മുംബൈ: ട്വന്റി20 ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസൺ. ജിതേഷ് ശർമയ്ക്കൊപ്പം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കിടെ ഇഷാൻ കിഷൻ പിന്മാറിയതോടെയാണ് സഞ്ജുവിന് അവസരം ഒരുങ്ങിയത്. ട്വന്റി 20 ടീമിനെ നയിക്കാൻ രോഹിത് ശർമയെ നിയോഗിച്ച ഇന്ത്യൻ സെലക്ടർമാർ സീനിയർ താരം വിരാട് കോലിക്കും മടങ്ങിവരവിനുള്ള അവസരം നൽകി. ഇതോടെ ഇരുവരും ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിക്കുമെന്ന ആരാധകരുടെ പ്രതീക്ഷ സജീവമാക്കി.

യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി 16 അംഗ ടീമിനെയാണ് സെലക്ടർമാർ പ്രഖ്യാപിച്ചത്. അതേ സമയം ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച സീനിയർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും ടീമിൽ തിരിച്ചെത്തിയേക്കുമെന്ന സൂചനകൾ ശരിവച്ചാണ് ഇവരെ ഉൾപ്പെടുത്തിയത്. പരമ്പരയിൽ കളിക്കാനുള്ള സന്നദ്ധത ഇരുവരും ടീം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ഏകദിനത്തിൽ സെഞ്ചറിയുമായി തിളങ്ങിയതാണ് മലയാളി താരം സഞ്ജു സാംസണ് ട്വന്റി20 ടീമിലേക്ക് വഴിതുറന്നത്.

സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും പരുക്കേറ്റ് പുറത്തായതിനാൽ ടീമിലേക്കു പരിഗണിച്ചില്ല. 2022ലെ ട്വന്റി20 ലോകകപ്പിനുശേഷം രോഹിത്തും കോലിയും ഇന്ത്യക്കായി ട്വന്റി20 മത്സരങ്ങൾ കളിച്ചിരുന്നില്ല. പേസർമാരായ ജസ്പ്രീത് ബുമ്രക്കും മുഹമ്മദ് സിറാജിനും സിലക്ടർമാർ വിശ്രമം നൽകി.

ടീം ഇങ്ങനെ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, വാഷിങ്ടൻ സുന്ദർ, അക്ഷർ പട്ടേൽ, രവി ബിഷ്‌ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ആവേശ് ഖാൻ, മുകേഷ് കുമാർ

ഈ മാസം 11ന് ആരംഭിക്കുന്ന ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ അഫ്ഗാനിസ്ഥാൻ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇബ്രാഹിം സദ്രാൻ നയിക്കുന്ന ടീമിൽ മുജീബ് ഉർ റഹ്‌മാൻ, മുഹമ്മദ് നബി, നവീൻ ഉൽ ഹഖ് തുടങ്ങിയ പ്രമുഖ താരങ്ങൾ ഇടം നേടിയിട്ടുണ്ട്. പരുക്കിൽനിന്ന് മോചിതനാവാത്ത സ്പിന്നർ റാഷിദ് ഖാന് പരമ്പര നഷ്ടമാകും. 19 അംഗ സംഘത്തെയാണ് നിലവിൽ അഫ്ഗാനിസ്ഥാൻ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം 14നും മൂന്നാം മത്സരം 17നും നടക്കും.