- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയെ ആദ്യദിനം 251 റൺസിന് എറിഞ്ഞിട്ട് കേരളം

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ കരുത്തരായ മുംബൈയെ ആദ്യദിനം 251 റൺസിൽ ഓൾഔട്ടാക്കി കേരളം. ഭൂപെൻ ലൽവാനി (50), ശിവം ദുബെ (51), തനുഷ് കൊട്ടിയാൻ (56) എന്നിവരുടെ അർധ സെഞ്ചുറി പ്രകടനങ്ങളാണ് മുംബൈ സ്‌കോർ 251-ൽ എത്തിച്ചത്.
തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിൽ നാലു വിക്കറ്റ് വീഴ്‌ത്തിയ ശ്രേയസ് ഗോപാലും രണ്ട് വിക്കറ്റുകൾ വീതം വീഴ്‌ത്തി ബേസിൽ തമ്പിയും ജലജ് സക്സേനയുമാണ് മുംബൈയെ തകർത്തത്. മുംബൈ ക്യാപ്റ്റനും ഇന്ത്യൻ താരവുമായ അജിങ്ക്യ രഹാനെയെ ഗോൾഡൻ ഡക്കാക്കി ബേസിൽ തമ്പി ടീമിനെ ഞെട്ടിച്ചു.അഫ്ഗാനിസ്താനെതിരായ ട്വന്റി 20 പരമ്പരയ്ക്കു ശേഷം കേരള ടീം ക്യാപ്റ്റൻ സ്ഥാനത്ത് തിരിച്ചെത്തിയ സഞ്ജു സാംസൺ നാല് ക്യാച്ചുകളുമായി തിളങ്ങി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് മുംബൈയുടെ ഓപ്പണർ ജയ് ഗോകുൽ ബിസ്തയെ ഇന്നിങ്സിന്റെ ആദ്യ പന്തിലും രഹാനെയെ രണ്ടാം പന്തിലും പുറത്താക്കി ബേസിൽ തമ്പി കേരളത്തിന് തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് രഹാനെ ഗോൾഡൻ ഡക്കാകുന്നത്. ആന്ധ്രക്കെതിരെയും താരം ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു.
ഇന്നിങ്സിലെ ഒരു ഘട്ടത്തിൽ പോലും മുംബൈയെ മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ കേരള ബൗളർമാർ അനുവദിച്ചില്ല. പ്രസാദ് പവാർ (28), സുവേദ് പാർക്കർ (18), മോഹിത് അവാസ്തി (16) എന്നിവരാണ് മുംബൈ നിരയിൽ രണ്ടക്കം കടന്ന മറ്റു താരങ്ങൾ.
നേരത്തേ ഗ്രൂപ്പ് ബിയിൽ ആദ്യ രണ്ട് മത്സരങ്ങളിലും സമനില വഴങ്ങിയ കേരളത്തിന് മുംബൈക്കെതിരായ പോരാട്ടം നിർണായകമാണ്. ഉത്തർ പ്രദേശിനോടും അസമിനോടുമാണ് കേരളം സമനിലയിൽ പിരിഞ്ഞത്. നിലവിൽ ഗ്രൂപ്പ് ബിയിൽ അഞ്ചാം സ്ഥാനത്താണ് കേരളം. അതേസമയം കളിച്ച രണ്ട് മത്സരങ്ങളിലും ഇന്നിങ്സ് ജയം നേടിയ മുംബൈ 14 പോയന്റുമായി ഒന്നാം സ്ഥാനത്താണ്.

