- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പോസ്റ്ററിൽ നിന്നും രോഹിത് ശർമ്മയെ 'പുറത്താക്കി' മുംബൈ ഇന്ത്യൻസ്; പുതിയ ട്വീറ്റ് വിവാദത്തിൽ; അപമാനം സഹിച്ച് രോഹിത് മുംബൈ ടീമിൽ നിൽക്കേണ്ടതില്ലെന്ന് ആരാധകർ; സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷവിമർശനം
മുംബൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ക്രിക്കറ്റ് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദമായി മുംബൈ ഇന്ത്യൻസിന്റെ പോസ്റ്റർ. എക്‌സിൽ പങ്കുവെച്ച പോസ്റ്ററിൽനിന്ന് നായകൻ രോഹിത് ശർമയെ വെട്ടിയതാണ് ആരാധകരെ രോഷം കൊള്ളിച്ചത്. മുംബൈ ഇന്ത്യൻസിന്റെ നായക സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ പോസ്റ്ററിൽനിന്ന് ഒഴിവാക്കിയത് വ്യക്തമായ ഉദ്ദേശ്യത്തോടെയാണെന്നാണ് ആരോപണം. കെ.എൽ രാഹുൽ, ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യർ എന്നിവരാണ് മുംബൈ ഇന്ത്യൻസ് പങ്കുവെച്ച പോസ്റ്ററിൽ ഇടംപിടിച്ചത്. മുഴുവൻ ടീം അംഗങ്ങളുടെയും പേരും പോസ്റ്ററിലുണ്ട്.
രോഹിത് ശർമ്മയെ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കി പുലിവാൽ പിടിച്ച മുംബൈ ഇന്ത്യൻസിന്റെ പുതിയ ട്വീറ്റും വിവാദത്തിലായിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡ് മുംബൈ ഇന്ത്യൻസ് എക്സിൽ പങ്കുവെച്ചപ്പോൾ ടെസ്റ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ചിത്രം ഒഴിവാക്കിയതാണ് ആരാധകരുടെ പ്രതിഷേധത്തിന് കാരണം.
ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടെസ്റ്റ് സ്‌ക്വാഡിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ് എന്ന ചോദ്യത്തോടെയായിരുന്നു താരങ്ങളുടെ പട്ടിക മുംബൈ ഇന്ത്യൻസ് എക്സിൽ പങ്കുവെച്ചത്. എന്നീ ഹാഷ്ടാഗുകളും ഇതിനൊപ്പമുണ്ടായിരുന്നു. എന്നാൽ മുംബൈ ഇന്ത്യൻസ് പങ്കുവെച്ച പോസ്റ്ററിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ ചിത്രം ഇല്ലാതെപോയി. ക്യാപ്റ്റന് പകരം കെ എൽ രാഹുലിനെ പ്രധാനിയാക്കിയാണ് മുംബൈ ഇന്ത്യൻസ് പോസ്റ്റർ തയ്യാറാക്കിയത്. ഇതിനെ ചോദ്യം ചെയ്താണ് ആരാധകർ ഫ്രാഞ്ചൈസിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ രംഗത്തെത്തിയത്.
എവിടെ ഇന്ത്യൻ ക്യാപ്റ്റൻ? ഇത്രയും അപമാനം സഹിച്ച് രോഹിത് മുംബൈ ഇന്ത്യൻസിൽ തുടരേണ്ടില്ല. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ പോസ്റ്ററിൽ നിന്നും തല വെട്ടിയോ? മുംബൈ ഇന്ത്യൻസിൽ നിന്ന് സ്വയം വിട്ടുപോകാൻ രോഹിത് ഇനിയെങ്കിലും തീരുമാനമെടുക്കണം... എന്നിങ്ങനെ നീളുന്ന അതിരൂക്ഷ വിമർശനമാണ് മുംബൈ ഇന്ത്യൻസിന്റെ ട്വീറ്റിന് താഴെ രോഹിത് ശർമ്മയുടെ ആരാധകർ ഉയർത്തിയത്. പേജ് അൾഫോളോ ചെയ്യുന്നതായും ചിലർ അറിയിക്കുന്നുണ്ട്.
ഐപിഎൽ 2024 സീസണിന് മുന്നോടിയായി രോഹിത് ശർമ്മയെ മാറ്റി ഹാർദിക്ക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് നായകനാക്കിയത് വലിയ വിവാദമായിരുന്നു. ഗുജറാത്ത് ടൈറ്റൻസ് നായകനായിരുന്ന ഹാർദിക്കിനെ 2023 അവസാനം നടന്ന ട്രേഡിലൂടെ സ്വന്തമാക്കിയ ശേഷം രോഹിത്തിന് പകരം ക്യാപ്റ്റനായി അപ്രതീക്ഷിത പ്രഖ്യാപനം മുംബൈ ഇന്ത്യൻസ് നടത്തുകയായിരുന്നു. രോഹിത്തിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചതിനെ ചൊല്ലി മുംബൈ ടീമിൽ തമ്മിലടി രൂക്ഷമാണ് എന്നാണ് ഇപ്പോഴും റിപ്പോർട്ടുകൾ.
10 സീസണുകളിൽ മുംബൈ ഇന്ത്യൻസിനെ നയിച്ച രോഹിത് ശർമ്മ അഞ്ച് ഐപിഎൽ കിരീടങ്ങൾ ടീമിന് സമ്മാനിച്ചിരുന്നു. രോഹിത്തിനെ ഫ്രാഞ്ചൈസിയുടെ നായകസ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ഇന്ത്യൻ ടെസ്റ്റ് സ്‌ക്വാഡിനെ കുറിച്ചുള്ള പോസ്റ്ററിൽ നിന്നും തഴഞ്ഞത് ഹിറ്റ്മാനോട് ഫ്രാഞ്ചൈസിക്കുള്ള നീരസം തുടരുന്നതിന്റെ തെളിവായാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
സ്പോർട്സ് ഡെസ്ക്