- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയ്സാളും കോലിയും ദുബെയും അതിവേഗം മടങ്ങി; മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു നിൽക്കെ രക്ഷകനാകുമെന്ന് കരുതി; നേരിട്ട ആദ്യ പന്തിൽ തന്നെ വിക്കറ്റ് തുലച്ച് സഞ്ജു സാംസൺ; അലക്ഷ്യമായി ഷോട്ടിന് ശ്രമിച്ച് മടക്കം; കേരള ക്യാപ്റ്റൻ പാഴാക്കിയത് സുവർണാവസരം
ബെംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം പൊരുതുന്നു. 4.3 ഓവറുകൾക്കിടെ 22-4 എന്ന നിലയിൽ പതറിയ ഇന്ത്യയെ നായകൻ രോഹിത് ശർമയും റിങ്കു സിംഗും ചേർന്ന് പൊരുതുന്നു. 12 ഓവർ പിന്നിടുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് എന്ന നിലയിലാണ്. യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, ശിവം ദുബെ എന്നിവർക്കൊപ്പം സഞ്ജു സാംസണിന്റെ വിക്കറ്റും ഇന്ത്യക്ക് തുടക്കത്തിലെ നഷ്ടമായി. ട്വന്റി 20 ലോകകപ്പിന് മുമ്പുള്ള അവസാന ട്വന്റി 20 മത്സരത്തിൽ ഗോൾഡൻ ഡക്കായി മങ്ങിയതോടെ സഞ്ജുവിന്റെ പ്രതീക്ഷകൾ പൊലിഞ്ഞു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രോഹിത് ശർമ്മയുടെ പ്രതീക്ഷകളെല്ലാം തകർത്താണ് ടീം ഇന്ത്യ ചിന്നസ്വാമിയിൽ ഇന്നിങ്സ് തുടങ്ങിയത്. പേസർ ഫരീദ് അഹമ്മദ് എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തിൽ യശസ്വി ജയ്‌സ്വാൾ 4 റൺസിനും നാലാം ബോളിൽ വിരാട് കോലി ഗോൾഡൻ ഡക്കായും മടങ്ങി. ഉയർത്തിയടിക്കാനുള്ള ശ്രമത്തിൽ ജയ്‌സ്വാളിനെ മുഹമ്മദ് നബിയും കോലിയെ ഇബ്രാഹിം സദ്രാനുമാണ് പിടികൂടിയത്. നാലാമനായി ക്രീസിലെത്തിയ ശിവം ദുബെ പന്ത് പ്രതിരോധിച്ച് ഹാട്രിക് ഭീഷണി ഒഴിവാക്കി. എന്നാൽ ഇന്നിങ്സിലെ നാലാം ഓവറിലെ അവസാന പന്തിൽ അസ്മത്തുള്ള ഒമർസായിയുടെ പന്തിൽ ബാറ്റ് വെച്ച ദുബെ (6 പന്തിൽ 1) വിക്കറ്റിന് പിന്നിൽ ഗുർബാസിന്റെ പറക്കും ക്യാച്ചിൽ മടങ്ങി.
പിന്നാലെ ക്രീസിലെത്തി ആദ്യ പന്തിൽ അലക്ഷ്യമായി ഷോട്ടിന് ശ്രമിച്ച് സഞ്ജു സാംസണും ഗോൾഡൻ ഡക്കായി. വീണ്ടും ഫരീദിന്റെ ഷോർട് ബോളാണ് ഇന്ത്യക്ക് വിനയായത്. രക്ഷകനായി മാറുമെന്ന് കരുതിയ സഞ്ജു ക്രീസിൽ നിലയുറപ്പിക്കാതെ അതിവേഗം മടങ്ങിയത് ആരാധകരെ നിരാശയിലാക്കി. നേരിട്ട ആദ്യ പന്തിൽ തന്നെ വിക്കറ്റ് തുലച്ചത് കടുത്ത വിമർശനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.
പരമ്പരയിലെ അവസാന മത്സരത്തിൽ കൂടുതൽ താരങ്ങൾക്ക് അവസരം നൽകുക ലക്ഷ്യമിട്ട് മൂന്ന് മാറ്റങ്ങളുമായാണ് ഇരു ടീമുകളും മൈതാനത്തെത്തിയത്. ഇന്ത്യൻ നിരയിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയ്ക്ക് പകരം സഞ്ജു സാംസണും സ്പിന്നർ അക്‌സർ പട്ടേലിന് പകരം കുൽദീപ് യാദവും പേസർ അർഷ്ദീപ് സിംഗിന് പകരം ആവേഷ് ഖാനും പ്ലേയിങ് ഇലവനിലെത്തി
പ്ലേയിങ് ഇലവനുകൾ
ഇന്ത്യ: യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ്മ (ക്യാപ്റ്റൻ), വിരാട് കോലി, ശിവം ദുബെ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, വാഷിങ്ടൺ സുന്ദർ, രവി ബിഷ്‌ണോയി, മുകേഷ് കുമാർ, കുൽദീപ് യാദവ്, ആവേഷ് ഖാൻ.
അഫ്ഗാനിസ്ഥാൻ: റഹ്‌മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റൻ), ഗുൽബാദിൻ നൈബ്, അസമത്തുള്ള ഒമർസായ്, മുഹമ്മദ് നബി, നജീബുള്ള സദ്രാൻ, കരീം ജനാത്ത്, ഷറഫുദ്ദീൻ അഷ്‌റഫ്, ഖ്വായിസ് അഹമ്മദ്, മുഹമ്മദ് സലീം സാഫി, ഫരീദ് അഹമ്മദ് മാലിക്.
സ്പോർട്സ് ഡെസ്ക്