രമാണു രണ്ടക്കം കടന്ന മറ്റൊരു ദക്ഷിണാഫ്രിക്കൻ താരം.
ജസ്പ്രീത് ബുമ്ര, മുകേഷ് കുമാർ എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്‌ത്തി. സ്‌കോർ എട്ടു റൺസിൽ നിൽക്കെയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റു വീണത്. ഓപ്പണർമാരായ എയ്ഡൻ മാർക്‌റാം (രണ്ട്), ഡീൻ എൽഗാർ എന്നിവർ മടങ്ങി. ടെസ്റ്റിലെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ട്രിസ്റ്റൻ സ്റ്റബ്‌സിനെ ജസ്പ്രീത് ബുമ്ര വീഴ്‌ത്തി. 11 പന്തുകളിൽനിന്ന് മൂന്ന് റൺസാണ് സ്റ്റബ്‌സ് നേടിയത്. ടോണി ഡെ സോർസി (രണ്ട്), ഡേവിഡ് ബേഡിങ്ങാം (17 പന്തിൽ 12), കെയ്ൽ വെറെയ്ൻ (30 പന്തിൽ 15), മാർകോ ജാൻസൻ (പൂജ്യം) എന്നിവരെക്കൂടി പുറത്താക്കി സിറാജ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചു. കേശവ് മഹാരാജിന്റേയും (മൂന്ന്), കഗിസോ റബാദയുടേയും വിക്കറ്റുകൾ (അഞ്ച്) മുകേഷ് കുമാറിനാണ്.
സ്പോർട്സ് ഡെസ്ക്