കേപ്ടൗൺ: ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിനിടെ കേശവ് മഹാരാജ് ബാറ്റിങ്ങിന് എത്തുമ്പോൾ 'റാം സിയ റാം' എന്ന ഗാനം പ്ലേ ചെയ്തതിന്റെ കാരണം വ്യക്തമാക്കി ദക്ഷിണാഫ്രിക്കൻ താരം. 'ആ ഗാനം ഇടാൻ ഞാനാണ് മീഡിയക്കാരോട് അഭ്യർത്ഥിക്കുന്നത്. ആ ഗാനം കേട്ടുകൊണ്ട് ഗ്രൗണ്ടിലിറങ്ങുന്നത് നല്ലൊരു അനുഭവമാണ്. കാരണം താനൊരു കടുത്ത ആഞ്ജനേയ ഭക്തനും ശ്രീരാമ ഉപാസകനുമാണ്- കേശവ് വാർത്താ ഏജൻസിയോട് പറഞ്ഞു.

ഇന്ത്യൻ പരമ്പരയ്ക്കിടെയാണ് ബാറ്റിംഗിനായി ഗ്രൗണ്ടിലിറങ്ങുമ്പോൾ ഭജൻ പതിവായി മുഴങ്ങിയത് തന്റെ അഭ്യർത്ഥന പ്രകാരമെന്നാണ് കേശവ് വ്യക്തമാക്കുന്നത്. എന്റെ കരിയർ നൽകിയതിന് നല്ലൊരു ജീവിതവും അനുഗ്രവും നൽകിയതിന് ദൈവത്തിന് നന്ദിപറയുന്നതിന് വേണ്ടിയാണ് ഗാനം ഇടാൻ പറയുന്നതെന്ന് കേശവ് പറഞ്ഞു. മത്സരത്തിനിടെ ഭജൻ മുഴങ്ങിയത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഗാനം കേട്ടതോടെ ഇന്ത്യൻ താരം വിരാട് കോലി തൊഴുതുകൊണ്ട് കേശവ് മഹാരാജിനെ സ്വീകരിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ചു ചോദിച്ചപ്പോൾ താനൊരു ശ്രീരാമ ഭക്തനാണെന്നാണ് കേശവ് മഹാരാജ് നൽകിയ മറുപടി.

ഇന്ത്യ എപ്പോഴും കരുത്തരായ എതിരാളികളാണെന്നും കേശവ് മഹാരാജ് പറഞ്ഞു. ''നിങ്ങൾക്ക് ലോകത്തിലെ ഏറ്റവും മികച്ച ടീം ആകണമെങ്കിൽ, ഏറ്റവും വലിയ ടീമിനെത്തന്നെ നേരിടണം. അതുകൊണ്ടു തന്നെ ഇന്ത്യയ്‌ക്കെതിരായ മത്സരങ്ങൾ വെല്ലുവിളിയാണ്.'' കേശവ് മഹാരാജ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഇന്ത്യൻ താരം വിരാട് കോലി ഒപ്പിട്ട ജഴ്‌സി കേശവ് മഹാരാജിന് സമ്മാനിച്ചിരുന്നു. 18ാം നമ്പർ ജഴ്‌സിയുമായി കോലിയോടൊപ്പം നിൽക്കുന്ന ചിത്രം കേശവ് മഹാരാജ് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 11ന് സമനിലയിലാക്കിയിരുന്നു. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും, രണ്ടാം മത്സരം ജയിച്ച് ഇന്ത്യ സമനില പിടിക്കുകയായിരുന്നു.