- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡേവിഡ് വാർണറുടെ കാണാതെ പോയ ബാഗി ഗ്രീൻ ക്യാപ് തിരിച്ചുകിട്ടി
സിഡ്നി: കരിയറിലെ അവസാന ടെസ്റ്റ് മത്സരം പൂർത്തിയാകും മുമ്പ് ആശ്വാസവാർത്ത ആരാധകരെ അറിയിച്ച് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. യാത്രയ്ക്കിടെ കാണാതായ തന്റെ ബാഗി ഗ്രീൻ ക്യാപ് തിരികെ കിട്ടിയ വിവരം സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിനമാണ് ഡേവിഡ് വാർണർ ആരാധകരെ അറിയിച്ചത്. തന്റെ ബാഗി ഗ്രീൻ കണ്ടെത്താൻ പരിശ്രമിച്ചവരോട് നന്ദിയുണ്ടെന്നും താരം അറിയിച്ചു.
സിഡ്നിയിൽ പാക്കിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിനായി എത്തിയപ്പോഴാണ് വിലമതിക്കാനാനാവാത്ത തന്റെ ബാഗി ഗ്രീൻ തൊപ്പി യാത്രക്കിടെ നഷ്ടമായ വിവരം വാർണർ അറിയുന്നത്. ഇതോടെ തൊപ്പി കിട്ടിയവർ തിരികെ നൽകണമെന്ന് വാർണർ സമൂഹമാധ്യമങ്ങൾ വഴി അഭ്യർത്ഥിക്കുകയും ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
പാക്കിസ്ഥാനെതിരായ സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിനമാണ് വാർണർ തൊപ്പി തിരികെ കിട്ടിയ കാര്യം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ തുറന്നു പറഞ്ഞത്. എന്റെ ബാഗി ഗ്രീൻ ക്യാപ് തിരികെ കിട്ടിയതിൽ സന്തോഷവും ആശ്വാസവും ഉണ്ട്. അത് കണ്ടെത്താൻ പരിശ്രമിച്ചവരോട് എനിക്ക് നന്ദിയുണ്ട്, ക്വാണ്ടാസ് ടീം, ഫ്രൈറ്റ് കമ്പനി, ഹോട്ടൽ അധികൃതർ, ഞങ്ങളുടെ സ്വന്തം ടീം മാനേജ്മെന്റ് അങ്ങനെ എല്ലാവരോടും നന്ദി പറയുന്നു-വാർണർ പറഞ്ഞു.
പാക്കിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിനായി സിഡ്‌നിയിലേക്കുള്ള യാത്രക്കിടെ വാർണറുടെ ബാഗിൽ നിന്നാണ് തൊപ്പി മോഷണം പോയതെന്നാണ് വിവരം. തന്റെ ബാഗ് ആണ് വേണ്ടതെങ്കിൽ നിങ്ങളത് എടുത്തോളു എനിക്ക് വേറെ ഒരെണ്ണം ഉണ്ട്, പക്ഷെ ആ തൊപ്പി തിരികെ നൽകണം എന്നും വാർണർ പറഞ്ഞിരുന്നു.
വിടവാങ്ങൽ ടെസ്റ്റ് കളിക്കുന്ന വാർണർ പാക്കിസ്ഥാനെതിരെ ആദ്യ ഇന്നിങ്‌സിൽ 20 റൺസെടുത്തു നിൽക്കെ ജീവൻ കിട്ടിയെങ്കിലും 34 റൺസെടുത്ത് പുറത്തായി. പുറത്താകലിന് പിന്നാലെ, തൊപ്പി നഷ്ടപ്പെട്ടതിനെ കുറിച്ചുള്ള ചിന്തകളായിരുന്നു കൂടുതലെന്നും വാർണർ വ്യക്തമാക്കിയിരുന്നു. അതേസമയം, അവസാന ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം കളത്തിലിറങ്ങുന്നതിന് മുൻപായാണ് ബാഗി ഗ്രീൻ തിരികെ ലഭിച്ച വിവരം വാർണർ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
ടെസ്റ്റിന് പുറമെ ഏകദിനത്തിൽ നിന്നും 36കാരനായ വാർണർ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാച്ചിരുന്നു. ഏകദിനവും ടെസ്റ്റും മതിയാക്കിയെങ്കിലും വരുന്ന ടി20 ലോകകപ്പിലും ഇന്ത്യൻ പ്രീമിയർ ലീഗിലും വാർണർ കളിക്കും.
161 ഏകദിനങ്ങളിൽ നിന്ന് 22 സെഞ്ച്വറിയും 33 അർധസെഞ്ച്വറിയും ഉൾപ്പടെ 6932 റൺസാണ് വാർണറുടെ സമ്പാദ്യം. 179 റൺസാണ് ഉയർന്ന സ്‌കോർ. ഓസ്ട്രേലിയയുടെ 2015, 2021 ഏകദിന ലോകകപ്പ് നേട്ടങ്ങളിലും നിർണായക പങ്കാളിയായിരുന്നു ഡേവിഡ് വാർണർ. സിഡ്‌നി ടെസ്റ്റിന് മുമ്പ് 109 ടെസ്റ്റുകളിലെ 199 ഇന്നിങ്‌സുകളിൽ 25 സെഞ്ചുറിയും മൂന്ന് ഇരട്ട സെഞ്ചുറിയും 36 ഫിഫ്റ്റികളും അടക്കം 44.43 ശരാശരിയിൽ 8487 റൺസാണ് വാർണറുടെ നേട്ടം.