- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവധിയെടുത്ത ഇഷാൻ കിഷന് 'ശിക്ഷ', ശ്രേയസ് അയ്യർക്കും
കൊൽക്കത്ത: അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനും മധ്യനിര ബാറ്റർ ശ്രേയസ് അയ്യർക്കും ഇടം നൽകാതിരുന്ന സിലക്ടർമാരുടെ നടപടി താരങ്ങൾക്കുള്ള ശിക്ഷയെന്ന് സൂചന. ട്വന്റി20 ലോകകപ്പ് അടുത്തിരിക്കെ ടീമിൽനിന്ന് ഇരുവരെയും ഒഴിവാക്കിയത് ആരാധകരെ ഞെട്ടിച്ചതിന് പിന്നാലെയാണ് താരങ്ങളോടുള്ള സിലക്ടർമാരുടെ അതൃപ്തി വ്യക്തമാകുന്നത്. ഇന്ത്യൻ പര്യടനത്തിനിടെ ഇരുതാരങ്ങളുടെയും സമീപനങ്ങളാണ് സെലക്ടർമാരുടെ അതൃപ്തിക്ക് കാരണം.
ഇന്ത്യൻ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ മാനസിക സമ്മർദ്ദം ചൂണ്ടിക്കാട്ടി ടീം വിട്ട ഇഷാൻ കിഷൻ നേരെ പോയത് ദുബായിയിലേക്കെന്നാണ് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലുണ്ടായിരുന്ന കിഷൻ ടി20 പരമ്പരക്ക് പിന്നാലെ മാനസിക സമ്മർദ്ദം ചൂണ്ടിക്കാട്ടി കിഷൻ ഇന്ത്യയിലേക്ക് മടങ്ങാൻ താൽപര്യം പ്രകടിപ്പിച്ചു. ഇതോടെ കിഷന് പകരം കെ എസ് ഭരതിനെ രണ്ടാം വിക്കറ്റ് കീപ്പറായി സെലക്ടർമാർക്ക് ടീമിൽ ഉൾപ്പെടുത്തേണ്ടിവന്നു.
മാനസിക സമ്മർദ്ദം കാരണം കുടുംബാംഗങ്ങളോടൊത്ത് സമയം ചെലവിടാനെന്ന് പറഞ്ഞ് പോയ കിഷൻ പക്ഷെ ദുബായിയിൽ സഹോദരന്റെ ബർത്ത് ഡേ പാർട്ടിക്ക് പോയി ആഘോഷിക്കുകയായിരുന്നുവെന്നാണ് ബിസിസിഐയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞാണ് ഇഷാൻ കിഷൻ ക്രിക്കറ്റിൽനിന്ന് അവധിയെടുത്തത്.
മാനസികമായ സമ്മർദങ്ങളുള്ളതിനാൽ ക്രിക്കറ്റിൽനിന്നു വിട്ടുനിൽക്കാൻ താൽപര്യമുണ്ടെന്നായിരുന്നു ഇഷാൻ കിഷൻ ടീം മാനേജ്‌മെന്റിനെ അറിയിച്ചത്. ബിസിസിഐ ഇത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ കുറച്ചു ദിവസത്തിനു ശേഷം ദുബായിൽ എം.എസ്. ധോണി നടത്തിയ പാർട്ടിയിൽ ഇഷാൻ കിഷൻ പങ്കെടുത്തത് സിലക്ടർമാർക്കു രസിച്ചിട്ടില്ല. ഇഷാൻ ടെസ്റ്റ് പരമ്പരയിൽ കളിക്കാതിരുന്നതിലും സിലക്ടർമാർക്ക് അതൃപ്തിയുണ്ട്. ക്രിക്കറ്റിൽനിന്ന് അവധിയെടുത്ത ഇഷാൻ, ഒരു ടിവി പരിപാടിയിൽ പങ്കെടുത്തതു ബിസിസിഐയിൽ ചർച്ചയായി. ട്വന്റി20 ലോകകപ്പ് ടീമിൽനിന്നും ഇഷാനെ മാറ്റിനിർത്തുന്നതിന് സിലക്ടർമാർ ആലോചിക്കുന്നുണ്ടെന്നാണു വിവരം.
ഇഷാൻ കിഷന് പുറമെ ശ്രേയസ് അയ്യരെയും ട്വന്റി20 ടീമിൽ കളിപ്പിക്കാൻ സിലക്ടർമാർക്ക് താൽപര്യമില്ലായിരുന്നെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇവർക്കെതിരായ ശിക്ഷാ നടപടിയായാണ് ടീമിൽനിന്നു മാറ്റി നിർത്തിയതെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ശ്രേയസ് അയ്യർ പുറത്തെടുത്ത ബാറ്റിങ് പ്രകടനത്തിൽ ബിസിസിഐ തൃപ്തരല്ല. ദക്ഷിണാഫ്രിക്കയിൽനിന്നു മടങ്ങിയെത്തിയാലുടൻ, രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമിൽ ചേരാൻ സിലക്ടർമാർ ശ്രേയസ് അയ്യരോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വിശ്രമം വേണമെന്ന് ശ്രേയസ് അയ്യർ സിലക്ടർമാരോട് ആവശ്യപ്പെട്ടു. ഇതോടെയാണ് അയ്യരെയും അഫ്ഗാനിസ്ഥാനെതിരായ ടീമിലേക്കു പരിഗണിക്കാതിരുന്നത്. രഞ്ജിയിൽ മുംബൈയ്ക്കു വേണ്ടി കളിക്കാനുള്ള ഒരുക്കത്തിലാണ് ശ്രേയസ് അയ്യർ ഇപ്പോൾ. ആന്ധ്രപ്രദേശിനെതിരായ രഞ്ജി പോരാട്ടത്തിൽ ശ്രേയസ് അയ്യർ മുംബൈയ്ക്കു വേണ്ടി കളിക്കാനിറങ്ങും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇരു താരങ്ങളെയും പരിഗണിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
15 അംഗ ടീമിൽ സ്ഥിരമായി ഉൾപ്പെട്ടിട്ടും പ്ലേയിങ് ഇലവനിൽ നിന്ന് സ്ഥിരമായി അവഗണിക്കുന്നതിൽ ഇഷാൻ കിഷൻ അതൃപ്തനായിരുന്നുവെന്നാണ് സൂചന. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ശുഭ്മാൻ ഗില്ലിന് ഡെങ്കിപ്പനി മൂലം കളിക്കാൻ കഴിയാത്തതു കൊണ്ട് മാത്രം ആദ്യ രണ്ട് കളികളിൽ കിഷന് പ്ലേയിങ് ഇലവനിൽ അവസരം കിട്ടി. പിന്നീട് ഗിൽ തിരിച്ചെത്തിയപ്പോൾ ശേഷിക്കുന്ന 11 കളികളിലും കിഷൻ സൈഡ് ബഞ്ചിലിരുന്ന് കളി കണ്ടു. പിന്നീട് ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ രണ്ട് അർധസെഞ്ചുറിയും ഒരു ഡക്കും നേടിയ കിഷൻ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലും ഇടം നേടി.
എന്നാൽ ദക്ഷിണാഫ്രിക്കൻ പരമ്പരക്കിടെ ആദ്യ ടി20 മഴമൂലം ഉപേക്ഷിച്ചതിന് പിന്നാലെയാണ് കിഷൻ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങുകയാണെന്ന് ടീം മാനേജ്‌മെന്റിനെ അറിയിച്ചത്. തുടർച്ചയായ യാത്രകളും പ്ലേയിങ് ഇലവനിൽ സ്ഥിരമാകാൻ കഴിയാത്തതിലെ മാനസികപ്രശ്‌നങ്ങളുമാണ് കിഷനെ അലട്ടുന്നതെന്ന് അന്നേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യയിൽ തിരിച്ചെത്തിയ കിഷൻ രഞ്ജി ട്രോഫിയിൽ സ്വന്തം ടീമായ ഝാർഖണ്ഡിന് വേണ്ടി സൗരാഷ്ട്രക്കെതിരെ കളിക്കാനിറങ്ങിയില്ല. കിഷനെ ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനോ സഹതാരങ്ങൾക്കോ ബന്ധപ്പെടനാവുന്നില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അതേ സമയം ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനവും പിന്നാലെ ഐപിഎല്ലും വരുന്നതിനാൽ ഇരുതാരങ്ങൾക്കും ലോകകപ്പ് ടീമിൽ ഇടംപിടിക്കാൻ ഇനിയും മികച്ച പ്രകടനത്തിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.