ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ആതിഥേയരായ കേരളത്തിന് എതിരെ ഉത്തർപ്രദേശ് ശക്തമായ നിലയിൽ. ആലപ്പുഴ, എസ് ഡി കോളജിൽ നടക്കുന്ന മത്സരത്തിൽ 59 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ കേരളത്തിന് എതിരെ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഉത്തർപ്രദേശ് മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 219 റൺസെന്ന ശക്തമായ നിലയിലാണ്. 115 റൺസുമായി ക്യാപ്റ്റൻ ആര്യൻ ജുയലും 49 റൺസോടെ പ്രിയം ഗാർഗും ക്രീസിൽ. ഇതോടെ ഒരു ദിവസവും ഒമ്പത് വിക്കറ്റും ശേഷിക്കെ ഉത്തർപ്രദേശിന് 278 റൺസിന്റെ ആകെ ലീഡുണ്ട്.

അവസാന ദിനം 350ന് മുകളിലുള്ള വിജലക്ഷ്യം മുന്നോട്ടുവെച്ച് കേരളത്തെ എറിഞ്ഞിടാനായിരിക്കും ഉത്തർപ്രദേശ് ശ്രമിക്കുക. ഓപ്പണർ സമർത്ഥ് സംഗിന്റെ വിക്കറ്റ് മാത്രമാണ് കേരളത്തിന്റെ ബൗളർമാർക്ക് മൂന്നാം ദിനം എറിഞ്ഞിടാനായത്. ക്യാപ്റ്റൻ ആര്യൻ ജുയലിന്റെ സെഞ്ചുറിയുടെ കരുത്തിലാണ് യു പി ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 219 റൺസ് നേടിയത്. 186 പന്തിൽ 115 റൺസുമായി ആര്യൻ ജുയലാണ് യു.പി.യെ മുന്നിൽനിന്ന് നയിച്ചത്. ഏഴ് ഫോറും നാല് സിക്സും ചേർന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്. 81 പന്തുകൾ നേരിട്ട് 43 റൺസെടുത്ത സമർഥ് സിങ്ങിന്റെ വിക്കറ്റാണ് യു.പി.ക്ക് നഷ്ടമായത്. ജലജ് സക്സേനയ്ക്കാണ് വിക്കറ്റ്.

നേരത്തെ മൂന്നാം ദിനം 220-6 എന്ന സ്‌കോറിൽ ബാറ്റിംഗിനിറങ്ങിയ കേരളം 243 റൺസിന് പുറത്തായി 59 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയിരുന്നു. കേവലം 23 റൺസിനിടെയാണ് കേരളത്തിന് ശേഷിക്കുന്ന വിക്കറ്റുകൾ നഷ്ടമായത്.ആദ്യ ഇന്നിങ്‌സിൽ യുപി 302 റൺസാണ് നേടിയത്.

74 റൺസ് നേടിയ വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ് സ്‌കോറർ. സച്ചിൻ ബേബി 38 റൺസെടുത്തു. ഇന്നലത്തെ സ്‌കോറിനോട് ഒരു റൺ പോലും ചേർക്കാനാവാതെ ശ്രേയസ് ഗോപാൽ (36) ആദ്യം മടങ്ങി. തൊട്ടുപിന്നാലെ ജലജ് സക്സേന(7), ബേസിൽ തമ്പി (2), വൈശാഖ് ചന്ദ്രൻ (5) എന്നിവരും പുറത്തായതോടെ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് പ്രതീക്ഷ വെള്ളത്തിലായി.

ഏഴാമനായി ബാറ്റിംഗിനെത്തി 35 റൺസെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസൺ ഇന്നലെ പുറത്തായിരുന്നു. എം ഡി നിധീഷ് കൂട്ടിചേർത്ത 15 റൺസാണ് കേരളത്തെ ഇന്ന് 243ലെത്തിച്ചത്. യുപിക്ക് വേണ്ടി അങ്കിത് രജ്പുത് അഞ്ച് വിക്കറ്റ് വീഴ്‌ത്തി. കുൽദീപ് യാദവിന് മൂന്ന് വിക്കറ്റെടുത്തു. നേരത്തേ റിങ്കു സിങ്ങിന്റെ 92 റൺസ് ബലത്തിലാണ് യു.പി. 302 എന്ന സ്‌കോർ കെട്ടിപ്പടുത്തിരുന്നത്. വിക്കറ്റ് കീപ്പർ ധ്രുവ് ജുവലും (63) മികച്ച ഇന്നിങ്സ് കാഴ്ചവെച്ചു.