മൊഹാലി: ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിന് മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ തുടക്കം. ആദ്യ ട്വന്റി 20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ബൗളിങ് തെരഞ്ഞെടുത്തു.

ഓപ്പണർ യശസ്വി ജയ്സ്വാളും മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും സ്പിന്നർ കുൽദീപ് യാദവും ഇന്ന് കളിക്കുന്നില്ല. മൂന്ന് സ്പിന്നർമാരും രണ്ട് സ്‌പെഷ്യലിസ്റ്റ് പേസർമാരുമാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനിലുള്ളത്. മൂന്ന് ഓൾറൗണ്ടർമാരുടെ സാന്നിധ്യമാണ് മറ്റൊരു ശ്രദ്ധേയ കാര്യം. ജിതേഷ് ശർമ്മയാണ് സഞ്ജുവിന് പകരം വിക്കറ്റ് കീപ്പർ.

മൊഹാലിയിലെ കൊടുംതണുപ്പിൽ അഫ്ഗാനിസ്ഥാനെ നേരിടാനിറങ്ങുമ്പോൾ അഞ്ച് മാസത്തിനപ്പുറമുള്ള ട്വന്റി 20 ലോകകപ്പിലേക്കാണ് ടീം ഇന്ത്യയുടെ നോട്ടം. ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ അവസാന ട്വന്റി 20 പരമ്പരയാണിത്. പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ട്വന്റി 20 ടീമിലേക്ക് തിരിച്ചെത്തിയ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ആദ്യ ടി20യിലെ ആകർഷണം.

അതേസമയം സ്‌ക്വാഡിലേക്ക് മടങ്ങിയെത്തിയ മറ്റൊരു സീനിയർ താരമായ വിരാട് കോലി ആദ്യ അങ്കത്തിനില്ല. വ്യക്തിപരമായ കാരണങ്ങളാൽ മാറിനിൽക്കുകയാണ് കോലി. മൊഹാലിയിൽ രോഹിത്തിനൊപ്പം ശുഭ്മാൻ ഗിൽ ഇന്ത്യൻ ഇന്നിങ്സ് ഓപ്പണർ ചെയ്യും.

ഇന്ത്യൻ പ്ലേയിങ് ഇലവൻ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, തിലക് വർമ്മ, ശിവം ദുബെ, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്‌ണോയി, അർഷ്ദീപ് സിങ്, മുകേഷ് കുമാർ.