- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഷാനും ശ്രേയസിനും എതിരെ അച്ചടക്ക നടപടിയല്ലെന്ന് ദ്രാവിഡ്
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരെ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്താതിരുന്നത് അച്ചടക്ക നടപടിയല്ലെന്ന് വ്യക്തമാക്കി പരിശീലകൻ രാഹുൽ ദ്രാവിഡ്. ഇഷാൻ കിഷൻ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ടീമിന്റെ സിലക്ഷനിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വിശ്രമത്തിലാണെന്നും ദ്രാവിഡ് മൊഹാലിയിൽ മാധ്യമങ്ങളോടു പറഞ്ഞു. തയാറാണെന്നു തോന്നുമ്പോൾ ഇഷാൻ ക്രിക്കറ്റിലേക്കു മടങ്ങിയെത്തുമെന്നും ദ്രാവിഡ് വ്യക്തമാക്കി.
"ഇഷാൻ കിഷന്റെ കാര്യം തീർച്ചയായും അങ്ങനെയല്ല. സിലക്ഷന് അദ്ദേഹത്തെ ലഭ്യമായിരുന്നില്ല. ഇഷാൻ ഒരു ബ്രേക്ക് ആവശ്യപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയിൽവച്ച് ഞങ്ങൾ അത് അനുവദിക്കുകയും ചെയ്തു. ഞങ്ങൾ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു." ദ്രാവിഡ് പ്രതികരിച്ചു. ഇഷാൻ ആഭ്യന്തര ക്രിക്കറ്റ് കളിച്ചു മടങ്ങിയെത്തുമെന്നാണു പ്രതീക്ഷയെന്നും ദ്രാവിഡ് പറഞ്ഞു. ചെറിയ ഇടവേള ആവശ്യമാണെന്ന് അറിയിച്ചതിനെ തുടർന്ന് ബിസിസിഐ ഇഷാന് വിശ്രമം അനുവദിച്ചിരുന്നു. ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിൽ ഇഷാൻ കിഷൻ കളിച്ചിരുന്നില്ല. കെ.എൽ. രാഹുലായിരുന്നു പരമ്പരയിലെ രണ്ടു മത്സരങ്ങളിലും ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ.
"ശ്രേയസ് അയ്യർ പുറത്തിരിക്കുന്നതും അച്ചടക്ക നടപടിയൊന്നുമല്ല. അദ്ദേഹത്തിന് ടീമിൽ ഇടമുണ്ടായിരുന്നില്ല. ഇവിടെ ഒരുപാട് ബാറ്റർമാരുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 മത്സരത്തിലും ശ്രേയസ് അയ്യർ കളിച്ചിരുന്നില്ല." രാഹുൽ ദ്രാവിഡ് പറഞ്ഞു. എല്ലാ താരങ്ങളെയും ടീമിലും പ്ലേയിങ് ഇലവനിലും ഉൾപ്പെടുത്തുകയെന്നതു ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ദ്രാവിഡ് പറഞ്ഞു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു ശേഷം രഞ്ജി ട്രോഫിയിൽ കളിക്കാനുള്ള ഒരുക്കത്തിലാണ് ശ്രേയസ് അയ്യർ.
വെള്ളിയാഴ്ച ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ശ്രേയസ് മുംബൈയ്ക്കു വേണ്ടി കളിക്കാനിറങ്ങും. ആന്ധ്രപ്രദേശിനെതിരെയാണു മത്സരം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ശ്രേയസ് അയ്യർ ടീമിലേക്കു മടങ്ങിയെത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇഷാൻ കിഷനും ടെസ്റ്റ് പരമ്പര കളിച്ചേക്കും.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് തൊട്ടു മുമ്പ് വിശ്രമം ആവശ്യപ്പെട്ട് ടീം വിട്ട കിഷൻ പിന്നീട് ദുബായിയിൽ സഹോദരന്റെ ബർത്ത് ഡേ പാർട്ടിയിൽ പങ്കെടുത്തതും ഒരു ടിവി ഗെയിം ഷോയിൽ പങ്കെടുത്തതും സെലക്ടർമാരെ ചൊടിപ്പിച്ചുവെന്ന രീതിയിലായിരുന്നു വാർത്തകൾ.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ടീമിലും ടെസ്റ്റ് ടീമിലും ഉണ്ടായിരുന്ന കിഷൻ ടെസ്റ്റ് പരമ്പരക്ക് തൊട്ടു മുമ്പ് പിന്മാറിയതിനാൽ കെ എസ് ഭരതിനെ രണ്ടാം വിക്കറ്റ് കീപ്പറായി ദക്ഷിണാഫ്രിക്കയിലേക്ക് അയക്കാൻ സെലക്ടർമാർ നിർബന്ധിതരാവുകയും ചെയ്തു. ഇതിലെല്ലാമുള്ള അതൃപ്തിയാണോ അഫ്ഗാനിസ്ഥാനെതിരായ പരമ്പരക്കുള്ള ടീമിൽ നിന്ന് കിഷനെ ഒഴിവാക്കാൻ കാരണമെന്ന ചോദ്യത്തിനാണിപ്പോൾ ദ്രാവിഡ് മറുപടിയുമായി എത്തിയിരിക്കുന്നത്.
അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 മത്സര തലേന്ന് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു കിഷനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകളെല്ലാം തള്ളിക്കളഞ്ഞ ദ്രാവിഡ് വിശ്രമം ആവശ്യപ്പെട്ടാണ് ഇഷാൻ കിഷൻ ടീം വിട്ടതെന്ന് വ്യക്തമാക്കി. വീണ്ടും സെലക്ഷന് തയാറാണെന്ന് കിഷൻ ഇതുവരെ അറിയിച്ചിട്ടില്ല. അത് അറിയിക്കുന്ന സമയം ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫോമും ഫിറ്റ്നെസും തെളിയിച്ച് കിഷന് ടീമിലേക്ക് മടങ്ങിവരാവുന്നതേയുള്ളൂവെന്നും ദ്രാവിഡ് പറഞ്ഞു.
കഴിഞ്ഞ ജൂണിൽ ശ്രീലങ്കയിൽ നടന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലുണ്ടായിരുന്ന ഇഷാൻ കിഷന് പ്രാഥമിക റൗണ്ട് മത്സരങ്ങൾക്ക് ശേഷം സൂപ്പർ ഫോർ റൗണ്ടിൽ കെ എൽ രാഹുൽ പരിക്ക് മാറി തിരിച്ചെത്തിയതോടെ പ്ലേയിങ് ഇലവനിൽ സ്ഥാനം നഷ്ടമായിരുന്നു. പിന്നീട് ലോകകപ്പ് ടീമിലും ഇടം നേടിയെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിൽ ശുഭ്മാൻ ഗില്ലിന് ഡെങ്കിപ്പനി മൂലം കളിക്കാൻ കഴിയാത്തതു കൊണ്ട് മാത്രം കിഷന് പ്ലേയിങ് ഇലവനിൽ അവസരം കിട്ടി. പിന്നീട് ഗിൽ തിരിച്ചെത്തിയപ്പോൾ ശേഷിക്കുന്ന 11 കളികളിലും കിഷൻ സൈഡ് ബഞ്ചിലിരുന്ന് കളി കാണേണ്ടിവന്നു.
ലോകകപ്പിന് പിന്നാലെ നടന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ രണ്ട് അർധസെഞ്ചുറി നേടിയെങ്കിലും കിഷനെ അവസാന രണ്ട് ടി20 മത്സരങ്ങളിൽ നിന്നൊഴിവാക്കി. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലും ഇടം നേടിയെങ്കിലും പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. തുടർച്ചയായുള്ള ഒഴിവാക്കലുകളിൽ മനംമടുത്താണ് കിഷൻ വിശ്രമം ആവശ്യപ്പെട്ട് ടീം വിട്ടതെന്ന് സൂചനകളുണ്ടായിരുന്നു.