- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആർസിബിയിൽ കളിക്കാൻ താൽപര്യമില്ലായിരുന്നു; ആഗ്രഹിച്ചത് ഐപിഎല്ലിൽ ഡൽഹിക്കു വേണ്ടി കളിക്കാൻ; കരിയർ ഇല്ലാതാക്കുമെന്ന് ലളിത് മോദി ഭീഷണിപ്പെടുത്തി': ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തുടക്കകാലഘട്ടത്തിൽ കമ്മിഷണറായിരുന്ന ലളിത് മോദി തന്റെ കരിയർ നശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായി മുൻ ഇന്ത്യൻ പേസർ പ്രവീൺ കുമാർ. തന്റെ കരിയർ അവസാനിപ്പിക്കും എന്ന് ലളിത് മോദി ഭീഷണിപ്പെടുത്തിയതായാണ് പ്രവീണിന്റെ വെളിപ്പെടുത്തൽ. ഒരു ചർച്ചയ്ക്കിടെയാണ് പ്രവീൺ കുമാർ ലളിത് മോദിയുടെ ഭീഷണിയെക്കുറിച്ചു വെളിപ്പെടുത്തിയത്. ഐപിഎല്ലിന്റെ സ്ഥാപകനും ആദ്യ ചെയർമാനുമാണ് ലളിത് മോദി.
ഐപിഎല്ലിന്റെ ആദ്യ സീസണിൽ ഡൽഹി ഡെയർ ഡെവിൾസ് ടീമിലാണു താൻ കളിക്കാൻ ആഗ്രഹിച്ചതെന്നും മറ്റു വഴികളില്ലാതായതോടെയാണ് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ ചേർന്നതെന്നും പ്രവീൺ കുമാർ വ്യക്തമാക്കി. 2008 മുതൽ 2010 വരെ ബാംഗ്ലൂർ ടീമിനായാണ് പ്രവീൺ ഐപിഎൽ കളിച്ചത്.
'എന്റെ നാട്ടിൽ നിന്ന് ഏറെ അകലെയായിരുന്നതിനാൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ ചേരാൻ എനിക്ക് താൽപര്യമില്ലായിരുന്നു. എനിക്ക് ഇംഗ്ലീഷ് അറിയില്ല. എനിക്ക് ഇഷ്ടമുള്ള ഭക്ഷണമല്ല അവിടെയുള്ളത്. അതേസമയം മീററ്റിനോട് അടുത്താണ് ഡൽഹി. അതിനാൽ ഇടയ്ക്ക് എനിക്ക് വീട്ടിൽ പോയിവരാൻ കഴിയും. എന്റെ ഐപിഎൽ പേപ്പറുകൾ ഒപ്പിട്ട് വാങ്ങാൻ ഒരാളുണ്ടായിരുന്നു. എന്നാൽ അത് ഐപിഎൽ കരാറാണ് എന്ന് അറിയില്ലായിരുന്നു. ഡൽഹി ഡെയർഡെവിൾസിനായാണ് കളിക്കാനാഗ്രഹം, ആർസിബിക്കായല്ല എന്ന് അയാളോട് പറഞ്ഞിരുന്നു. ഇതിനെ കുറിച്ച് പരാതിപ്പെട്ടപ്പോൾ ലളിത് മോദി എന്നെ വിളിച്ച് കരിയർ അവസാനിപ്പിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തി' എന്നുമാണ് പ്രവീൺ കുമാറിന്റെ വെളിപ്പെടുത്തൽ.
റിവേഴ്‌സ് സ്വിങ് ലഭിക്കാൻ എല്ലാ ബോളർമാരും പന്തിൽ കുറച്ച് കൃത്രിമം ഒക്കെ നടത്തുന്നതായാണു കേട്ടിട്ടുള്ളതെന്നും പ്രവീൺ കുമാർ വ്യക്തമാക്കി. ''എല്ലാവരും അത് കുറച്ചൊക്കെ ചെയ്യുന്നതായാണു കേട്ടിട്ടുള്ളത്. പാക്കിസ്ഥാൻ ബോളർമാർക്ക് ഇത് അധികമാണ്. മുൻപ് ഇത് എല്ലാവരും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ എല്ലായിടത്തും ക്യാമറകളാണ്. പന്തു ചുരണ്ടണമെങ്കിൽ അതെങ്ങനെയാണു ചെയ്യേണ്ടതെന്ന് അറിയണം. ഞാൻ അത് ചെയ്തിട്ട്, പന്തു മറ്റൊരാൾക്കു കൈമാറിയാൽ അത് എങ്ങനെ ഉപയോഗിക്കണമെന്ന് അദ്ദേഹത്തിന് അറിയുക കൂടി വേണം. അതു പഠിക്കേണ്ട കാര്യമാണ്.'' പ്രവീൺ കുമാർ പറഞ്ഞു.
ഒരു കാലത്ത് തന്റെ സ്വിങ് കൊണ്ട് എതിരാളികളെ വട്ടംകറക്കിയിരുന്ന പ്രവീൺ കുമാർ 2007-2012 കാലഘട്ടത്തിൽ ടീം ഇന്ത്യക്കായി ആറ് ടെസ്റ്റിലും 68 ഏകദിനത്തിലും 10 ട്വന്റി 20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, കിങ്‌സ് ഇലവൻ പഞ്ചാബ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ലയൺസ് ടീമുകൾക്കായി പ്രവീൺ കുമാർ കളിച്ചു. ഐപിഎല്ലിൽ 119 മത്സരങ്ങളിൽ 7.73 ഇക്കോണമിയിൽ 90 വിക്കറ്റ് നേടി. മൈതാനത്തിന് പുറത്ത് വിവാദ നായകനായ പ്രവീൺ കുമാർ 2017ൽ അവസാനമായി ഐപിഎൽ മത്സരം കളിച്ചു. ഇടക്കാലത്ത് ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായ പ്രവീൺ കുമാറിന് പിന്നീട് ദേശീയ ടീമിൽ തിരിച്ചെത്താനായില്ല. അച്ചടക്കമില്ലായ്മയാണ് കരിയറിൽ താരത്തിന് വിനയായത് എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
സ്പോർട്സ് ഡെസ്ക്