- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർധസെഞ്ചുറിയുമായി ശിവം ദുബെ, ആദ്യ ട്വന്റി 20യിൽ ഇന്ത്യക്ക് ജയം
മൊഹാലി: അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ ജയം. അഫ്ഗാൻ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം 15 പന്തുകൾ ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. തുടക്കത്തിൽ നായകൻ രോഹിത് ശർമ്മയുടെ വിക്കറ്റ് നഷ്ടമായിട്ടും യുവതാരങ്ങളുടെ ബാറ്റിങ് വെടിക്കെട്ടിൽ ഇന്ത്യ വിജയതീരത്ത് എത്തി. സ്‌കോർ: അഫ്ഗാനിസ്ഥാൻ- 158/5 (20), ഇന്ത്യ- 159/4 (17.3).
മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ വേദിയായ ആദ്യ ടി20യിൽ ഇന്ത്യ ആറ് വിക്കറ്റിനാണ് വിജയിച്ചത്. അർധസെഞ്ചുറിയുമായി ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയ ശിവം ദുബെയാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. 38 പന്തിൽ 50 തികച്ച ദുബെ 40 പന്തിൽ 60 റൺസുമായി പുറത്താവാതെ നിന്നു. ദുബെ രണ്ട് ഓവറിൽ ഒൻപത് റൺസ് മാത്രം വിട്ടുനൽകി ഒരു വിക്കറ്റുമെടുത്തിരുന്നു.
മറുപടി ബാറ്റിംഗിൽ ഇന്ത്യൻ ഓപ്പണറും നായകനുമായ രോഹിത് ശർമ്മ ഇന്നിങ്സിലെ രണ്ടാം പന്തിൽ പൂജ്യത്തിന് നാടകീയമായി പുറത്തായി. ഫസൽഹഖ് ഫറൂഖിയുടെ പന്തിൽ റണ്ണിന് ശ്രമിച്ച് ശുഭ്മാൻ ഗില്ലുമായുള്ള ആശയക്കുഴപ്പത്തിൽ രോഹിത് റണ്ണൗട്ടാവുകയായിരുന്നു. പിന്നാലെ ഗിൽ അഞ്ച് ബൗണ്ടറികൾ പായിച്ച് മറുപടിക്കായി ശ്രമിച്ചെങ്കിലും നാലാം ഓവറിലെ അഞ്ചാം പന്തിൽ മുജീബ് ഉർ റഹ്‌മാന്റെ ബോളിൽ ഗുൽബാസ് സ്റ്റംപ് ചെയ്തു. 12 പന്തിൽ 23 റൺസാണ് ഗിൽ നേടിയത്.
വൺഡൗൺ ബാറ്റർ തിലക് വർമ്മ മികച്ച തുടക്കം നൽകിയ ശേഷം 22 പന്തിൽ 26 റൺസുമായി മടങ്ങി. അസ്മത്തുള്ള ഒമർസായിക്കായിരുന്നു വിക്കറ്റ്. ഇതിന് ശേഷം ശിവം ദുബെയ്ക്കൊപ്പം വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മ ആഞ്ഞടിച്ചെങ്കിലും ഫിനിഷിംഗിലേക്ക് നീണ്ടില്ല. 20 പന്തിൽ 31 എടുത്ത ജിതേഷിനെ അതിർത്തിയിൽ ഇബ്രാഹിം സദ്രാന്റെ കൈകളിലാക്കി മുജീബ് രണ്ട് വിക്കറ്റ് തികച്ചു.
അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ദുബെയ്ക്കൊപ്പം റിങ്കു സിങ് നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേക്ക് പായിച്ചു. ആറ് വിക്കറ്റ് കയ്യിലിരിക്കേ അവസാന അഞ്ചോവറിൽ 28 റൺസ് മാത്രം മതി ഇന്ത്യക്ക് ജയിക്കാനെന്നായി. എന്നാൽ പിന്നീടങ്ങോട്ട് അനായാസമായി മത്സരം ഫിനിഷ് ചെയ്തു ശിവം ദുബെയും റിങ്കു സിംഗും. ദുബെ 40 പന്തിൽ 60* ഉം, റിങ്കു 9 പന്തിൽ 16* ഉം റൺസുമായി പുറത്താവാതെ നിന്നു
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. മുഹമ്മദ് നബിയുടെ (27 പന്തിൽ 42) ഇന്നിങ്സാണ് അഫ്ഗാനിസ്താന് തുണയായത്. 50-ൽ പൂജ്യം എന്ന നിലയിൽനിന്ന് 57-ലെത്തിയപ്പോൾ അഫ്ഗാനിസ്താന്റെ മൂന്ന് മുൻനിര ബാറ്റർമാരും പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താന് ഓപ്പണർമാരായ റഹ്‌മത്തുള്ള ഗുർബാസും (28 പന്തിൽ 23) ക്യാപ്റ്റൻ ഇബ്രാഹിം സദ്രാനും (22 പന്തിൽ 25) മികച്ച തുടക്കമാണ് നൽകിയത്.
എഴാം ഓവറിൽ സ്‌കോർ 50-ൽ നിൽക്കേ അക്സർ പട്ടേലിന്റെ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച ഗുർബാസിന്റെ ശ്രമം പാളി. പന്ത് കൈയിൽ കിട്ടിയ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ ഒട്ടും അമാന്തിക്കാതെ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. ശിവം ദുബെ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ ഇബ്രാഹിം സദ്രാനും വിക്കറ്റ് കളഞ്ഞു. രോഹിത് ശർമയ്ക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. സ്‌കോർ 50-ൽ നിൽക്കെത്തന്നെയായിരുന്നു ഈ വിക്കറ്റും. അക്സർ പട്ടേൽ വീണ്ടും വന്നെറിഞ്ഞ ഓവറിൽ റഹ്‌മത്ത് ഷായും പുറത്തായി. ആറ് പന്തിൽ മൂന്ന് റൺസായിരുന്നു റഹ്‌മത്ത് ഷായുടെ സമ്പാദ്യം.
നാലാം വിക്കറ്റിൽ 68 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി അസ്മത്തുള്ള ഒമർസായും മുഹമ്മദ് നബിയും പിടിച്ചുനിന്നു. എന്നാൽ 18ാം ഓവറിൽ മുകേഷ് കുമാർ ഒമർസായുടെ വിക്കറ്റെടുത്തു. മുകേഷ് കുമാറിനെ കൂറ്റനടിക്ക് ശ്രമിച്ച ഒമർസായ്, ഇൻസൈഡ് എഡ്ജിലൂടെ വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. ഓവറിലെ അവസാന പന്തിൽ മുഹമ്മദ് നബിയെയും മുകേഷ് കുമാർ മടക്കി. റിങ്കു സിങ്ങിനായിരുന്നു ക്യാച്ച്. പിന്നീട് നജീബുള്ള (11 പന്തിൽ 19), കരീം ജന്നത്ത് (5 പന്തിൽ 9) എന്നിവരാണ് ഓവർ പൂർത്തിയാവുമ്പോൾ ക്രീസിലുണ്ടായിരുന്നത്. ഇന്ത്യൻ നിരയിൽ സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ ഉണ്ടായിരുന്നില്ല.