മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിനുള്ള ടീമിനെ സെലക്ടർമാർ പ്രഖ്യാപിച്ചപ്പോൾ ആരാധകരെ വിസ്മയിപ്പിച്ചത് യുവ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറെലിന്റെ ടീമിലേക്കുള്ള വരവായിരുന്നു. യുവതാരം ഇഷാൻ കിഷൻ വിട്ടുനിൽക്കുന്ന സാഹചര്യത്തിലായിരുന്നു ധ്രുവ് ജുറെലിന് ഇന്ത്യൻ ടീമിലേക്ക് വിളിയെത്തിയത്. ഐപിഎല്ലിൽ കഴിഞ്ഞ സീസണിൽ ഫിനിഷറെന്ന നിലയിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി തിളങ്ങിയ 22കാരൻ തന്റെ ക്യാപ്റ്റനായ മലയാളി താരം സഞ്ജു സാംസണെപ്പോലും മറികടന്നാണ് 22-ാം വയസിൽ ടെസ്റ്റ് ടീമിലെത്തുന്നത്. ഇഷാൻ കിഷനോട് സെലക്ടർമാർക്കും ടീം മാനേജ്‌മെന്റിനുമുള്ള നീരസവും പകരക്കാരനാവുമെന്ന് കരുതിയ സഞ്ജു സാംസണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ വലിയ നേട്ടങ്ങളില്ലാത്തതും മാത്രമല്ല ധ്രുവ് ജുറെലിനെ ടെസ്റ്റ് ടീമിലേക്ക് സെലക്ടർമാർ പരിഗണിക്കാൻ കാരണം.

ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എ ടീമിനായും റണ്ണടിച്ചതിന് പുറമെ സമ്മർദ്ദഘട്ടങ്ങളിൽ റൺസടിക്കാനുള്ള മികവ് കൂടിയാണ് ജൂറെലിന് സഞ്ജുവിനെ പോലും മറികടന്ന് ടെസ്റ്റ് ടീമിൽ സ്ഥാനം നൽകിയത്. ആഭ്യന്തര ക്രിക്കറ്റിൽ കഴിഞ്ഞ സീസണിൽ ഉത്തർപ്രദേശിനായി രഞ്ജി ട്രോഫിയിൽ അരങ്ങേറിയ ജൂറെൽ ഇതുവരെ 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറിയും അടക്കം 790 റൺസ് നേടി. 249 റൺസാണ് മികച്ച സ്‌കോർ. 10 ലിസ്റ്റ് എ മത്സരങ്ങളിലും 23 ട്വന്റി 20 മത്സരങ്ങളിലും ജുറെൽ കളിച്ചു.

ഐപിഎൽ ലേലത്തിൽ രാജസ്ഥാൻ ധ്രുവ് ജുറെൽ എന്ന 21കാരനെ ടീമിലെത്തിച്ചപ്പോൾ എണ്ണം തികക്കാനൊരാൾ എന്നതായിരുന്നു ആരാധകർ കരുതിയത്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് ടീമിലെത്തിയ ജുറെൽ വിക്കറ്റ് കീപ്പർ ബാറ്ററാണെന്ന് പോലും അറിയാവുന്നവർ ചുരുക്കമായിരുന്നു. ക്യാപ്റ്റൻ സഞ്ജു സാംസൺ തന്നെ വിക്കറ്റ് കീപ്പറുമായ രാജസ്ഥാൻ നിരയിൽ ജുറെലിന് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചവർ പോലും ചുരുക്കമാണ്

എന്നാൽ റിയാൻ പരാഗിന്റെ മങ്ങിയ ഫോം ജുറെലിന് ആദ്യ സീസണിൽ തന്നെ പ്ലേയിങ് ഇലവനിൽ അരങ്ങേറാൻ ജുറെലിന് അവസരം നൽകി. പഞ്ചാബ് കിങ്‌സിനെതിരെ അവസാന ഓവറിൽ രാജസ്ഥാൻ കളി ജയിച്ചപ്പോൾ നാല് പന്തിൽ 10 യ് പുറത്താകാതെ നിന്ന് കളി ഫിനിഷ് ചെയ്ത ജുറെൽ അരങ്ങേറ്റം മോശമാക്കിയില്ല. ഇതോടെ ഫിനിഷറെന്ന നിലയിൽ റിയാൻ പരാഗിനെക്കാൾ ആശ്രയിക്കാവുന്ന ബാറ്ററായി രാജസ്ഥാൻ ജുറെലിനെ കാണാൻ തുടങ്ങി.

വിരാട് കോടിലുടെ ആർസിബിക്കെതിരെ 16 പന്തിൽ 34 റൺസടിച്ച ജുറെലിന്റെ പ്രകടനത്തിലും രാജസ്ഥാൻ ഏഴ് റൺസിന് തോറ്റെങ്കിലും പ്ലേയിങ് ഇലവനിലെ സ്ഥാനം ഉറപ്പാക്കാൻ ഈ പ്രകടനം കൊണ്ടായി. ഐപിഎല്ലിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റിലും എ ടീമിനായും നടത്തിയ ശ്രദ്ധേയ പ്രകടനങ്ങൾക്ക് പിന്നാലെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള വിളിയും 22കാരനെ തേടിയെത്തുമ്പോൾ അതിന് പിന്നിൽ കഷ്ടപാടിന്റെ പിച്ചിൽ ബാറ്റേന്തിയ കഥയേറെയുണ്ട്.

ചെറുപ്പത്തിൽ സ്‌കൂളിലെ നീന്തൽ ക്ലാസിന് പോകുകയാണെന്ന് അച്ഛനോട് കള്ളം പറഞ്ഞ് ക്രിക്കറ്റ് അക്കാദമിയിൽ ചേർന്ന ജുറെൽ അതിന് ഇന്ത്യൻ ആർമിയിൽ ഹവീൽദാറായിരുന്ന പിതാവിൽ നിന്ന് ശകാരം ഏറ്റുവാങ്ങി. എന്നാൽ മകന്റെ ക്രിക്കറ്റ് കമ്പം മനസിലാക്കിയ പിതാവ് അവനൊരു ബാറ്റ് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ സാമ്പത്തിക പരാധിനതകൾ ഏറെയുള്ള അദ്ദേഹത്തിന്റെ കൈയിൽ പണമില്ലായിരുന്നു. ഒടുവിൽ സുഹൃത്തുക്കളുടെ കൈയിൽ നിന്ന് കടം വാങ്ങിയ 800 രൂപകൊണ്ട് ബാറ്റ് വാങ്ങിക്കൊടുത്തു. ഹവീൽദാറായിരുന്ന അച്ഛൻ തന്റെ മേലുദ്യോഗസ്ഥർക്ക് മുന്നിൽ സല്യുട്ട് ചെയ്ത് നിൽക്കുന്നത് കാണാൻ ജുറെൽ ഒരിക്കലും ഇഷ്ടപ്പെട്ടില്ല.

താൻ വലിയ ക്രിക്കറ്റ് താരമായാൽ അച്ഛൻ ഇനിയാരുടെ മുന്നിലും സല്യൂട്ട് ചെയ്യേണ്ടിവരില്ലെന്ന് ജൂറെൽ മനസിലുറപ്പിച്ചു. ആദ്യകാലത്തൊക്കെ അച്ഛൻ സർക്കാർ ജോലിക്കായി ശ്രമിക്കാൻ പറഞ്ഞ് നിർബന്ധിക്കുമായിരുന്നെങ്കിലും ജുറെലിന്റെ ക്രിക്കറ്റ് കമ്പം കണ്ട് ഒടുവിൽ ആ പറച്ചിൽ നിർത്തി. ക്രിക്കറ്റ് പരിശീലനവുമായി മുന്നോട്ടുപോയെ ജുറെൽ ഒരിക്കൽ ക്രിക്കറ്റ് കിറ്റ് വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ അത് വാങ്ങിക്കൊടുക്കാൻ പിതാവിന്റെ കൈയിൽ പണമില്ലായിരുന്നു. 8000 രൂപയോളം വരുന്ന ക്രിക്കറ്റ് കിറ്റൊന്നും വാങ്ങാൻ പൈസയില്ലെന്നും ക്രിക്കറ്റൊക്കെ നിർത്തി ജോലി നേടാനുമാണ് അച്ഛൻ ജുറെലിനെ ഉപദേശിച്ചത്.

ആ സമയത്താണ് അമ്മ തന്റെ സ്വർണമാല വിറ്റ് കിറ്റ് വാങ്ങിച്ചോളാൻ ജുറെലിനോട് പറയുന്നത്.അങ്ങനെ ജുറെൽ ആദ്യമായി ഒരു ക്രിക്കറ്റ് കിറ്റ് സ്വന്തമാക്കി. സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ യുപിയുടെ അണ്ടർ 14, അണ്ടർ 16 ടീമിലെത്തിയ ജുറെൽ അണ്ടർ 19 ടീമിലും കഴിഞ്ഞ വർഷം യുപി രഞ്ജി ടീമിലുമെത്തി. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിലെത്തിയതോടെ ശ്രദ്ധേയനായ ജുറെൽ ഒടുവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിലുമെത്തി. കെ എൽ രാഹുൽ വിക്കറ്റ് കീപ്പറുടെ ചുമതല ഏറ്റെടുക്കുന്നില്ലെങ്കിൽ ജുറെലിന് ആദ്യ ടെസ്റ്റിൽ തന്നെ അരങ്ങേറ്റത്തിനും അവസരം ലഭിക്കുമെന്നാണ് കരുതുന്നത്

ട്വന്റി 20, ഏകദിന ക്രിക്കറ്റിലെന്ന പോലെ ധ്രുവ് ജുറെലിന് ടെസ്റ്റ് ക്രിക്കറ്റിലും തിളങ്ങാൻ കഴിയുമെന്ന കാര്യത്തിൽ രാജസ്ഥാൻ റോയൽസ് ടീം ഡയറക്ടറായ കുമാർ സംഗക്കാരക്കും യാതൊരു സംശയവുമില്ല. ടെസ്റ്റ് ക്രിക്കറ്റിൽ തിളങ്ങാൻവേണ്ട ബാറ്റിങ് ടെക്‌നിക്കും മാനസിക കരുത്തുമുള്ള ബാറ്ററാണ് ധ്രുവ് ജുറെലെന്ന് കുമാർ സംഗക്കാര പറഞ്ഞു. കഴിഞ്ഞ സീസണിലാണ് അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് ജുറെൽ രാജസ്ഥാൻ ടീമിലെത്തുന്നത്. ആദ്യ സീസണിൽ തന്നെ ഫിനിഷറെന്ന നിലയിൽ തിളങ്ങി. കളിയോടുള്ള സമർപ്പണവും സമ്മർദ്ദഘട്ടങ്ങളെ അതിജീവിക്കാനുള്ള അവന്റെ മികവും മറ്റ് താരങ്ങൾക്കും മാതൃകയാണെന്ന് സംഗക്കാര പറഞ്ഞു.