- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയിരം റൺസും നൂറ് വിക്കറ്റുമായി അപൂർവനേട്ടത്തിൽ ദീപ്തി ശർമ
നവി മുംബൈ: ട്വന്റി 20 ക്രിക്കറ്റിൽ 1000 റൺസ് തികയ്ക്കുകയും 100 വിക്കറ്റ് വീഴ്‌ത്തുകയും ചെയ്ത ആദ്യ ഇന്ത്യൻ താരമായി ദീപ്തി ശർമ. ഞായറാഴ്ച നടന്ന ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ട്വന്റി 20യിലാണ് ഇന്ത്യൻ ഓൾറൗഡർ ദീപ്തി ശർമ അപൂർവമായ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ 27 പന്തിൽനിന്ന് 30 റൺസ് നേടിയ ദീപ്തി ശർമ ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ ആയിരുന്നു.
മത്സരത്തിൽ രണ്ട് വിക്കറ്റുകളാണ് ദീപ്തി ശർമ നേടിയത്. ഓസ്ട്രേലിയക്ക് മികച്ച തുടക്കം നൽകിയ ഓപ്പണർമാരായ അലിസ്സ ഹീലി (21 പന്തിൽ 26), ബേത്ത് മൂണി (29 പന്തിൽ 20) എന്നിവരുടെ വിക്കറ്റാണ് ദീപ്തി ശർമ നേടിയത്.
ട്വന്റി 20 100 വിക്കറ്റ് എന്ന നേട്ടം കഴിഞ്ഞ ഫെബ്രുവരിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ദീപ്തി ശർമ കൈവരിച്ചിരുന്നു. ട്വന്റി 20 ക്രിക്കറ്റിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ തന്നെ ഈ നേട്ടം കൈവരിക്കുന്ന ഏക ഇന്ത്യൻ താരമാണ് ദീപ്തി ശർമ.
ദീപ്തി ശർമ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും രണ്ടാം ട്വന്റി 20യിൽ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. ആറു വിക്കറ്റിന് പരാജയപ്പെട്ടത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 1-1 ന് സമനിലയിലായി. പരമ്പരയിലെ അവസാന മത്സരം നവി മുംബൈ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ ചൊവ്വഴ്ച നടക്കും.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 130 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ 19 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 34 റൺസ് നേടി പുറത്താവാതെ നിന്ന എല്ലിസ് പെറിയാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റിൽ അലീസ ഹീലി (26) ബേത് മൂണി (20) സഖ്യം 51 റൺസ് ചേർത്തു. ഹീലിയെ പുറത്താക്കി ദീപ്തി ശർമയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. മൂന്നാമതായി ക്രീസിലെത്തിയ തഹ്ലിയ മഗ്രാത് 19 റൺസ് നേടി. ഇതിനിടെ ബേത് മൂണി പുറത്തായി.
നാലാമതെത്തിയത് എല്ലിസ് പെറിയാണ്. മഗ്രാത്തിനൊപ്പം പെറി 31 റൺസ് കൂട്ടിചേർത്തു. എന്നാൽ മഗ്രാത്തിനെ ശ്രേയങ്ക പാട്ടീൽ പുറത്താക്കി. തുടർന്നെത്തിയ അഷ്ലി ഗാർഡ്നർ (7) പെട്ടന്ന് മടങ്ങി. എന്നാൽ ഫോബെ ലിച്ച് ഫീൽഡിനെ കൂട്ടുപിടിച്ച് പെറി ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. ദീപ്തി ശർമ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്‌ത്തി.
നേരത്തെ മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. രണ്ടാം ഓവറിൽ തന്നെ ഷെഫാലി വർമയുടെ (1) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. നാലാം ഓവറിൽ ജെമീമ റോഡ്രിഗസും (13) മടങ്ങി. ഹർമൻപ്രീത് കൗറിനും (6) തിളങ്ങാനായില്ല. ഇതിനിടെ സ്മൃതി മന്ദാനയും (23) പവലിയനിൽ തിരിച്ചെത്തി.
ഇതോടെ ഇന്ത്യ നാലിന് 54 എന്ന നിലയിലായി. റിച്ചാ ഘോഷ് (23), ദീപ്തി ശർമ (30) എന്നിവർ തിളങ്ങിയതുകൊണ്ട് മാത്രമാണ് ഇന്ത്യ മാന്യമായ സ്‌കോറിലെത്തിയത്. പൂജ വസ്ത്രകർ (9), അമൻജോത് കൗർ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ശ്രേയങ്ക പാട്ടീൽ (7) പുറത്താവാതെ നിന്നു.