ചെന്നൈ: അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ജൂണിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള സംഘത്തിൽ രോഹിതിനെയും കോഹ്ലിയെയും കളിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുൻ നാകകന്മാരും ഇതിഹാസ താരമായ സുനിൽ ഗവാസ്‌കറും കെ ശ്രീകാന്തും. ബാറ്റിങ്ങ് മികവിനൊപ്പം ഇരുവരുടെയും ഫീൽഡിങ്ങും വളരെ മികച്ചതാണ് എന്നത് ഇന്ത്യൻ ടീമിന് ലോകകപ്പിൽ കരുത്താകുമെന്നാണ് ഗവാസ്‌കറിന്റെ പക്ഷം.

'കഴിഞ്ഞ ഒന്നരവർഷത്തോളമായി വളരെ മികച്ച ഫോമിലാണ് വിരാട് കോഹ്ലി. ഏകദിന ലോകകപ്പിൽ മനോഹരമായി അദ്ദേഹം കളിച്ചു. അതുകൊണ്ടു തന്നെ പരിമിത ഓവർ മത്സരങ്ങളിലെ അദ്ദേഹത്തിന്റെ ബാറ്റിങ് കരുത്തിനെക്കുറിച്ച് ചർച്ചയുടെ ആവശ്യമില്ല. എടുത്തു പറയേണ്ട ഒരു കാര്യം എന്താണെന്ന് വച്ചാൽ രോഹിത് ശർമയും വിരാട് കോഹ്ലിയും ഇപ്പോളും കിടിലൻ ഫീൽഡർമാരാണ് എന്നതാണ്.' സ്റ്റാർ സ്‌പോർട്‌സിൽ സംസാരിക്കവെ ഗവാസ്‌കർ പറഞ്ഞു.

അതേ സമയം നിലവിൽ അന്താരാഷ്ട്ര ട്വന്റി 20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉള്ളവരാണ് വിരാട് കോഹ്ലിയും, രോഹിത് ശർമയും. 115 കളികളിൽ 52.73 ബാറ്റിങ് ശരാശരിയിൽ 4008 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ലിസ്റ്റിൽ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള രോഹിതാവട്ടെ 148 കളികളിൽ 31.32 ബാറ്റിങ് ശരാശരിയിൽ 3853 റൺസാണ് നേടിയിട്ടുള്ളത്.

മുൻ ഇന്ത്യൻ താരവും സെലക്റ്ററുമായിരുന്ന കെ ശ്രീകാന്തും സീനിയർ താരങ്ങൾക്കായി രംഗത്ത് വന്നു. ''കോലി ടീമിലുള്ളത് ഒരു ഉറപ്പാണ്. തകർപ്പൻ ഫോമിലാണ് താരം. രോഹിത്താവട്ടെ, ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്തിന്റെ ആത്മവിശ്വാസത്തിലാണ്. ഐപിഎല്ലിൽ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുമെന്ന് കരുതാം. ഇരുവരും ലോകകപ്പ് സമയത്ത് ലഭ്യമാണെങ്കിൽ സെലക്റ്റർമാർക്ക് തഴയാനാവില്ല. രണ്ട് പേരും ടീമിൽ വേണം. ഒരു ലോകകപ്പ് നഷ്ടമായതിന്റെ വേദന രോഹിത്തിനുണ്ടാവും. 2007 പ്രഥമ ടി20 ലോകകപ്പിൽ രോഹിത്തുണ്ടായിരുന്നു. എന്നാൽ മറ്റൊരു ലോകകപ്പ് കൂടി കയ്യിലെടുക്കാൻ രോഹിത് ആഗ്രഹിക്കുന്നു. ലോകകപ്പ് നേടി വിരമിക്കാം.'' ശ്രീകാന്ത് വ്യക്തമാക്കി.

നായകസ്ഥാനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ... ''കോലിയും ഒരു ടി20 ലോകകപ്പ് അർഹിക്കുന്നു. അവസാന ടി20 ലോകകപ്പിൽ കോലി അസാധാരണ ഫോമിലായിന്നു. അതുകൊണ്ട് ഉപേക്ഷിക്കാൻ കഴിയില്ല. ഫിറ്റ്നെസ് ഉണ്ടെങ്കിൽ ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കാം. ഫിറ്റ്നെസ് ഉണ്ടെങ്കിൽ മാത്രം. എന്നിരുന്നാലും കോലി-രോഹിത് സഖ്യത്തെ ഒഴിച്ചുനിർത്താനാവില്ല.'' അദ്ദേഹം കൂട്ടിചേർത്തു.

അഫ്ഗാനെതിരെ പരമ്പരയ്ക്കുള്ള ടീമിനെ ഇന്നാണ് പ്രഖ്യാപിക്കുന്നത്. പരിക്കേറ്റ സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങുക. ലോകകപ്പിന് മുമ്പുള്ള റിഹേഴ്സലാണ് പരമ്പര. ലോകകപ്പ് മുന്നിൽ നിൽക്കെ സ്‌ക്വാഡിൽ ഉൾപ്പെടാൻ സാധ്യതയുള്ള താരങ്ങളെ ടീമിലെടുത്തേക്കാം. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത് സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും ടി20 ലോകകപ്പ് ടീമിൽ ഉണ്ടാകുമോ എന്നാണ്. പരമ്പരയിൽ കളിക്കാനുള്ള സന്നദ്ധത ഇരുവരും ടീം മാനേജ്‌മെന്റിനെ അറിയിച്ചതായി വിവരമുണ്ട്. ആര് നായകനാവുമെന്നുള്ളതും പ്രധാന ചോദ്യമാണ്.

രോഹിത്തിനെ ഉൾപ്പെടുത്തിയാൽ വരാനിരിക്കുന്ന ലോകകപ്പിലും താരം തന്നെയാവും ടീമിനെ നയിക്കുക. എന്നാൽ 2022ലെ ട്വന്റി 20 ലോകകപ്പിനുശേഷം രോഹിത്തും കോലിയും ഇന്ത്യക്കായി ട്വന്റി 20 മത്സരങ്ങൾ കളിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

രോഹിത് തിരിച്ചെത്തിയാൽ ഓപ്പണിങ്ങിൽ ശുഭ്മൻ ഗിൽ-യശസ്വി ജയ്‌സ്വാൾ സഖ്യം പൊളിക്കേണ്ടിവരും. സൂര്യകുമാർ യാദവിന്റെ അഭാവത്തിൽ വിരാട് കോലിയെ പ്ലേയിങ് ഇലവനിൽ മൂന്നാം നമ്പരിൽ ഉൾപ്പെടുത്തിയേക്കും. അങ്ങനെയെങ്കിൽ ഗില്ലിനെ നാലാം നമ്പറിൽ പരീക്ഷിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഋതുരാജ് ഗയ്ക്വാദ്, ജിതേഷ് ശർമ, റിങ്കു സിങ്, മുകേഷ് കുമാർ, അർഷ്ദീപ് സിങ് എന്നിവരും ടീമിൽ ഇടം നേടിയേക്കും. പേസർമാരായ ജസ്പ്രീത് ബുമ്രക്കും മുഹമ്മദ് സിറാജിനും വിശ്രമം നൽകാനാണ് സാധ്യത.

അതേസമയം ഈ മാസം 11ന് ആരംഭിക്കുന്ന ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ അഫ്ഗാനിസ്ഥാൻ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇബ്രാഹിം സദ്രാൻ നയിക്കുന്ന ടീമിൽ മുജീബ് ഉർ റഹ്‌മാൻ, മുഹമ്മദ് നബി, നവീൻ ഉൽ ഹഖ് തുടങ്ങിയ പ്രമുഖ താരങ്ങൾ ഇടം നേടിയിട്ടുണ്ട്. പരുക്കിൽനിന്ന് മോചിതനാവാത്ത സ്പിന്നർ റാഷിദ് ഖാന് പരമ്പര നഷ്ടമാകും. 19 അംഗ സംഘത്തെയാണ് നിലവിൽ അഫ്ഗാനിസ്ഥാൻ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം 14നും മൂന്നാം മത്സരം 17നും നടക്കും.