ആലപ്പുഴ: രഞ്ജി ട്രോഫിയിൽ കേരളവും ഉത്തർ പ്രദേശും തമ്മിലുള്ള മത്സരം സമനിലയിൽ കലാശിച്ചു. ഉത്തർ പ്രദേശ് കുറിച്ച 383 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 72 റൺസ് എടുത്ത് നിൽക്കെ ഇരുടീമുകളും സമനിലയിൽ പിരിയുകയായിരുന്നു. രോഹൻ കുന്നുമ്മൽ 42 റൺസ് എടുത്തു. കൃഷ്ണ പ്രസാദിന്റെ (0) വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. ആദ്യ ഇന്നിങ്സിലും താരത്തിന് റൺസൊന്നും നേടാൻ സാധിച്ചിരുന്നില്ല. രോഹൻ പ്രേം 29 റൺസും സച്ചിൻ ബേബി ഒരു റൺസും എടുത്ത് പുറത്താകാതെ നിന്നു.

ആലപ്പുഴ എസ് ഡി കൊളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ യു.പി രണ്ടാം ഇന്നിങ്സ് മൂന്നിന് 323 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ആര്യൻ ജുയൽ (115), പ്രിയം ഗാർഗ് (106) എന്നിവരുടെ സെഞ്ചുറിയാണ് യുപിയെ കൂറ്റൻ ലീഡിലേക്ക് നയിച്ചത്. ഒന്നാം ഇന്നിങ്സിൽ യുപിക്ക് 59 റൺസ് ലീഡുണ്ടായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത യുപി 302 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ കേരളം 243 റൺസ് നേടി.

കേരളത്തിത്തിനെതിരെ 59 റൺസ് ലീഡുമായി രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഉത്തർപ്രദേശ് മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 219 റൺസെന്ന നിലയിലായിരുന്നു. ഇന്ന് ജുയലിന്റെ വിക്കറ്റ് മാത്രമാണ് കേരളത്തിന് നേടാനായത്. തലേ ദിവസത്തെ സ്‌കോറിനോട് ഒരു റൺ പോലും കൂട്ടിചേർക്കാനാവാതെ ജുയൽ മടങ്ങി. നാല് സിക്സും ഏഴ് ഫോറും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

ഇന്നലെ സമർത്ഥ് സിംഗിന്റെ (43) വിക്കറ്റ് ഇന്നലെ നഷ്ടമായിരുന്നു. പിന്നീട് ഗാർഗ് - അക്ഷ് ദീപ് നാഥ് (38) സഖ്യം 103 റൺസ് കൂട്ടിചേർത്തു. സെഞ്ചുറി പൂർത്തിയാക്കിയ ഉടനെ ഗാർഗിന്റെ വിക്കറ്റ് നഷ്ടമായി. ഒരു സി്കസും എട്ട് ഫോറും ഉൾപ്പെടുന്നതായിരുന്നു ഗാർഗിന്റെ ഇന്നിങ്സ്. ബേസിൽ തമ്പി, ജലജ് സക്സേന, ശ്രേയസ് ഗോപാൽ എന്നിവരാണ് കേരളത്തിന് വിക്കറ്റുകൾ വീഴ്‌ത്തിയത്.

നേരത്തെ മൂന്നാം ദിനം 220-6 എന്ന സ്‌കോറിൽ ബാറ്റിംഗിനിറങ്ങിയ കേരളം 243 റൺസിന് പുറത്തായി 59 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയിരുന്നു. കേവലം 23 റൺസിനിടെയാണ് കേരളത്തിന് ശേഷിക്കുന്ന വിക്കറ്റുകൾ നഷ്ടമായത്.ആദ്യ ഇന്നിങ്സിൽ യുപി 302 റൺസാണ് നേടിയത്. 74 റൺസ് നേടിയ വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ് സ്‌കോറർ. ഇന്നലത്തെ സ്‌കോറിനോട് ഒരു റൺ പോലും ചേർക്കാനാവാതെ ശ്രേയസ് ഗോപാൽ (36) ആദ്യം മടങ്ങി. തൊട്ടുപിന്നാലെ ജലജ് സക്‌സേന(7), ബേസിൽ തമ്പി (2), വൈശാഖ് ചന്ദ്രൻ (5) എന്നിവരും പുറത്തായതോടെ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് പ്രതീക്ഷ വെള്ളത്തിലായി.

ഏഴാമനായി ബാറ്റിംഗിനെത്തി 35 റൺസെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസൺ ഇന്നലെ പുറത്തായിരുന്നു. എം ഡി നിധീഷ് കൂട്ടിചേർത്ത 15 റൺസാണ് കേരളത്തെ ഇന്ന് 243ലെത്തിച്ചത്. യുപിക്ക് വേണ്ടി അങ്കിത് രജ്പുത് അഞ്ച് വിക്കറ്റ് വീഴ്‌ത്തി. കുൽദീപ് യാദവിന് മൂന്ന് വിക്കറ്റുണ്ട്.