മുംബൈ: രോഹിത് ശർമയെ മാറ്റി ഹാർദ്ദിക്ക് പാണ്ഡ്യയെ നായകനാക്കിയതോടെ മുംബൈ ഇന്ത്യൻസ് ടീമിൽ തമ്മിലടി രൂക്ഷമാകുന്നതിനിടെ ഒളിയമ്പെയ്ത് മുൻ താരവും ടീമിന്റെ ബാറ്റിങ് പരിശീലകനുമായിരുന്ന കെയ്‌റോൺ പൊള്ളാർഡ്. ഇന്നലെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പൊള്ളാർഡ് പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് പരിഹാസം. അതേ സമയം ടീം മാനേജ്‌മെന്റിനെയാണോ പൊളാർഡ് ലക്ഷ്യമിട്ടതെന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്.

മഴ പെയ്ത് തീർന്നാൽ പിന്നെ കുട എല്ലാവർക്കുമൊരു ബാധ്യതയാണ്, ഗുണമില്ലെങ്കിൽ പിന്നെ കൂറും ഉണ്ടാവില്ല എന്ന സന്ദേശമാണ് പൊള്ളാർഡ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത്. ഇത് രോഹിത്തിനെ മാറ്റി ഹാർദ്ദിക്കിനെ ക്യാപ്റ്റനാക്കിയ മുംബൈ ഇന്ത്യൻസ് ടീം മാനേജ്‌മെന്റ് തീരുമാനത്തെ ഉദ്ദേശിച്ചാണെന്നാണ് ആരാധകർ ഇപ്പോൾ പറയുന്നത്. എന്നാൽ തന്റെ ഇൻസ്റ്റ പോസ്റ്റിനെക്കുറിച്ച് പൊള്ളാർഡ് കൂടുതലൊന്നും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

അപ്രതീക്ഷിത നീക്കത്തിലൂടെയാണ് മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസ് നായകനായിരുന്ന ഹാർദ്ദിക്ക് പാണ്ഡ്യയെ ട്രേഡിലൂടെ മുംബൈ ഇന്ത്യൻസിൽ തിരിച്ചെത്തിച്ചത്. പിന്നാലെ രോഹിത്തിനെ മാറ്റി ഹാർദ്ദിക്കിനെ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റനാക്കുമെങ്കിൽ മാത്രമെ തിരിച്ചുവരൂവെന്ന് ഹാർദ്ദിക് മുംബൈ ഇന്ത്യൻസിന് മുമ്പിൽ ഉപാധിവെച്ചുവെന്ന റിപ്പോർട്ടുകളും പിന്നാലെ പുറത്തുവന്നു.

ഹാർദ്ദിക്കിനെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ ടീമിനോടുള്ള കൂറിനെക്കുറിച്ച് ജസ്പ്രീത് ബുമ്രയും ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു. ഹാർദ്ദിക്കിന്റെ നായകനായുള്ള തിരിച്ചുവരവിൽ ബുമ്രക്കും സൂര്യകുമാർ യാദവിനും ടീമിലെ മറ്റു ചില താരങ്ങൾക്കും താൽപര്യമുണ്ടായിരുന്നില്ലെന്നാണ് സൂചന.

രണ്ട് വർഷം മുമ്പ് ഹർദ്ദിക്കിനെ നിലനിർത്താതെ പൊള്ളാർഡിനെ നിലനിർത്തിയ മുംബൈ ഇന്ത്യൻസ് തീരുമാനത്തിലെ അതൃപ്തിമൂലമാണ് ഹാർദ്ദിക് ടീം വിട്ട് ഗുജറാത്തിലേക്ക് പോയതെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു. പൊള്ളാർഡിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി കൂടി പുറത്തുവന്നതോ മുംബൈ ഇന്ത്യൻസിന് ഇനി ഒരു കുടുംബമെന്ന വിളി ചേരില്ലെന്ന് ആരാധകരും പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്

വെസ്റ്റ് ഇൻഡീസ് ടീമിലെ പതിനഞ്ച് വർഷം നീണ്ട കരിയറിന് വിരാമമിട്ട് പൊള്ളാർഡ് 2022 ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. അതേ വർഷം ഫെബ്രുവരിയിൽ ഈഡൻ ഗാർഡനിൽ നടന്ന ഇന്ത്യയ്ക്കെതിരായ ട്വന്റി 20 മത്സരത്തിലായിരുന്നു അദ്ദേഹം അവസാനമായി കളിച്ചത്. പിന്നാലെ മുംബൈ ഇന്ത്യൻസിലും മോശം പ്രകടനത്തിന് പിന്നാലെ സീസണിന് ശേഷം 2022 ൽ അദ്ദേഹം ഐപിഎല്ലിനോട് വിടപറയുകയും ചെയ്തു.

2022 സീസണിൽ 11 ഇന്നിങ്‌സുകളിൽ നിന്ന് 14.40 ശരാശരിയിൽ 144 റൺസ് മാത്രമേ അദ്ദേഹത്തിന് നേടാൻ ആയുള്ളൂ. തുടർന്ന്, മുംബൈ ഇന്ത്യൻസ് മാനേജ്മെന്റ് 36-കാരനെ ബാറ്റിങ് പരിശീലകനായി നിയമിച്ചു. 2010-ൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചത് മുതൽ ലീഗിലെ അവസാന മത്സരം വരെ മുംബൈ ഫ്രാഞ്ചൈസിയെ മാത്രമാണ് പൊളാർഡ് പ്രതിനിധീകരിച്ചത്. കീറോൺ പൊള്ളാർഡ് തന്റെ പോസ്റ്റിലൂടെ ഉദ്ദേശിച്ചത് എന്താണെന്ന് വിശദീകരിച്ചില്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകർ പലവിധ അഭിപ്രായ പ്രകടനങ്ങളാണ് നടത്തിയത്. അതേ സമയം പൊളാർഡും മുംബൈ ടീമിനെ കയ്യൊഴിയുകയാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്.