- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച് ഹെന്റിച്ച് ക്ലാസൻ
ജൊഹാനസ്ബർഗ്: ആരാധകരെ അമ്പരപ്പിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ താരം ഹെന്റിച്ച് ക്ലാസൻ. സമീപകാലത്ത് നിശ്ചിത ഓവർ സ്പെഷലിസ്റ്റ് എന്ന് പേരെടുത്ത ക്ലാസൻ കരിയറിൽ നാല് ടെസ്റ്റ് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ. അടുത്തിടെ ഇന്ത്യയ്ക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള പ്രോട്ടീസ് ടീമിൽ ക്ലാസൻ ഉണ്ടായിരുന്നില്ല. മുൻ താരം ക്വിന്റൺ ഡിക്കോക്കിന്റെ സാന്നിധ്യമാണ് ക്ലാസന് പലപ്പോഴും ടെസ്റ്റ് ടീമിലെ സ്ഥാനം നഷ്ടമാക്കിയത്. ഡിക്കോക്കിന്റെ വിരമിക്കലിനു പിന്നാലെയാണ് ഇപ്പോൾ ക്ലാസനും ടെസ്റ്റ് മതിയാക്കുന്നത്. നിശ്ചിത ഓവർ ക്രിക്കറ്റിൽ തുടർന്നും കളിക്കും.
മുപ്പത്തിരണ്ടുകാരനായ ക്ലാസൻ 2019നും 2023നും ഇടയിലായി നാല് ടെസ്റ്റുകളിലാണ് പ്രോട്ടീസിനെ പ്രതിനിധീകരിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 85 മത്സരങ്ങളിൽ 46.09 ശരാശരി എന്ന മോശമല്ലാത്ത ബാറ്റിങ് റെക്കോർഡുണ്ടായിട്ടും ടെസ്റ്റ് ടീമിൽ ക്വിന്റൺ ഡി കോക്കിന്റെ നിഴലിലായിപ്പോയി ഹെന്റിച്ച് ക്ലാസൻ. 2019ലെ ഇന്ത്യൻ പര്യടനത്തിൽ റാഞ്ചിയിലാണ് ക്ലാസൻ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ഇതിന് ശേഷം നാല് വർഷത്തോളം നീണ്ട ഇടവേള കഴിഞ്ഞ് 2023ലാണ് പിന്നീട് താരം ടെസ്റ്റ് കുപ്പായം അണിഞ്ഞത്. 2023ൽ സിഡ്നി, സെഞ്ചൂറിയൻ, ജൊഹന്നസ്ബർഗ് എന്നിവിടങ്ങളിൽ കളിച്ചു. എന്നാൽ ടീമിൽ നിൽക്കാൻ മതിയായ ഫോമിലേക്ക് ഉയരാൻ കഴിയാതെ പോയ താരത്തിന് നാല് ടെസ്റ്റിൽ 35 ഉയർന്ന സ്‌കോറോടെ ആകെ 104 റൺസേ സമ്പാദ്യമായി കൂട്ടിച്ചേർക്കാനായുള്ളൂ. ഇതോടെ ക്ലാസന് പകരം കെയ്ൽ വെരൈൻ വിക്കറ്റ് കീപ്പറായി പ്ലേയിങ് ഇലവനിലെത്തിയിരുന്നു.
2023ൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ ഹെന്റിച്ച് ക്ലാസൻ ഏകദിനത്തിലും ട്വന്റി 20യിലും ഇനി ശ്രദ്ധ കേന്ദ്രീകരിക്കും. 'ഉറക്കം നഷ്ടമായ കുറച്ച് ദിവസങ്ങളിലെ ആലോചനകൾക്ക് ശേഷം ഞാൻ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഫേവറൈറ്റായ ഫോർമാറ്റാണ് എന്നതിനാൽ ഏറെ പ്രയാസപ്പെട്ടാണ് ഈ തീരുമാനം കൈക്കൊണ്ടത്. ടെസ്റ്റ് തൊപ്പിയാണ് എനിക്ക് ലഭിച്ച ഏറ്റവും മഹത്തായ പൊൻതൂവൽ. ടെസ്റ്റിൽ രാജ്യത്തെ പ്രതിനിധീകരിക്കാനായതിൽ സന്തോഷമുണ്ട്. ടെസ്റ്റ് കരിയറിൽ ഭാഗവാക്കായ എല്ലാവർക്കും നന്ദിയറിയിക്കുന്നു' എന്നും ക്ലാസൻ വിരമിക്കൽ സന്ദേശത്തിൽ കുറിച്ചു.
വൈറ്റ് ബോൾ ക്രിക്കറ്റിൽ മികച്ച ഫോമിൽ കളിക്കുന്ന ഹെന്റിച്ച് ക്ലാസന് 54 ഏകദിനങ്ങളിൽ നാല് സെഞ്ചുറികളോടെ 1723 റൺസും 43 രാജ്യാന്തര ടി20കളിൽ നാല് ഫിഫ്റ്റികളോടെ 722 റൺസുമുണ്ട്. സമകാലിക ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൺ ഡി കോക്ക് ടെസ്റ്റും ഏകദിനവും ഇതിനകം മതിയാക്കിയിട്ടുണ്ട്. ടെസ്റ്റിൽ കെയ്ൽ വെരൈനും വൈറ്റ് ബോളിൽ ഹെന്റിച്ച് ക്ലാസനും ദക്ഷിണാഫ്രിക്കൻ ടീമിന്റെ വിക്കറ്റ് കീപ്പർമാരായി തുടരും എന്നാണ് പ്രതീക്ഷ.