- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂപ്പർ ഓവറിലും സൂപ്പറായി രോഹിത് ശർമ; ഒപ്പം ബിഷ്ണോയ് മാജിക്കും; ഡബിൾ സൂപ്പർ ഓവറിൽ അഫ്ഗാനിസ്ഥാനെ വീഴ്‌ത്തി പരമ്പര തൂത്തുവാരി ഇന്ത്യ; ശ്വാസമടക്കി നെഞ്ചിടിപ്പോടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആരാധകർ; തൊട്ടതെല്ലാം പൊന്നാക്കി ഇന്ത്യൻ നായകൻ
ബെംഗളൂരു: റൺമല ഉയർത്തിയ വമ്പൻ പോരാട്ടത്തിനും ആവേശം 'ടൈ' കെട്ടിയ സൂപ്പർ ഓവറിനുമൊടുവിൽ അഫ്ഗാനിസ്ഥാനെ വീഴ്‌ത്തി തകർപ്പൻ ജയത്തോടെ പരമ്പര തൂത്തുവാരി ഇന്ത്യ. 212 റൺസ് പിന്തുടർന്ന റൺ ഫെസ്റ്റിനൊടുവിൽ സമനില, പിന്നാലെ രണ്ടുവട്ടം സൂപ്പർ ഓവറുകൾ! ഒരു റൺസിന് രണ്ട് വിക്കറ്റ് വീഴ്‌ത്തിയ രവി ബിഷ്‌ണോയ് മാജിക്കിനും ഒടുവിലാണ് രോഹിതും സംഘവും എക്കാലവും ഓർമ്മിക്കപ്പെടുന്ന വിജയം കൈവരിച്ചത്. ചിന്നസ്വാമി സ്റ്റേഡിയം വേദിയായ സൂപ്പർ ത്രില്ലറിൽ മൂന്നാം ട്വന്റി 20യിൽ ഇന്ത്യ മുന്നോട്ടുവെച്ച 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് സമനില പിടിച്ച അഫ്ഗാൻ ആദ്യ സൂപ്പർ ഓവറിൽ 16 റൺസ് പിന്തുടർന്ന് തുല്യത പിടിച്ച ശേഷം രണ്ടാം സൂപ്പർ ഓവറിൽ 10 റണ്ണിന്റെ തോൽവി സമ്മതിക്കുകയായിരുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ എല്ലാ ആവേശവും നിറഞ്ഞ മത്സരത്തിൽ രണ്ടാം സൂപ്പർ ഓവറിൽ രവി ബിഷ്ണോയിയുടെ ബൗളിങ് മികവിൽ അഫ്ഗാനെ കീഴടക്കി ട്വന്റി 20 പരമ്പര തൂത്തുവാരി. എക്കാലത്തെയും മികച്ച പ്രകടനത്തോടെ ഐതിഹാസിക പോരാട്ടവീര്യം കാട്ടിയ അഫ്ഗാന് തലയുയർത്തി മടക്കം.
ഇന്ത്യ ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 212 റൺസിലൊതുങ്ങിയതോടെയാണ് മത്സരം ആദ്യ സൂപ്പർ ഓവറിലേക്ക് നീണ്ടത്. ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി അഫ്ഗാൻ നേടിയത് 16 റൺസ്. മറുപടിയായി ഇന്ത്യയുടെ സൂപ്പർ ഓവർ പോരാട്ടവും 16 റൺസിലൊതുങ്ങിയതോടെ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക്. രണ്ടാം സൂപ്പർ ഓവറിൽ ഇന്ത്യയ്ക്ക് നേടാനായത് 11 റൺസ് മാത്രം. അഞ്ച് പന്തുകൾക്കുള്ളിൽ സൂപ്പർ ഓവറിലെ രണ്ട് വിക്കറ്റും (റിങ്കു സിങ്, രോഹിത് ശർമ) ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാൽ 12 റൺസ് ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ രണ്ട് വിക്കറ്റുകളും (മുഹമ്മദ് നബി, റഹ്‌മാനുള്ള ഗുർബാസ്) വെറും മൂന്ന് പന്തുകൾക്കുള്ളിൽ വീഴ്‌ത്തി ബിഷ്ണോയ് ഇന്ത്യയ്ക്ക് ആവേശ ജയം സമ്മാനിച്ചു.
നേരത്തെ, ടോസ് നേടിയിറങ്ങി ബെംഗളൂരുവിൽ തുടക്കത്തിൽ 4.3 ഓവറിൽ 22-4 എന്ന നിലയിൽ പ്രതിരോധത്തിലായ ടീം ഇന്ത്യയെ 20 ഓവറിൽ 212-4 എന്ന പടുകൂറ്റൻ സ്‌കോറിലേക്ക് രോഹിത് ശർമ്മയുടെ സെഞ്ചുറി നയിച്ചു. ഉറച്ച പിന്തുണയുമായി റിങ്കു സിംഗിന്റെ ഫിറ്റി കരുത്തായി. 64 പന്തിൽ രോഹിത് സെഞ്ചുറിയും 36 ബോളിൽ റിങ്കു അർധസെഞ്ചുറിയും കണ്ടെത്തി. ഇരുവരും അഞ്ചാം വിക്കറ്റിൽ പുറത്താവാതെ 190 റൺസാണ് അടിച്ചുകൂട്ടിയത്. അവസാന ഓവറിൽ കരീം ജനാത്തിനെ അഞ്ച് സിക്‌സും ഒരു ഫോറും സഹിതം 36 റൺസടിച്ച് ഇരുവരും അസ്സലായി ഇന്നിങ്സ് ഫിനിഷ് ചെയ്യുകയായിരുന്നു. രോഹിത് ശർമ്മ 69 പന്തിൽ 121* ഉം, റിങ്കു സിങ് 39 പന്തിൽ 69* ഉം റൺസുമായി പുറത്താവാതെ നിന്നു. യശസ്വി ജയ്‌സ്വാൾ (4), ശിവം ദുബെ (1) എന്നീ സ്‌കോറിൽ മടങ്ങിയപ്പോൾ വിരാട് കോലിയും സഞ്ജു സാംസണും ഗോൾഡൻ ഡക്കായി.
അന്താരാഷ്ട്ര ടി20-യിൽ അഞ്ച് സെഞ്ചുറികൾ നേടുന്ന ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ രോഹിത് 69 പന്തിൽ നിന്ന് എട്ടു സിക്‌സും 11 ഫോറുമടക്കം 121 റൺസോടെ പുറത്താകാതെ നിന്നു. ടി20-യിൽ രോഹിത്തിന്റെ ഉയർന്ന സ്‌കോറാണിത്. 36 പന്തുകൾ നേരിട്ട റിങ്കു ആറ് സിക്‌സും രണ്ട് ഫോറുമടക്കം 69 റൺസെടുത്തു. അഞ്ചാം വിക്കറ്റിൽ 190 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. ടി20-യിൽ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടാണിത്. 2022-ൽ ഡബ്ലിനിൽ അയർലൻഡിനെതിരേ സഞ്ജു സാംസണും ദീപക് ഹൂഡയും ചേർന്നെടുത്ത 176 റൺസ് കൂട്ടുകെട്ട് ഇതോടെ രണ്ടാമതായി. കരിം ജനത് എറിഞ്ഞ അവസാന ഓവറിൽ 36 റൺസാണ് ഇരുവരും ചേർന്നെടുത്തത്. ഇരുവരുടെയും ബാറ്റിങ് വെടിക്കെട്ടിൽ അവസാന അഞ്ച് ഓവറിൽ 103 റൺസ് ഇന്ത്യൻ സ്‌കോറിലെത്തി.
മറുപടി ബാറ്റിംഗിൽ ഇന്ത്യൻ ബൗളർമാർ പ്രതീക്ഷിക്കാത്ത തുടക്കമാണ് അഫ്ഗാൻ സ്വന്തമാക്കിയത്. യാതൊരു കൂസലുമില്ലാതെ കളിച്ച ഇബ്രാഹിം സദ്രാൻ- റഹ്‌മാനുള്ള ഗുർബാസ് സഖ്യം 10 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 85-0 എന്ന സ്‌കോറിലെത്തി. അർധസെഞ്ചുറി തികച്ചതിന് പിന്നാലെ 11-ാം ഓവറിലെ അവസാന പന്തിൽ ഗുർബാസിനെ മടക്കി കുൽദീപ് യാദവ് (32 പന്തിൽ 50) ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. 41 പന്തിൽ 50 എടുത്ത സദ്രാനെ ഒരോവറിന്റെ ഇടവേളയിൽ വാഷിങ്ടസൺ സുന്ദറും മടക്കി. തൊട്ടടുത്ത ബോളിൽ അസ്മത്തുള്ള (ഗോൾഡൻ ഡക്ക്) ഒമർസായിയെയും പറഞ്ഞയച്ച് വാഷിങ്ടൺ ഇന്ത്യക്ക് പ്രതീക്ഷ നൽകി.
വന്നപാടെ അടി തുടങ്ങി ഗുൽബാദിൻ നൈബും മുഹമ്മദ് നബിയും ക്രീസിൽ നിൽക്കേ അഫ്ഗാൻ 15 ഓവറിൽ 145-3 എന്ന നിലയിലായിരുന്നു. ഇതിന് ശേഷമുള്ള രവി ബിഷ്‌ണോയിയുടെ ഓവറിൽ 17 റൺസടിച്ചെങ്കിലും 17-ാം ഓവരിൽ വാഷിങ്ടൺ സുന്ദർ, മുഹമ്മദ് നബിയെ (16 പന്തിൽ 34) മടക്കി. തൊട്ടടുത്ത ഓവറിൽ കരീം ജനാത്തിനെ (2 പന്തിൽ 2) സഞ്ജു സാംസൺ നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടാക്കി. നൈബിനൊപ്പം ഷറഫുദ്ദീൻ അഷ്‌റഫ് ക്രീസിൽ നിൽക്കേ അവസാന രണ്ടോവറിൽ 36 റൺസാണ് അഫ്ഗാന് ജയിക്കാൻ വേണ്ടിയിരുന്നത്. മുകേഷ് കുമാറിന്റെ അവസാന ഓവറിലെ 19 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗൻ വിജയപ്രതീക്ഷയിലായിരുന്നെങ്കിലും അവസാന പന്തിൽ ഡബിളുമായി നൈബ് ത്രില്ലർ സമനിലയിൽ എത്തിക്കുകയായിരുന്നു.
ആദ്യ സൂപ്പർ ഓവർ
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് റൺസേ നേടാനായുള്ളൂ. മുകേഷ് കുമാറിന്റെ ആദ്യ പന്തിൽ ഗുൽബാദിൻ നൈബിനെ രണ്ടാം റണ്ണിനായുള്ള ശ്രമത്തിനിടെ കോലിയുടെ ത്രോയിൽ സഞ്ജു സാംസൺ റണ്ണൗട്ടാക്കി. തൊട്ടടുത്ത പന്തിൽ നബി സിംഗിളും മൂന്നാം ബോളിൽ ഗുർബാസ് ഫോറും കണ്ടെത്തി. നാലാം പന്തിൽ ഗുർബാസ് സിംഗിളിലൊതുങ്ങിയപ്പോൾ 6, 3 എന്നിങ്ങനെയാണ് നബി അവസാന രണ്ട് ബോളിൽ നേടിയത്. ഇന്ത്യയുടെ മറുപടി ബാറ്റിംഗിൽ അസ്മത്തുള്ളയുടെ ആദ്യ രണ്ട് പന്തിൽ സിംഗിളുകളെ രോഹിത്തും ജയ്‌സ്വാളും നേടിയുള്ളൂവെങ്കിലും പിന്നീട് രണ്ട് സിക്‌സുകൾ പറത്തി ഹിറ്റ്മാൻ. അവസാന പന്തിലെ രണ്ട് റൺസ് വിജയലക്ഷ്യം നോട്ടമിട്ട ജയ്‌സ്വാൾ സിംഗിളിലൊതുങ്ങിയതോടെ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് നീണ്ടു.
രണ്ടാം സൂപ്പർ ഓവർ
രണ്ടാം സൂപ്പർ ഓവറിൽ രോഹിത് ശർമ്മയും റിങ്കു സിംഗുമാണ് ഇന്ത്യക്കായി ഇറങ്ങിയത്. രോഹിത് സിക്‌സും ഫോറുമായി തുടങ്ങിയപ്പോൾ നാലാം പന്തിൽ റിങ്കു പുറത്തായി. അഞ്ചാം ബോളിൽ സഞ്ജു സാംസൺ റണ്ണൗട്ടായതോടെ ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു. അഫ്ഗാന് ജയിക്കാൻ വേണ്ടത് 12 റൺസ്. ഇന്ത്യക്കായി പന്തെറിയാനെത്തിയത് സ്പിന്നർ രവി ബിഷ്‌ണോയി. ആദ്യ പന്തിൽ റിങ്കുവിന്റെ ക്യാച്ചിൽ നബി മടങ്ങി. ഗുർബാസും റിങ്കുവിന്റെ ക്യാത്തിൽ മടങ്ങിയതോടെ മൂന്ന് പന്ത് ബാക്കിനിൽക്കേ ഇന്ത്യ രണ്ടാം സൂപ്പർ ഓവറിൽ 10 റൺസിന്റെ വിജയവും പരമ്പര 3-0നും സ്വന്തമാക്കി.
സ്പോർട്സ് ഡെസ്ക്