- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോലിയും സഞ്ജുവും ഗോൾഡൻ ഡക്ക്; കൂട്ടത്തകർച്ചയിൽ നിശബ്ദമായി ചിന്നസ്വാമി സ്റ്റേഡിയം; പിന്നാലെ നായകന്റെ ഇന്നിങ്സുമായി രോഹിത് ശർമ്മ; കാലം കഴിഞ്ഞെന്ന് പരിഹസിച്ചവർക്ക് ബാറ്റ് കൊണ്ട് മറുപടി; ട്വന്റി 20യിൽ അഞ്ച് സെഞ്ചുറി നേടുന്ന ആദ്യ താരം
ബെംഗളൂരു: ബെംഗളൂരുവിലെ ചിന്നസാമി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ സാക്ഷ്യം വഹിച്ചത് നായകൻ രോഹിത് ശർമയുടെ ബാറ്റിങ് ഷോ ആയിരുന്നു. ആദ്യ രണ്ടു മത്സരത്തിൽ പൂജ്യത്തിന് പുറത്തായതിന്റെ ക്ഷീണം തീർത്ത് കൂറ്റൻ സെഞ്ചറിയുമായാണ് രോഹിത് കളം നിറഞ്ഞത്. അഞ്ചാം വിക്കറ്റിൽ റിങ്കു സിംഗിനൊപ്പം വെടിക്കെട്ടുമായി കരിയറിലെ ഏറ്റവും മികച്ച ട്വന്റി 20 സെഞ്ചുറി ബെംഗളൂരുവിൽ കുറിച്ച രോഹിത് റെക്കോർഡ് പുസ്തകത്തിൽ തന്റെ പേരെഴുതി. ട്വന്റി 20 ക്രിക്കറ്റിൽ കാലം കഴിഞ്ഞെന്ന് വിമർശിച്ചവർക്ക് ബാറ്റുകൊണ്ട് മറുപടി നൽകുകയായിരുന്നു ഇന്ത്യൻ നായകൻ. ഒപ്പം അടുത്ത ട്വന്റി 20 ലോകകപ്പിൽ ടീമിനെ നയിക്കാൻ താൻ ഉണ്ടാകുമെന്ന് ആരാധകർക്ക് നൽകുന്ന ഉറപ്പുകൂടിയായി രോഹിതിന്റെ ഇന്നിങ്‌സ്.
തുടക്കത്തിൽ തകർച്ച നേരിട്ട ഇന്ത്യ അഫ്ഗാനെതിരെ മികച്ച സ്‌കോർ പടുത്തുയർത്തുകയായിരുന്നു. 69 പന്തിൽ എട്ടു സിക്‌സറുകളുടെയും 11 ഫോറുകളുടെയും അകമ്പടിയോടെ പുറത്താകാതെ 121 റൺസാണ് രോഹിത് അടിച്ചെടുത്തത്. നാല് വിക്കറ്റിന് 22 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ രോഹിത്തും റിങ്കു സിങ്ങും ചേർന്നാണ് നാല് വിക്കറ്റിന് 212 റൺസ് എന്ന നിലയിലേക്ക് എത്തിച്ചത്. ട്വന്റി20 ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, സ്വന്തം ആത്മവിശ്വാസത്തോടൊപ്പം ടീമിന്റെ ആത്മവിശ്വാസവും തിരിച്ചുപിടിക്കാൻ രോഹിത്തിന്റെ ഈ പ്രകടനം തുണയാകും.
വിരാട് കോലിയും സഞ്ജു സാംസണും പൂജ്യത്തിനും ദുബെയും ജയ്‌സ്‌വാളും നാലും ഒന്നും എടുത്ത് കളം വിട്ടപ്പോൾ, ഒരു ഘട്ടത്തിൽ ഇന്ത്യ 100 റൺസ് പോലും കടക്കില്ലെന്ന് കരുതി. അവിടെയാണ് രോഹിത് ശർമയ്ക്ക് കൂട്ടായി റിങ്കു സിങ് എത്തിയത്. ഇരുവരും ചേർന്ന് നേടിയ 190 റൺസിന്റെ കൂട്ടികെട്ടാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. റിങ്കു 39 ബോളിൽ 69 റൺസാണ് അടിച്ചെടുത്തത്. അതിൽ ആറു സിക്‌സറുകളും രണ്ടു ഫോറും ഉൾപ്പെടും. കരിം ജനത് എറിഞ്ഞ അവസാന ഓവറിൽ 36 റൺസാണ് ഇരുവരും ചേർന്നെടുത്തത്. ഇരുവരുടെയും ബാറ്റിങ് വെടിക്കെട്ടിൽ അവസാന അഞ്ച് ഓവറിൽ 103 റൺസ് ഇന്ത്യൻ സ്‌കോറിലെത്തി.
അന്താരാഷ്ട്ര ടി20-യിൽ അഞ്ച് സെഞ്ചുറികൾ നേടുന്ന ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ രോഹിത് 69 പന്തിൽ നിന്ന് എട്ടു സിക്സും 11 ഫോറുമടക്കം 121 റൺസോടെ പുറത്താകാതെ നിന്നു. ടി20-യിൽ രോഹിത്തിന്റെ ഉയർന്ന സ്‌കോറാണിത്. . അന്താരാഷ്ട്ര ടി20യിൽ അഞ്ച് ശതകങ്ങൾ നേടുന്ന ആദ്യ താരമെന്ന നേട്ടം ഹിറ്റ്മാൻ പേരിലാക്കി. നാല് വീതം സെഞ്ചുറികളുള്ള ഇന്ത്യൻ സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവ്, ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ എന്നിവരെ രോഹിത് മറികടന്നു. 2019 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് ഹിറ്റ്മാന്റെ ബാറ്റിൽ നിന്ന് കുട്ടിക്രിക്കറ്റിലൊരു മൂന്നക്കം പിറക്കുന്നത് എന്ന സവിശേഷതയുമുണ്ട്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ യശസ്വി ജയ്സ്വാൾ (4) മൂന്നാം ഓവറിൽ തന്നെ പുറത്ത്. പിന്നാലെ നേരിട്ട ആദ്യ പന്തിൽ തന്നെ വിരാട് കോലിയും (0) വീണു. ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങിയ ശിവം ദുബെയും (1) വീണതോടെ ഇന്ത്യ പതറി. പിന്നാലെ നാളുകൾക്ക് ശേഷം ലഭിച്ച അവസരം ഗോൾഡൻ ഡക്കോടെ സഞ്ജു സാംസണും (0) കളഞ്ഞുകുളിച്ചതോടെ ഇന്ത്യ 4.3 ഓവറിൽ നാലിന് 22 എന്ന നിലയിലേക്ക് വീണു.
എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച രോഹിത് - റിങ്കു സിങ് സഖ്യം ഇന്ത്യയെ കാത്തു. പതിയെ തുടങ്ങി നിലയുറപ്പിച്ച ശേഷം ഇരുവരും തകർത്തടിച്ചതോടെ മത്സരം ഇന്ത്യയുടെ കൈയിലേക്ക് തിരിച്ചെത്തി. അഫ്ഗാനായി ഫരീദ് അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
സ്പോർട്സ് ഡെസ്ക്