ദുബായ്: അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ രണ്ട് അർധസെഞ്ചുറികളുമായി തകർത്തടിച്ച ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബെയ്ക്ക് ഐസിസി ട്വന്റി 20 റാങ്കിംഗിൽ വൻ നേട്ടം. 207 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ശിവം ദുബെ പുതിയ റാങ്കിംഗിൽ 58-ാം സ്ഥാനത്തെത്തി. പരിക്കുമൂലം ടീമിൽ നിന്ന് പുറത്തായ സൂര്യകുമാർ യാദവിന്റെ ഒന്നാം സ്ഥാനത്തിന് തൽക്കാലം ഭീഷണിയില്ല.

ഇന്ത്യയുടെ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളും നേട്ടമുണ്ടാക്കി. ഇന്ത്യ- അഫ്ഗാൻ പരമ്പരയിലെ രണ്ടാം മത്സരത്തിനുശേഷം പുറത്തിറങ്ങിയ റാങ്കിംഗിൽ യശസ്വി ഏഴ് സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. ഇതാദ്യമായാണ് യശസ്വി ടി20 റാങ്കിംഗിൽ ആദ്യ പത്തിലെത്തുന്നത്.

യശസ്വി കഴിഞ്ഞാൽ ഒമ്പതാം സ്ഥാനത്തുള്ള റുതുരാജ് ഗെയ്ക്വാദാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ ബാറ്റർ. 14 മാസത്തെ ഇടവേളക്കുശേഷം ടി20 ടീമിൽ തിരിച്ചെത്തിയ വിരാട് കോലി ഒരു സ്ഥാനം താഴേക്കിറങ്ങി 44-ാം സ്ഥാനത്താണ്. നാലു സ്ഥാനം താഴേക്കിറങ്ങിയ ഇഷാൻ കിഷൻ 51-ാമതും അഫ്ഗാനെതിരെ ആദ്യ മത്സരത്തിൽ തിളങ്ങിയില്ലെങ്കിലും ഏഴ് സ്ഥാനം മെച്ചപ്പെടുത്തിയ ശുഭ്മാൻ ഗിൽ 60-ാം സ്ഥാനത്തുമാണ്.

മൂന്ന് സ്ഥാനം ഉയർന്ന തിലക് വർമ 63-ാം സ്ഥാനത്തുള്ളപ്പോൾ അഫ്ഗാനെതിരായ ആദ്യ രണ്ട് ടി20- മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ രോഹിത് ശർമ ഒമ്പത് സ്ഥാനം താഴേക്കിറങ്ങി 68-ാം സ്ഥാനത്താണ്.

ബൗളിങ് റാങ്കിംഗിൽ അക്‌സർ പട്ടേലാണ് ഏറ്റവുമധികം നേട്ടം കൊയ്ത ഇന്ത്യൻ ബൗളർ. 12 സ്ഥാനം ഉയർന്ന അക്‌സർ അഞ്ചാം സ്ഥാനത്തേക്ക് കയറി. അഫ്ഗാനെതിരെ തിളങ്ങാൻ കഴിയാതിരുന്ന രവി ബിഷ്‌ണോയ് നാലു സ്ഥാനം താഴേക്കിറങ്ങി ആറാം സ്ഥാനത്തുണ്ട്. ഇംഗ്ലണ്ടിന്റെ ആദിൽ റഷീദാണ് ഒന്നാമത്. നാലു സ്ഥാനം ഉയർന്ന അർഷ്ദീപ് സിങ് 21-ാമതും നാലു സ്ഥാനം താഴേക്കിറങ്ങിയ കുൽദീപ് യാദവ് 28-മതുമാണ്. ഓൾ റൗണ്ടർമാരിൽ ഹാർദ്ദിക് പാണ്ഡ്യ അഞ്ചാമതുണ്ട്.