ബെംഗളൂരു: വിമർശിച്ചവർക്ക് ബാറ്റ് കൊണ്ട് മറുപടി നൽകി വീരോചിത സെഞ്ചുറിയുമായി നായകൻ രോഹിത് ശർമ്മ.... കൂട്ടത്തകർച്ചയിൽ നിന്നും കരകയറ്റാൻ നായകന് പിന്തുണ നൽകി തകർപ്പൻ അർധ സെഞ്ചുറിയുമായി റിങ്കു സിംഗും.... അഫ്ഗാനിസ്ഥാന് എതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ 22 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ തകർച്ച നേരിട്ട ഇന്ത്യയെ ഇരുവരും ചേർന്ന് നയിച്ചത് കൂറ്റൻ സ്‌കോറിലേക്ക്. ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ അഫ്ഗാനിസ്താനെതിരേ ഇന്ത്യ ഉയർത്തിയത് 213 റൺസ് വിജയലക്ഷ്യം.

മൂന്നാം ട്വന്റി 20യിൽ ഒരവസരത്തിൽ നാല് വിക്കറ്റിന് 22 റൺസ് എന്ന നിലയിലായിരുന്ന ഇന്ത്യക്ക് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ 190 റൺസാണ് രോഹിത്-റിങ്കു സഖ്യം നേടിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി രോഹിത് സെഞ്ചുറിയും റിങ്കു ഫിഫ്റ്റിയും അടിച്ചപ്പോൾ ടീം 20 ഓവറിൽ അതേ 4 വിക്കറ്റിന് 212 റൺസ് സ്‌കോർ ബോർഡിൽ പടുത്തുയർത്തി. രോഹിത് 69 പന്തിൽ 121* ഉം, റിങ്കു 39 പന്തിൽ 69* ഉം റൺസുമായി പുറത്താവാതെ നിന്നു. അവസാന ഓവറിൽ കരീം ജനാത്തിനെ എന്നിങ്ങനെ 36 റൺസാണ് രോഹിത് ശർമ്മയും റിങ്കു സിംഗും ഒറ്റയ്ക്ക് അടിച്ചുകൂട്ടിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രോഹിത് ശർമ്മയുടെ പ്രതീക്ഷകളെല്ലാം തകർത്താണ് ടീം ഇന്ത്യ ചിന്നസ്വാമിയിൽ ഇന്നിങ്സ് തുടങ്ങിയത്. അഫ്ഗാൻ ബൗളർമാരുടെ ഷോർട് പിച്ച് പന്തുകൾ വിനയായി. പേസർ ഫരീദ് അഹമ്മദ് എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തിൽ യശസ്വി ജയ്‌സ്വാൾ 4 റൺസിനും നാലാം ബോളിൽ വിരാട് കോലി ഗോൾഡൻ ഡക്കായും മടങ്ങി. ഉയർത്തിയടിക്കാനുള്ള ശ്രമത്തിൽ ജയ്‌സ്വാളിനെ മുഹമ്മദ് നബിയും കോലിയെ ഇബ്രാഹിം സദ്രാനുമാണ് പിടികൂടിയത്. നാലാമനായി ക്രീസിലെത്തിയ ശിവം ദുബെ പന്ത് പ്രതിരോധിച്ച് ഹാട്രിക് ഭീഷണി ഒഴിവാക്കി. എന്നാൽ ഇന്നിങ്സിലെ നാലാം ഓവറിലെ അവസാന പന്തിൽ അസ്മത്തുള്ള ഒമർസായിയുടെ പന്തിൽ ബാറ്റ് വെച്ച ദുബെ (6 പന്തിൽ 1) വിക്കറ്റിന് പിന്നിൽ ഗുർബാസിന്റെ പറക്കും ക്യാച്ചിൽ മടങ്ങി.

പിന്നാലെ ക്രീസിലെത്തി ആദ്യ പന്തിൽ അലക്ഷ്യ ഷോട്ടിന് ശ്രമിച്ച് സഞ്ജു സാംസണും ഗോൾഡൻ ഡക്കായി. വീണ്ടും ഫരീദിന്റെ ഷോർട് ബോളാണ് ഇന്ത്യക്ക് വിനയായത്. ഇതോടെ 4.3 ഓവറിൽ ഇന്ത്യ 22-4 എന്ന നിലയിൽ വിയർത്തു. ഇതിന് ശേഷം അഞ്ചാം വിക്കറ്റിൽ രോഹിത് ശർമ്മ-റിങ്കു സിങ് കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്. പതിയെ തുടങ്ങി നിലയുറപ്പിച്ച ശേഷം ഇരുവരും തകർത്തടിച്ചതോടെ മത്സരം ഇന്ത്യയുടെ കൈയിലേക്ക് തിരിച്ചെത്തി. അഫ്ഗാനായി ഫരീദ് അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

12-ാം ഓവറിൽ ഷറഫുദ്ദീൻ അഷ്‌റഫിനെയും 13-ാം ഓവറിൽ ഖ്വായിസ് അഹമ്മദിനെയും പറത്തിയ രോഹിത് ശർമ്മ 41 പന്തിൽ ഫിഫ്റ്റി തികച്ചു. തൊട്ടടുത്ത ഓവറിൽ ഇന്ത്യ 100 കടന്നു. 18-ാം ഓവറിൽ ടീം 150 തൊട്ടു. ഇതിനിടെ 19-ാം ഓവറിൽ അസ്മത്തുള്ളയെ തുടർച്ചയായ സിക്‌സിനും രണ്ട് ഫോറുകൾക്കും പറത്തി രോഹിത് ശർമ്മ 64 ബോളിൽ ഐതിഹാസിക സെഞ്ചുറി തികച്ചു. ഇതോ ഓവറിലെ അവസാന പന്തിൽ സിക്‌സുമായി റിങ്കു സിങ് 36 ബോളിൽ ഫിഫ്റ്റി തികച്ചു. അവസാന ഓവറിൽ ജനാത്തിനെ 36 അടിച്ച ടീം ഇന്ത്യ പടുകൂറ്റൻ സ്‌കോറിലെത്തി.

പരമ്പരയിലെ അവസാന മത്സരത്തിൽ കൂടുതൽ താരങ്ങൾക്ക് അവസരം നൽകുക ലക്ഷ്യമിട്ട് മൂന്ന് മാറ്റങ്ങളുമായാണ് ഇരു ടീമുകളും മൈതാനത്തെത്തിയത്. ഇന്ത്യൻ നിരയിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയ്ക്ക് പകരം സഞ്ജു സാംസണും സ്പിന്നർ അക്‌സർ പട്ടേലിന് പകരം കുൽദീപ് യാദവും പേസർ അർഷ്ദീപ് സിംഗിന് പകരം ആവേഷ് ഖാനും പ്ലേയിങ് ഇലവനിലെത്തി