- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോൺ ഫിഞ്ചിന് പിന്നാലെ ക്രിക്കറ്റ് കരിയർ മതിയാക്കി ഷോൺ മാർഷ്
മെൽബൺ: പ്രഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഓസ്ട്രേലിയൻ താരം ഷോൺ മാർഷ്. മെൽബൺ റെനഗേഡ്സിന്റെ സിഡ്നി തണ്ടേഴ്സിനെതിരായ മത്സരത്തോടെ ഷോൺ മാർഷിന്റെ ക്രിക്കറ്റ് കരിയറിന് അവസാനമാകും. റെനഗേഡ്സിന്റെ മറ്റൊരു താരമായ ആരോൺ ഫിഞ്ചും ഏതാനും ദിവസങ്ങൾക്ക് മുമ്പ് ക്രിക്കറ്റ് കരിയറിന് വിരാമമിട്ടിരുന്നു.
ഓസ്ട്രേലിയൻ ദേശീയ ടീമിനെക്കാൾ കൂടുതൽ ഐപിഎല്ലിൽ തിളങ്ങിയിട്ടുള്ള മാർഷ് ഐപിഎല്ലിലെ ആദ്യ സൂപ്പർ താരങ്ങളിൽ ഒരാളാണ്. ബിഗ് ബാഷ് ലീഗിൽ മെൽബൺ റെനഗഡ്സിനായി കളിക്കുന്ന മാർഷ് ബുധനാഴ്ച നടക്കുന്ന സിഡ്നി തണ്ടേഴ്സിനെതിരായ മത്സരത്തോടെയാണ് സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത്.
റെനെഗഡ്സിനായി കളിക്കുന്നത് ആസ്വദിച്ചിരുന്നുവെന്നും കഴിഞ്ഞ അഞ്ച് വർഷക്കാലം റെനെഗഡ്സ് കുപ്പായത്തിൽ ഒട്ടേറെ നേട്ടങ്ങൾക്കൊപ്പം സുഹൃത്തുക്കളെയും സ്വന്തമാക്കാനായതിൽ സന്തോഷമുണ്ടെന്നും 40കാരനായ മാർഷ് പറഞ്ഞു. ഈ സീസണിൽ പരിക്കുമൂലം ആദ്യ മത്സരങ്ങൾ നഷ്ടമായ മാർഷ് അഞ്ച് മത്സരങ്ങളിൽ നിന്ന് 45.25 ശരാശരിയിലും 138.16 സ്ട്രൈക്ക് റേറ്റിലും 181 റൺസടിച്ചിരുന്നു. മൂന്ന് അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു.
റെനെഗഡ്സിൽ ചേരുന്നതിന് മുമ്പ് 2011-മുതൽ 2019വരെ പെർത്ത് സ്കോർച്ചേഴ്സിന്റെ വിശ്വസ്ത താരമായിരുന്നു മാർഷ്. ബിഗ് ബാഷ് ലീഗിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മാർഷ്, 79 മത്സരങ്ങളിൽ നിന്ന് 2810 റൺസ് നേടിയിട്ടുണ്ട്. ബിഗ് ബാഷിലെ എക്കാലത്തെയും വലിയ ആറാമത്തെ റൺവേട്ടക്കാരനുമാണ് ഷോൺ മാർഷ്.
ഐപിഎല്ലിൽ 10 സീസണുകളിൽ കളിച്ചിട്ടുള്ള ഷോൺ മാർഷ് 71 മത്സരങ്ങളിൽ നിന്ന് 2477 റൺസടിച്ചിട്ടുണ്ട്.2008ലെ ആദ്യ സീസണിൽ പഞ്ചാബ് കിങ്സിനായി കളിക്കാനിറങ്ങിയ ഷോൺ മാർഷ് നാലു അർധസെഞ്ചുറിയും ഒരു സെഞ്ചുറിയും അടക്കം 616 റൺസടിച്ച് ആദ്യ ഓറഞ്ച് ക്യാപ്പിനുടമയായിരുന്നു.