ബെംഗളൂരു: ആരാധകരുടെ കാത്തിരിപ്പിന് വിരാമം. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇടംപിടിച്ചു. മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇറങ്ങുന്നത്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ബാറ്റിങ് തെരഞ്ഞെടുത്തു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ അൽപ സമയത്തിനകം ഇന്ത്യ-അഫ്ഗാൻ മത്സരം ആരംഭിക്കും. സ്പോർട്സ് 18 നെറ്റ്‌വർക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം.

ജയത്തോടെ ട്വന്റി 20 പരമ്പര തൂത്തുവാരാൻ ഒരുങ്ങിയാണ് ടീം ഇന്ത്യ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. ഇന്ത്യൻ ടീമിൽ അക്ഷർ പട്ടേൽ, ജിതേഷ് ശർമ, അർഷ്ദീപ് എന്നിവർക്ക് പകരമാണ് സഞ്ജു സാംസൺ, ആവേശ് ഖാൻ, കുൽദീപ് യാദവ് എന്നിവർ ടീമിലെത്തിയത്. സഞ്ജു ടീമിലുണ്ടെന്ന് രോഹിത് ടോസിനിടെ പറഞ്ഞതിനു പിന്നാലെ സ്റ്റേഡിയത്തിൽ നിറഞ്ഞ കൈയടികളായിരുന്നു. ആദ്യ രണ്ട് മത്സരത്തിലും പുറത്തിരുത്തിയ ശേഷമാണ് സഞ്ജുവിന് അവസരമൊരുങ്ങിയിരിക്കുന്നത്.

ട്വന്റി 20 ലോകകപ്പിന് മുമ്പ് ടീം ഇന്ത്യയുടെ അവസാന ടി20 മത്സരമാണിത് എന്ന സവിശേഷത ഇന്നത്തെ കളിക്കുണ്ട്. മികച്ച ഇന്നിങ്‌സിലൂടെ ലോകകപ്പ് ടീമിലെത്താനുള്ള സാധ്യത കൂട്ടാനാവും ഇന്ത്യൻ താരങ്ങളുടെ ശ്രമം. ഇന്ത്യ-അഫ്ഗാൻ പരമ്പര കഴിഞ്ഞാൽ ഐപിഎൽ 2024 സീസൺ മാത്രമാണ് ലോകകപ്പ് സ്‌ക്വാഡിലിടം പിടിക്കാൻ താരങ്ങൾക്ക് മുന്നിലുള്ള വഴി. പരമ്പരയിലെ ആദ്യ രണ്ട് കളികളും ആറ് വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു.

ട്വന്റി20 ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, സ്വന്തം ആത്മവിശ്വാസത്തോടൊപ്പം ടീമിന്റെ ആത്മവിശ്വാസവും തിരിച്ചുപിടിക്കാൻ രോഹിത്തിന് ഇന്ന് റൺസ് കണ്ടെത്തിയേ മതിയാകൂ. മറുവശത്ത് പരമ്പരയിലെ സമ്പൂർണപരാജയം ഒഴിവാക്കി, ആശ്വാസ ജയവുമായി മടങ്ങാനുറപ്പിച്ചാകും അഫ്ഗാൻ സംഘം ഇറങ്ങുക. ലോകകപ്പ് ടീമിൽ അവസരം ഉറപ്പിക്കാൻ ഓൾറൗണ്ടർ ശിവം ദുബെയ്ക്ക് ഈ മത്സരം നിർണായകമാണ്.

ഇന്ത്യ: യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ്മ (ക്യാപ്റ്റൻ), വിരാട് കോലി, ശിവം ദുബെ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, വാഷിങ്ടൺ സുന്ദർ, രവി ബിഷ്‌ണോയി, മുകേഷ് കുമാർ, കുൽദീപ് യാദവ്, ആവേഷ് ഖാൻ.

അഫ്ഗാനിസ്ഥാൻ: റഹ്‌മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റൻ), ഗുൽബാദിൻ നൈബ്, അസമത്തുള്ള ഒമർസായ്, മുഹമ്മദ് നബി, നജീബുള്ള സദ്രാൻ, കരീം ജനാത്ത്, ഷറഫുദ്ദീൻ അഷ്‌റഫ്, ഖ്വായിസ് അഹമ്മദ്, മുഹമ്മദ് സലീം സാഫി, ഫരീദ് അഹമ്മദ് മാലിക്.