കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ മണ്ണിൽ എക്കാലത്തെയും മികച്ച വിജയം സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യൻ ടീം അംഗങ്ങളും ആരാധകരും. കേപ്ടൗണിലെ 'അതിവേഗ' പിച്ചിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര സമനിലാക്കാനും ഇന്ത്യക്ക് സാധിച്ചു. രണ്ട് ദിവസത്തിനിടെ തന്നെ മത്സരം പൂർത്തിയാവുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ മത്സരമായി മാറുകയും ചെയ്തു.

SENA രാജ്യങ്ങളിൽ (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ) കളിക്കുമ്പോൾ ഇന്ത്യ സ്വന്തമാക്കുന്ന ഏറ്റവും വലിയ വിജയങ്ങളിലൊന്നാണിത്. വിക്കറ്റ് അടിസ്ഥാനത്തിലെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. 2009ൽ ന്യൂസിലൻഡിനെ ഹാമിൽട്ടണിൽ 10 വിക്കറ്റിന് തകർത്താണ് ഏറ്റവും മികച്ച ജയം. 1968, 1976 വർഷങ്ങളിൽ ന്യൂസിലൻഡ്, 2020ൽ ഓസ്ട്രേലിയ എന്നിവർക്കെതിരെ എട്ട് വിക്കറ്റിന് ജയിച്ചതും പട്ടികയിലുണ്ട്. 2007ൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തോൽപ്പിക്കാനും ഇന്ത്യക്കായിരുന്നു. ഇപ്പോൾ ദക്ഷിണാഫ്രിക്കയേയും.

2006ലാണ് ഇന്ത്യ ആദ്യമായി ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒരു ടെസ്റ്റ് ജയിക്കുന്നത്. അന്ന് രാഹുൽ ദ്രാവിഡായിരുന്നു ക്യാപ്റ്റൻ. ഇതോടെ ക്യാപ്റ്റനായും പരിശീലകനായും ദക്ഷിണാഫ്രിക്കയിൽ ജയിക്കാൻ സാധിച്ചു.

2010ൽ എം എസ് ധോണിക്ക് കീഴിലും ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ ജയിച്ചു. 2018, 2021 വർഷങ്ങളിൽ വിരാട് കോലിക്കും കീഴിൽ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയിൽ ജയിക്കാനായി. ഇത്തവണ രോഹിത്തിനായിരുന്നു ആ നിയോഗം. കേപ്ടൗണിൽ ജയിക്കുന്ന ആദ്യ ഏഷ്യൻ ടീമാവാനും ഇന്ത്യക്ക് സാധിച്ചു.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ദൈർഘ്യം കുറഞ്ഞ മത്സരമാണ് കേപ്ടൗണിൽ അവസാനിച്ചത്. ദക്ഷിണാഫ്രിക്ക - ഇന്ത്യ രണ്ടാം ടെസ്റ്റിൽ എറിഞ്ഞത് 642 പന്തുകൾ മാത്രം. എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ മത്സരമാണിത്. 1932ൽ മെൽബണിൽ ഓസ്്ട്രേലിയയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ വന്നപ്പോൾ കളിച്ച 656 പന്തുകളുടെ റെക്കോർഡാണ് പഴങ്കഥയായത്. 1935ൽ വെസ്റ്റ് ഇൻഡീസ് - ഇംഗ്ലണ്ട് (672 പന്തുകൾ), 1888ൽ ഇംഗ്ലണ്ട് - ഓസ്ട്രേലിയ (788 പന്തുകൾ), 1888ൽ ഇംഗ്ലണ്ട് - ഓസ്ട്രേലിയ (792 പന്തുകൾ) എന്നീ മത്സരങ്ങളും പിറകിലുണ്ട്.

ഇത് മൂന്നാം തവണയാണ് ഇന്ത്യ രണ്ട് ദിവസത്തിനിടെ മത്സരം പൂർത്തിയാക്കുന്നത്. 2018ലായിരുന്നു ആദ്യത്തേത്. അഫ്ഗാനിസ്ഥാനായിരുന്നു ഇന്ത്യയുടെ എതിരാളി. 2021ൽ അഹമ്മദാബാദിൽ ഇംഗ്ലണ്ടിനെതിരെയും ഇന്ത്യ രണ്ട് ദിവസത്തിനിടെ മത്സരം പൂർത്തിയാക്കി. ഇപ്പോൾ കേപ്ടൗണിലും.

അതേ സമയം കേപ്ടൗണിലെ ന്യൂലൻഡ് പിച്ചിനെതിരെ ഇപ്പോൾ തന്നെ വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു. എന്നാൽ ഇന്ത്യയുടെ വിജയത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ തൃപ്തനനാണ്. പിച്ചിനെ കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു.

''ഈ മത്സരത്തിൽ നിങ്ങൾ കണ്ടു എങ്ങനെ പിച്ച് മത്സരം മാറ്റിയെന്ന്. ഇതുപോലത്തെ പിച്ചുകളിലാണ് കളിക്കാൻ ആഗ്രഹിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ഇത്തരം പിച്ചുകൾ ഉണ്ടാക്കിയാൽ വൻ വിമർശനങ്ങൾ ഉണ്ടാവും. ഞങ്ങൾ ഇവിടെ വന്നത് വെല്ലുവിളികൾ സ്വീകരിക്കാൻ തന്നെയാണ്. ഇന്ത്യയിൽ എത്തുമ്പോഴും ഇത്തരത്തിൽ വെല്ലുവിളികളുണ്ടാവും. ടെസ്റ്റ് മത്സരങ്ങൾ എന്നും വെല്ലുവിളി നിറഞ്ഞതാണ്. ഇന്ത്യയെ പിച്ചുകളെ കുറിച്ച എപ്പോഴും വിമർശനങ്ങൾ ഉണ്ടാവാറുണ്ട്. ഒന്നു കുത്തിത്തിരിഞ്ഞാൽ പ്രശ്നമാണ്. കുഴി കുത്തി എന്നാ തരത്തിൽ റിപ്പോർട്ടുകൾ പോവും. എല്ലാവരുടെ കാര്യത്തിലും ഒരേ സമീപനമാണ് വേണ്ടത്.'' രോഹിത് വ്യക്തമാക്കി.

ലോകകപ്പ് ഫൈനലിലെ പിച്ചിനെ കുറിച്ചും രോഹിത് സംസാരിച്ചു. '''ലോകകപ്പ് ഫൈനൽ പിച്ച് ശരാശരിയിലും താഴെയെന്നാണ് രേഖപെടുത്തിയത്. എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായിട്ടില്ല. ആ പിച്ചിൽ ഒരാൾക്ക് സെഞ്ചുറി നേടാൻ സാധിച്ചിരുന്നുവെന്ന് ഓർക്കണം. ഇത്തരം പിച്ചുകളിൽ കളിക്കാൻ തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കഴിഞ്ഞ 4-5 വർഷമായി, ഞങ്ങൾ വളരെ മികച്ച ടീമായി മാറി. ഇന്ത്യയ്ക്ക് പുറത്തുള്ള ഞങ്ങളുടെ പ്രകടനത്തിൽ അഭിമാനമുണ്ട്. ദക്ഷിണാഫ്രിക്ക ഒരു മികച്ച ടീമാണ്, അവർ എപ്പോഴും ഞങ്ങളെ വെല്ലുവിളിക്കുന്നു, അതുകൊണ്ടായിരിക്കാം ഞങ്ങൾ ഒരു പരമ്പര നേടാനാവാത്തത്.'' രോഹിത് പറഞ്ഞുനിർത്തി.

കേപ്ടൗണിൽ കേപ്ടൗൺ ക്രിക്കറ്റ് ടെസ്റ്റിൽ ഏഴ് വിക്കറ്റിന്റെ ചരിത്ര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 79 റൺസ് വിജയലക്ഷ്യം യശസ്വി ജയ്സ്വാളിന്റെയും ശുഭ്മാൻ ഗില്ലിന്റെയും വിരാട് കോലിയുടെയും വിക്കറ്റുകൾ നഷ്ടപ്പെടുത്തി ഇന്ത്യ 12 ഓവറിൽ അടിച്ചെടുത്തു.