ഇൻഡോർ: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലും യുവനിരയുടെ കരുത്തിലാണ് ആറ് വിക്കറ്റിന്റെ ജയം ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ആറ് വിക്കറ്റിന് ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പര ഉറപ്പാക്കിക്കഴിഞ്ഞു. രണ്ടാം ട്വന്റി 20 മത്സരത്തിൽ 26 പന്ത് ബാക്കിനിർത്തിയാണ് 173 റൺസ് വിജയലക്ഷ്യം ഇന്ത്യ മറികടന്നത്. ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്ഥാൻ 172 റൺസ് നേടിയപ്പോൾ മറുപടിക്കിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് വിജയലക്ഷ്യത്തിലെത്തിയത്.

യശ്വസി ജയ്സ്വാളും (68) ശിവം ദുബെയും (63*) നടത്തിയ അർധ സെഞ്ച്വറി പ്രകടനങ്ങളാണ് ഇന്ത്യൻ ജയം വേഗത്തിലാക്കിയത്. ഇതിൽ എടുത്തു പറയേണ്ടത് ശിവം ദുബെയുടെ ഓൾറൗണ്ട് പ്രകടനമാണ്. 32 പന്ത് നേരിട്ട് 5 ഫോറും 4 സിക്സും ഉൾപ്പെടെയാണ് ദുബെയുടെ ബാറ്റിങ് വെടിക്കെട്ട്. ഒരു വിക്കറ്റും ദുബെ സ്വന്തമാക്കി. ഇതോടെ വമ്പനൊരു റെക്കോഡിലേക്കും ദുബെയെത്തിയിരിക്കുകയാണ്. തുടർച്ചയായ രണ്ട് ട്വന്റി 20 മത്സരത്തിൽ ഒരു വിക്കറ്റും അർധ സെഞ്ച്വറി പ്രകടനവും നടത്തുന്ന ആദ്യത്തെ താരമായി ദുബെ മാറിയിരിക്കുകയാണ്.

ആദ്യ മത്സരത്തിൽ 40 പന്തിൽ 60 റൺസ് നേടാനും ദുബെക്കായിരുന്നു. ഒരു വിക്കറ്റും താരം നേടി. രണ്ടാം മത്സരത്തിൽ മൂന്ന് ഓവർ പന്തെറിഞ്ഞ താരം 36 റൺസ് വിട്ടുകൊടുത്താണ് ഒരു വിക്കറ്റ് നേടിയത്. ഇക്കോണമി പ്രശ്നമാണെങ്കിലും ഇന്ത്യക്ക് ഓൾറൗണ്ടറെന്ന നിലയിൽ ഉപയോഗിക്കാൻ സാധിക്കുന്ന താരമാണ് ദുബെയെന്ന് വ്യക്തമായിക്കഴിഞ്ഞു. ഹാർദിക് പാണ്ഡ്യക്ക് ഒപ്പം ദുബെയെ പേസ് ഓൾറൗണ്ടറായി ട്വന്റി 20 ലോകകപ്പിലേക്കും പരിഗണിക്കാൻ ഇതോടെ സാധ്യതയേറി.

ശിവം ദുബെ മികവ് കാട്ടുന്നതോടെ തിലക് വർമയുടെ കരിയറിന് വെല്ലുവിളിയാകും. തിലക് മികച്ച സ്പിൻ ഓൾറൗണ്ടറാണ്. ഇടം കൈയൻ താരം മുംബൈ ഇന്ത്യൻസിനൊപ്പം തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. എന്നാൽ ഇന്ത്യൻ ടീമിലേക്കെത്തിയ ശേഷമുള്ള താരത്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. നന്നായി തുടങ്ങുമെങ്കിലും വലിയ സ്‌കോറിലേക്ക് ഇതിനെ ഉയർത്താനാവുന്നില്ല. ഈ സാഹചര്യത്തിൽ ഇന്ത്യ തിലകിനെക്കാൾ പ്രാധാന്യം ദുബെക്ക് നൽകിയേക്കും.

അതേ സമയം പരമ്പരയിൽ തുടർച്ചയായ രണ്ടാം അർധ സെഞ്ചുറി നേടിയ ദുബെ ഇന്ത്യൻ ട്വന്റി 20 ടീമിൽ സ്ഥാനം ഉറപ്പിക്കുകയാണ്. നാലാം നമ്പറിലോ, അഞ്ചാമനായോ ഇന്ത്യയുടെ ബാറ്റിങ് നിരയിൽ ഇനി ദുബെയെ കാണാനാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. രണ്ടാം ടി20യിലെ ഇന്നിങ്സിൽ നാല് സിക്സും അഞ്ച് ഫോറുമുണ്ടായിരുന്നു.

ദുബെ നേടിയ നാല് ഫോറിൽ മൂന്നും അഫ്ഗാൻ സീനിയർ സ്പിന്നർ മുഹമ്മദ് നബിക്കെതിരെയായിരുന്നു. അതും തുടർച്ചയായി മൂന്ന് പന്തുകളിൽ. പത്താം ഓവറിലെ രണ്ട്, മൂന്ന്, നാല് പന്തുകളിലാണ് ദുബെ സിക്സുകൾ നേടിയത്. ഈ സിക്സുകൾ മത്സരത്തിലെ സവിശേഷതകളിൽ ഒന്നായിരുന്നു. സിക്സുകൾ കണ്ട് കണ്ണുത്തള്ളി നിൽക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, സീനിയർ താരം വിരാട് കോലി എന്നിവരുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

യുവരാജ് സിങ്ങിനൊപ്പം എലൈറ്റ് ക്ലബ്ബിലേക്കെത്താനും ദുബെക്കായി. ട്വന്റി 20 റൺചേസിൽ പുറത്താവാതെ കൂടുതൽ തവണ 50 പ്ലസ് സ്‌കോർ നേടുന്നവരിൽ ദുബെ യുവിക്കൊപ്പമെത്തി. രണ്ട് പേരും രണ്ട് തവണയാണ് ഈ നേട്ടത്തിലേക്കെത്തിയത്. 11 തവണ ഈ നേട്ടം സ്വന്തമാക്കിയ വിരാട് കോലി തലപ്പത്ത് നിൽക്കുമ്പോൾ നാല് തവണ ഈ നേട്ടത്തിലെത്തിയ കെ എൽ രാഹുൽ മൂന്നാം സ്ഥാനത്താണ്. രോഹിത് ശർമയും ശ്രേയസ് അയ്യരും മൂന്ന് തവണ വീതം ഈ നേട്ടത്തിലേക്കെത്തി മൂന്നാം സ്ഥാനത്തുമുണ്ട്.

ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന യശ്വസി ജയ്സ്വാൾ രണ്ടാം മത്സരത്തിൽ തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്. 34 പന്ത് നേരിട്ട് 5 ഫോറും 6 സിക്സും ഉൾപ്പെടെ 68 റൺസാണ് ജയ്സ്വാൾ നേടിയത്. 200ന് മുകളിൽ സ്ട്രൈക്ക് റേറ്റിലാണ് താരം കസറിയത്. ഇതോടെ കൂടുതൽ തവണ 200 പ്ലസ് സ്ട്രൈക്ക് റേറ്റിൽ 50ലധികം റൺസ് നേടുന്ന താരങ്ങളിൽ നാലാം സ്ഥാനത്തേക്കെത്താൻ ജയ്സ്വാളിനായി. ഇത് മൂന്നാം തവണയാണ് താരം ഈ നേട്ടത്തിലെത്തുന്നത്.

എട്ട് തവണ ഈ നേട്ടം സ്വന്തമാക്കിയ സൂര്യകുമാർ യാദവ് തലപ്പത്ത് നിൽക്കുമ്പോൾ അഞ്ച് തവണ ഈ നേട്ടത്തിലേക്കെത്തിയ യുവരാജ് സിങ് രണ്ടാം സ്ഥാനത്തേക്കും നാല് തവണ ഈ നേട്ടത്തിലേക്കെത്തിയ കെ എൽ രാഹുൽ മൂന്നാം സ്ഥാനത്തേക്കുമെത്തി. ജയ്സ്വാളിന്റെ വരവോടെ ശുബ്മാൻ ഗില്ലിന്റെ ഓപ്പണിങ്ങിലെ സ്ഥാനം ചോദ്യം ഉയർത്തുകയാണ്.