മൊഹാലി: അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 159 റൺസ് വിജയലക്ഷ്യം. തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം മുഹമ്മദ് നബി-അസ്മത്തുള്ള ഒമർസായി സഖ്യത്തിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ നിലയുറപ്പിച്ച സന്ദർശകർ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുക്കുകയായിരുന്നു. 27 പന്തിൽ 42 റൺസെടുത്ത മുഹമ്മദ് നബിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറർ. ഇന്ത്യക്കായി അക്‌സർ പട്ടേലും മുകേഷ് കുമാറും രണ്ട് വീതവും ശിവം ദുബെയും ഓരോ വിക്കറ്റ് നേടി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് പതിഞ്ഞ തുടക്കമാണ് ഓപ്പണർമാരായ റഹ്‌മാനുല്ല ഗുർബാസും ഇബ്രാഹിം സദ്രാനും നൽകിയത്. എട്ടാം ഓവറിന്റെ അവസാന അഫ്ഗാന്റെ ആദ്യ വിക്കറ്റ് വീഴുമ്പോൾ സ്‌കോർ 50 റൺസ്. 28 പന്തിൽ 23 റൺസെടുത്ത റഹ്‌മാനുല്ല, അക്‌സർ പട്ടേലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത് ഓവറിൽ ഇബ്രാഹിമി(22 പന്തിൽ 25)നെ ശിവം ദുബെയുടെ പന്തിൽ രോഹിത് ശർമ പിടിച്ച് പുറത്താക്കി.

തന്റെ ആദ്യ ഓവർ എറിയാനെത്തിയ ശിവം ദുബെ അഫ്ഗാൻ ക്യാപ്റ്റൻ കൂടിയായ സദ്രാനെ (22 പന്തിൽ 25) രോഹിത് ശർമ്മയുടെ കൈകളിലെത്തിക്കുകയായിരുന്നു. അഫ്ഗാന്റെ ഇരു ഓപ്പണർമാരും രണ്ട് വീതം ഫോറും ഓരോ സിക്സുമേ നേടിയുള്ളൂ. തൊട്ടടുത്ത ഓവറിലെ അവസാന പന്തിൽ ടി20 അരങ്ങേറ്റക്കാരൻ റഹ്‌മത്ത് ഷായെ (6 പന്തിൽ 3) അക്സർ ബൗൾഡാക്കിയതോടെ അഫ്ഗാൻ 9.6 ഓവറിൽ 57-3.

ഇതിന് ശേഷം നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ അസ്മത്തുള്ള ഒമർസായും മുഹമ്മദ് നബിയും ബൗണ്ടറികളുമായി അഫ്ഗാനിസ്ഥാനെ 15-ാം ഓവറിലെ മൂന്നാം പന്തിൽ 100 കടത്തി. അർധസെഞ്ചുറി കൂട്ടുകെട്ടിന് പിന്നാലെ മുകേഷ് കുമാറിനെ ശിക്ഷിച്ച് നബി അഫ്ഗാന് ആത്മവിശ്വാസമേകി. 68 റൺസ് നീണ്ട ഈ കൂട്ടുകെട്ട് 18-ാം ഓവറിലെ ആദ്യ പന്തിൽ മുകേഷ് തന്നെ പൊളിച്ചു. 22 പന്തിൽ 29 റൺസുമായി ഒമർസായ് മടങ്ങുകയായിരുന്നു. മുകേഷിന്റെ 18-ാം ഓവറിലെ അവസാന പന്തിൽ നബി (27 പന്തിൽ 42) റിങ്കു സിംഗിന്റെ പറക്കും ക്യാച്ചിൽ മടങ്ങിയതോടെ ഇന്ത്യ പിടിമുറുക്കി. പിന്നീട് നജീബുള്ള സദ്രാൻ (11 പന്തിൽ 19*), കരീം ജനാത് (5 പന്തിൽ 9*) എന്നിങ്ങനെയായിരുന്നു അഫ്ഗാൻ താരങ്ങളുടെ സ്‌കോർ.

മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. യുവ ഓപ്പണർ യശസ്വി ജയ്സ്വാളും മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും സ്പിന്നർ കുൽദീപ് യാദവും പേസർ ആവേഷ് ഖാനും ഇന്ത്യൻ നിരയിൽ കളിക്കുന്നില്ല. മൂന്ന് സ്പിന്നർമാരും രണ്ട് സ്‌പെഷ്യലിസ്റ്റ് പേസർമാരുമായാണ് ടീം ഇന്ത്യ ഫീൽഡിംഗിനിറങ്ങിയത്. മൂന്ന് ഓൾറൗണ്ടർമാരുടെ സാന്നിധ്യമാണ് മറ്റൊരു ശ്രദ്ധേയ കാര്യം. ഓൾറൗണ്ടർ ദുബെ ആറാം ബൗളറായപ്പോൾ ജിതേഷ് ശർമ്മയാണ് സഞ്ജുവിന് പകരം വിക്കറ്റ് കീപ്പർ.