ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിലും യു എസ് എയിലുമായി നടക്കുന്ന അടുത്ത ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന്റെ ഗ്രൂപ്പ് ഘട്ട പോരാട്ടം സംബന്ധിച്ച് തീരുമാനമായി. ഇന്ത്യയും പാക്കിസ്ഥാനും എ ഗ്രൂപ്പിലാണ്. പാക്കിസ്ഥാനുമായി ജൂൺ ഒൻപതിന് ന്യൂയോർക്കിലെ ഐസൻഹവർ പാർക്കിലാണ് ഇന്ത്യയുടെ മത്സരം. ഇന്ത്യ, പാക്കിസ്ഥാൻ ടീമുകൾക്ക് പുറമേ അയർലൻഡ്, കാനഡ, യു.എസ്.എ. എന്നീ രാജ്യങ്ങളും എ ഗ്രൂപ്പിൽത്തന്നെയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും യു എസ് എയിലാണ് നടക്കുക.

ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ 12ന് ഇന്ത്യ യുഎസ് മത്സരവും ന്യൂയോർക്കിലാണ്. ജൂൺ 15ന് കാനഡയ്‌ക്കെതിരായ പോരാട്ടം ഫ്‌ളോറിഡയിലും നടക്കും. വെള്ളിയാഴ്ച രാത്രി ലോകകപ്പ് മത്സരക്രമങ്ങൾ ഔദ്യോഗികമായി പുറത്തുവിടും. ഏകദിന ലോകകപ്പ് ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും ട്വന്റി20 ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ഗ്രൂപ്പ് ബി.യിലാണ് വരുന്നത്. 20 ടീമുകളാണ് ലോകകപ്പിനുള്ളത്. അഞ്ച് ടീമുകളെ വെച്ച് എ,ബി,സി,ഡി എന്നിങ്ങനെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം. നമീബിയ, സ്‌കോട്ട്‌ലൻഡ്, ഒമാൻ എന്നീ ടീമുകളും ബി. ഗ്രൂപ്പിലാണ്.

വെസ്റ്റ് ഇൻഡീസ്, ന്യൂസീലൻഡ്, അഫ്ഗാനിസ്താൻ, ഉഗാണ്ട, പാപ്പുവ ന്യൂഗിനി ടീമുകൾ സി. ഗ്രൂപ്പിലും ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതർലൻഡ്‌സ്, നേപ്പാൾ ടീമുകൾ ഡി. ഗ്രൂപ്പിലുമാണ്. നാല് ഗ്രൂപ്പിൽനിന്നുള്ള ഏറ്റവും മികച്ച രണ്ട് ടീമുകൾ സൂപ്പർ എട്ടിൽ കടക്കും. എട്ട് ടീമുകളെ നാല് വീതമുള്ള രണ്ട് പൂളുകളായി തിരിക്കും. തുടർന്ന് സെമി ഫൈനൽ, ഫൈനൽ എന്നിങ്ങനെയാണ് മത്സരക്രമങ്ങൾ.

ജൂൺ നാലു മുതൽ 30 വരെയാണ് ട്വന്റി20 ലോകകപ്പ്. യു.എസ്.എ.യും വെസ്റ്റ് ഇൻഡീസുമാണ് ആതിഥ്യം വഹിക്കുന്നത്. സൂപ്പർ എട്ടിലേക്ക് പ്രവേശിച്ചാൽ ജൂൺ 20-ന് ബാർബഡോസിലായിരിക്കും ഇന്ത്യയുടെ ആദ്യമത്സരം. ഫൈനൽ മത്സരവും ബാർബഡോസിൽ തന്നെയായിരിക്കുമെന്നാണ് സൂചന. സൂപ്പർ എട്ടിലെ ഇന്ത്യയുടെ മത്സരങ്ങൾ വെസ്റ്റ് ഇൻഡീസിലാണ് നടക്കുക. രണ്ടാം ട്വന്റി20 ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യൻ ടീം വിമാനം കയറുക. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഐപിഎല്ലിനിടെ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുമെന്നു വിവരം.